ആകാശം അതിരാക്കി ഡുപ്ലന്റിസ്; പോൾവോൾട്ടിൽ വീണ്ടും ലോക റെക്കോഡ്
പത്താംതവണയും ഡുപ്ലന്റിസ് ചോർസോ (പോളണ്ട്) പുരുഷന്മാരുടെ പോൾവോൾട്ടിൽ സ്വീഡന്റെ അർമൻഡ് ഡുപ്ലന്റിസ് പത്താംതവണയും ലോക റെക്കോഡ് തിരുത്തി. സിലെസിയ ഡയമണ്ട് ലീഗിലാണ് പുതിയ ഉയരമായ 6.26 മീറ്റർ താണ്ടിയത്. പാരിസ് ഒളിമ്പിക്‌സിൽ 6.25 മീറ്റർ ചാടി ലോക റെക്കോഡോടെ സ്വർണം നേടിയിരുന്നു. ഈവർഷം മൂന്നാംതവണയാണ് ഇരുപത്തിനാലുകാരൻ സ്വന്തം ലോകറെക്കോഡ് പുതുക്കുന്നത്. പുരുഷന്മാരുടെ 3000 മീറ്റർ ഓട്ടത്തിൽ 18 വർഷത്തെ ഇടവേളയ്‌ക്കുശേഷം പുതിയ ലോകസമയമുണ്ടായി. നോർവേ താരം ജേക്കബ് ഇങ്ബ്രിജ്‌റ്റ്‌സെൻ ഏഴുമിനിറ്റ് 17.55 സെക്കൻഡിൽ ലോക റെക്കോഡിട്ടു. കെനിയയുടെ ഡാനിയൽ കോമൻ കുറിച്ച 7:20.67 സെക്കൻഡ് മാഞ്ഞു. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‌ലേ 14–-ാംസ്ഥാനത്തായി. ഒളിമ്പിക്‌സ് ഫൈനലിലെത്തിയ ഇരുപത്തൊമ്പതുകാരന് ആ പ്രകടനം ആവർത്തിക്കാനായില്ല. Read on deshabhimani.com