ടെർസ്‌റ്റെഗെന് ഗുരുതര പരിക്ക്
മാഡ്രിഡ് > തുടർച്ചയായ ആറാംജയത്തിനിടയിലും ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി. സ്‌പാനിഷ് ലീഗിൽ വിയ്യാറയലിനെതിരായ കളിയിൽ ഗോൾകീപ്പർ മാർക് ആന്ദ്രെ ടെർസ്‌റ്റെഗെന് ഗുരുതരമായി പരിക്കേറ്റു. എട്ടുമാസമെങ്കിലും ജർമൻകാരന് പുറത്തിരിക്കേണ്ടിവരും. പന്ത് ചാടിപ്പിടിക്കുന്നതിനിടെ വലം കാൽമുട്ടിന് പൊട്ടലുണ്ടായി. വേദനകൊണ്ട് പുളഞ്ഞ മുപ്പത്തിരണ്ടുകാരനെ സ്‌ട്രെക്‌ചറിലാണ് കളത്തിൽനിന്ന് കൊണ്ടുപോയത്. വിയ്യാറയലിനെതിരെ 5–-1നാണ് ബാഴ്‌സ ജയിച്ചത്. റോബർട്ട് ലൈവൻഡോവ്‌സ്‌കിയും റഫീന്യയും ഇരട്ടഗോൾ നേടി. പാബ്ലോ ടോറെ മറ്റൊരു ഗോളടിച്ചു. ലെവൻഡോവ്‌സ്‌കിക്ക് ഹാട്രിക് തികയ്‌ക്കാൻ അവസരം കിട്ടിയെങ്കിലും പെനൽറ്റി പാഴാക്കുകയായിരുന്നു. ലീഗിൽ ആറു കളിയിൽ 18 പോയിന്റുമായി ഒന്നാമതാണ് ബാഴ്‌സ. റയൽ മാഡ്രിഡ് 14 പോയിന്റുമായി രണ്ടാമതാണ്. Read on deshabhimani.com