സ്പാനിഷ് ലീഗിൽ ബാഴ്സയ്ക്ക് സ്വന്തം തട്ടകത്തിൽ തോൽവി
ബാഴ്‌സലോണ > സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ ബാഴ്‌സലോണയ്‌ക്ക് ഞെട്ടിക്കുന്ന തോൽവി. സീസണിൽ ആദ്യമായി ലീഗിൽ സ്വന്തംതട്ടകത്തിൽ തോറ്റു. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള ലാൽ പൽമാസ് 2–-1നാണ് ബാഴ്‌സയെ വീഴ്‌ത്തിയത്. ലീഗിലെ മൂന്നാം തോൽവിയാണ്. 15 കളിയിൽ 34 പോയിന്റുമായി ഒന്നാമത് തുടരുന്നുണ്ടെങ്കിലും ഹാൻസി ഫ്‌ളിക്കിന്റെ സംഘം സുരക്ഷിതരല്ല. 30 പോയിന്റുമായി രണ്ടാമതുള്ള റയൽ മാഡ്രിഡിന് രണ്ടുകളി ബാക്കിയുണ്ട്. ലീഗിൽ തുടർച്ചയായി മൂന്നാം കളിയിലാണ് ബാഴ്‌സ ജയമില്ലാതെ അവസാനിപ്പിക്കുന്നത്. 14–-ാംസ്ഥാനത്തുള്ള പൽമാസിന്റെ നാലാം ജയംമാത്രമാണിത്. 1971നുശേഷം ആദ്യമായി ബാഴ്‌സയുടെ തട്ടകത്തിൽ ജയിച്ചു. സാൻഡ്രോ റാമിറെസ് പൽമാസിനെ മുന്നിലെത്തിച്ചു. റഫീന്യയുടെ തകർപ്പൻഗോളിൽ ബാഴ്‌സ ഒപ്പമെത്തിയെങ്കിലും കാര്യമുണ്ടായില്ല. അവസാനഘട്ടത്തിൽ ഫാബിയോ സിൽവ പൽമാസിന്റെ വിജയഗോൾ തൊടുത്തു. ക്ലബ് രൂപീകരിച്ചതിന്റെ 125–-ാം വാർഷിക ആഘോഷത്തിനിടയിലാണ് ബാഴ്‌സയുടെ തോൽവി. കഴിഞ്ഞ ദിവസമായിരുന്നു ആഘോഷം. പക്ഷേ, കളത്തിൽ അതുണ്ടായില്ല. കളിയിൽ ആകെ 26 ഷോട്ടുകളാണ് പായിച്ചത്. ലക്ഷ്യത്തിലേക്ക് എട്ടെണ്ണം. റഫീന്യയുടെ ഫ്രീകിക്ക് പൽമാസ് ഗോൾ കീപ്പർ യാസ്‌പർ സില്ലിസെൺ തകർപ്പൻ നീക്കത്തിലൂടെ തട്ടിയകറ്റുകയായിരുന്നു. പ്രതിരോധക്കാരൻ അലസാൻഡ്രോ ബാൽദെ കളിയുടെ തുടക്കത്തിൽ പരിക്കേറ്റ് പുറത്തുപോയതും തിരിച്ചടിയായി. Read on deshabhimani.com