ഓഫ്‌സൈഡ് കുരുക്ക്; അർജന്റീനയുടെ ‘സമനില’ തെറ്റി, മൊറോക്കോയ്ക്ക് ജയം
പാരിസ് അസ്വാഭാവികതയും നാടകീയതയും നിറഞ്ഞ മത്സരത്തിനൊടുവിൽ മൊറോക്കോയ്‌ക്ക് ജയം. അർജന്റീനയ്‌ക്ക് തോൽവി(2–-1). മത്സരം അവസാനിച്ചെന്ന് കരുതവെ, രണ്ട് മണിക്കൂറിന് ശേഷം അരങ്ങേറിയ അപ്രതീക്ഷിത രംഗങ്ങൾക്കൊടുവിലാണ് മൊറോക്കോയുടെ ജയം. പാരിസ് ഒളിമ്പിക്‌സ് ഫുട്‌ബോളിൽ അർജന്റീനയും മൊറോക്കോയും തമ്മിലുള്ള പോരാട്ടമാണ് ചരിത്രത്തിൽ ഇടംപിടിച്ചത്. മത്സരം 2–-2ന് സമനിലയിൽ അവസാനിച്ചു എന്നാണ് ഏവരും കരുതിയത്. എന്നാൽ കളിയുടെ പരിക്കുസമയം കാണികൾ മൈതാനം കൈയേറിയതിനാൽ റഫറി കളി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. പരിക്കുസമയത്തിന്റെ അവസാന നിമിഷം അർജന്റീനയുടെ ക്രിസ്റ്റ്യൻ മെദീന നേടിയ സമനില ഗോൾ ഓഫ്‌സൈഡാണെന്ന് ‘വാർ’ (വീഡിയോ അസിസ്റ്റന്റ് റഫറി) രണ്ട് മണിക്കൂറിനുശേഷം വിധിയെഴുതി. അപ്പോൾ മൂന്ന് മിനിറ്റ് ബാക്കിയായിരുന്നു കളിക്ക്. ആരാധകരെ ഒഴിപ്പിച്ചശേഷം കളി നടന്നു. മൊറോക്കോ 2–-1ന് ജയിച്ചു. ഫുട്‌ബോൾ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മൈതാനത്ത് അരങ്ങേറിയത്. റഫറി കളി സസ്‌പെൻറ് ചെയ്‌താണെന്ന് ആർക്കും മനസ്സിലാവാത്തത് ആശയക്കുഴപ്പം ഇരട്ടിപ്പിച്ചു. ലോകവേദിയിലെ അപ്രമാദിത്വം തുടരാൻ ഒളിമ്പിക്‌സിനെത്തിയ അർജന്റീനയെ മൊറോക്കോ 2–-2ന് തളച്ചു എന്ന് വാർത്തകൾ പരന്നു. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് അർജന്റീന ഗോൾ നേടിയത്. ഇരട്ടഗോളുമായി സൂഫിയാനെ റഹീമിയാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. രണ്ടുതവണ ഒളിമ്പിക് ചാമ്പ്യൻമാരായ അർജന്റീന നിലവിൽ ലോകജേതാക്കളാണ്. കഴിഞ്ഞയാഴ്‌ച കോപ അമേരിക്കയിലും കിരീടമുയർത്തി. ലോകകപ്പ് ചൂടിയ സംഘത്തിലെ മൂന്നു താരങ്ങളുമായാണ് അവർ മൊറോക്കോയെ നേരിട്ടത്. മുതിർന്ന താരം നിക്കോളാസ് ഒട്ടമെൻഡിയും ജൂലിയൻ അൽവാരസും തിയാഗോ അൽമാഡയും കളത്തിലെത്തി. ഖത്തർ ലോകകപ്പിൽ സെമിവരെ കുതിച്ച് അത്ഭുതപ്പെടുത്തിയ മൊറോക്കോ യുവതാരങ്ങളുമായെത്തി കളംപിടിച്ചു. മുൻതാരം ഹാവിയർ മഷ്‌കരാനോ പരിശീലിപ്പിക്കുന്ന അർജന്റീനയായിരുന്നു കടലാസിൽ പുലികൾ. ക്യാപ്‌റ്റൻ അഷ്‌റഫ് ഹക്കീമിയാണ് മൊറോക്കൻ നിരയിലെ ഏക സൂപ്പർതാരം. ഒന്നാംപകുതിയുടെ ഇടവേളയിലായിരുന്നു സൂഫിയാന്റെ ആദ്യഗോൾ. ഇടവേള കഴിഞ്ഞെത്തിയ ഉടൻ പെനൽറ്റിയിലൂടെ ലീഡുയർത്തി. പതറിപ്പോയ അർജന്റീന തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. ഗിലിയാനോ സിമിയോണിയിലൂടെ 68–-ാംമിനിറ്റിൽ ഗോൾമടക്കി. മുൻതാരവും അത്‌ലറ്റികോ മാഡ്രിഡ് ക്ലബ്ബിന്റെ പരിശീലകനുമായ ദ്യോഗോ സിമിയോണിയുടെ മകനാണ് ഗിലിയാനോ. പകരക്കാരനായെത്തിയാണ് ലക്ഷ്യംകണ്ടത്. സമനില പിടിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മൊറോക്കൻ പ്രതിരോധം പിടിച്ചുനിന്നു. 15 മിനിറ്റായിരുന്നു അധികമായി അനുവദിച്ചത്. അവസാനനിമിഷം തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ 16–-ാം മിനിറ്റിൽ മെദീന സമനില സമ്മാനിച്ചു എന്ന് തോന്നിച്ചു. അവസാന വിസിലും മുഴങ്ങി. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം കളിയും ഫലവും മാറിമറിഞ്ഞു. Read on deshabhimani.com