അവാനി പൊന്ന് മനീഷ് വെള്ളി ; പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് നാല് മെഡൽ
പാരിസ് ഇന്ത്യയുടെ അവാനി ലെഖര പൊന്നണിഞ്ഞു. അംഗപരിമിതരുടെ വിശ്വ കായികോത്സവമായ പാരാലിമ്പിക്‌സിൽ വനിതകളുടെ ഷൂട്ടിങ്ങിലാണ് നേട്ടം. തുടർച്ചയായി രണ്ടാംതവണയാണ് സ്വർണം നേടുന്നത്. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരിയാണ്. 10 മീറ്റർ എയർ റൈഫിളിൽ എസ്‌എച്ച്1 വിഭാഗത്തിൽ 249.7 പോയിന്റുനേടിയാണ് ഒന്നാംസ്ഥാനം. ഇത് പാരാലിമ്പിക്‌സ് റെക്കോഡാണ്. ഈ ഇനത്തിൽ മോന അഗർവാൾ 228.7 പോയിന്റുമായി വെങ്കലംസ്വന്തമാക്കി. രണ്ടാംദിനം ഓരോ സ്വർണവും വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. പുരുഷന്മാരുടെ ഷൂട്ടിങ്ങിൽ മനീഷ് നർവാൾ വെള്ളി കരസ്ഥമാക്കി. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്‌റ്റളിൽ എസ്‌എച്ച്1 വിഭാഗത്തിലാണ് നേട്ടം. കഴിഞ്ഞ ഒളിമ്പിക്‌സിൽ ഇരുപത്തിരണ്ടുകാരൻ 50 മീറ്റർ എയർ പിസ്‌റ്റളിൽ സ്വർണം നേടിയിരുന്നു. ഇത്തവണ 234.9 പോയിന്റ് സ്വന്തമാക്കിയാണ് വെള്ളി നേടിയത്. ദക്ഷിണകൊറിയയുടെ ജോ ജിയോങ്ദു 237.4 പോയിന്റുമായി സ്വർണം വെടിവച്ചിട്ടു. ഹരിയാനക്കാരനായ മനീഷ് അഞ്ചാമതായാണ് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നത്. വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടി പ്രീതി പാൽ ചരിത്രംകുറിച്ചു. പാരാലിമ്പിക്‌സ് ട്രാക്കിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽനിന്നുള്ള ഇരുപത്തിമൂന്നുകാരി 100 മീറ്ററിൽ ടി 35 വിഭാഗത്തിൽ 14.21 സെക്കൻഡിലാണ് മൂന്നാംസ്ഥാനം സ്വന്തമാക്കിയത്. ചൈന ആറ് സ്വർണമടക്കം 13 മെഡലുമായി കുതിപ്പുതുടങ്ങി. ഇന്ത്യ നാല് മെഡലുമായി പതിമൂന്നാംസ്ഥാനത്താണ്. Read on deshabhimani.com