തൂവൽ പറക്കുന്നു ; സിന്ധു, ലക്ഷ്യ സെൻ പ്രീക്വാർട്ടറിൽ
പാരിസ് ബാഡ്‌മിന്റണിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയുടെ തൂവൽ പറക്കുന്നു. പി വി സിന്ധുവും ലക്ഷ്യ സെന്നും പ്രീക്വാർട്ടറിലേക്ക് മുന്നേറി. തുടർച്ചയായ മൂന്നാം ഒളിമ്പിക് മെഡൽ ലക്ഷ്യമിടുന്ന സിന്ധു വനിതാ സിംഗിൾസിൽ എസ്‌തോണിയയുടെ ക്രിസ്റ്റിൻ കൂബയെ 21–-5, 21–-10ന് കീഴടക്കിയാണ് പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. പുരുഷ സിംഗിൾസിൽ യുവതാരം ലക്ഷ്യ സെൻ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ മറികടന്നു. സ്‌കോർ 21–-18, 21–-12. രണ്ടാംമത്സരത്തിന് ഇറങ്ങിയ സിന്ധു ക്രിസ്റ്റിൻ കൂബയെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ആദ്യ ഗെയിമിൽ കൂബ അക്കൗണ്ട് തുറക്കുംമുമ്പ് എട്ട് പോയിന്റ് നേടിയാണ് സിന്ധു തുടങ്ങിയത്. എതിരാളിക്ക് ഒരവസരവും നൽകാതെ സമഗ്രാധിപത്യം പുലർത്തിയാണ് അനായാസ ജയം. 2016 റിയോ ഒളിമ്പിക്‌സിൽ വെള്ളിയും 2020 ടോക്യോയിൽ വെങ്കലവും നേടി. പാരിസിലെ ആദ്യമത്സരത്തിൽ മാലദ്വീപിന്റെ ഫാത്തിമത്ത് നബാഹയെ 21–-9, 21–-6ന് തകർത്തിരുന്നു. നിർണായക മത്സരത്തിൽ 50 മിനിറ്റിനുള്ളിൽ ജയിച്ചുകയറിയാണ് ലക്ഷ്യ സെന്നിന്റെ മുന്നേറ്റം. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ ലോക മൂന്നാംറാങ്കുകാരനായ ക്രിസ്റ്റി ലീഡെടുത്തെങ്കിലും പതറാതെ മുന്നേറിയ ലക്ഷ്യ സെൻ മൂന്ന് പോയിന്റ് വ്യത്യാസത്തിൽ ആദ്യ ഗെയിം സ്വന്തമാക്കി. 0–-4നും 2–-8നും പിന്നിട്ടുനിന്നശേഷമാണ് ഇരുപത്തിരണ്ടുകാരന്റെ തിരിച്ചുവരവ്. രണ്ടാംഗെയിമിൽ വ്യക്തമായ ആധിപത്യം പുലർത്തി. ഇതിനുമുമ്പ് ഇരുവരും അഞ്ചുതവണ ഏറ്റുമുട്ടിയപ്പോൾ ഒരിക്കൽമാത്രമാണ് 14–-ാംറാങ്കുള്ള ലക്ഷ്യക്ക് ജയിക്കാനായത്. ആദ്യമത്സരത്തിൽ ഗ്വാട്ടിമാലയുടെ കെവിൻ കോർഡോബയെ ലക്ഷ്യ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, പരിക്കിനെ തുടർന്ന് കോർഡോബ ഒളിമ്പിക്‌സിൽനിന്ന് പിൻമാറിയതോടെ മത്സരഫലം റദ്ദാക്കിയിരുന്നു. രണ്ടാംമത്സരത്തിൽ ബൽജിയത്തിന്റെ ജൂലിയൻ കരാഗിയെ 21–-19, 21–-14ന് തോൽപ്പിച്ചു. Read on deshabhimani.com