ബ്രസീലിയൻ കരുത്തിൽ തിരുവനന്തപുരം കൊമ്പൻസ്; സൗഹൃദ മത്സരങ്ങൾക്കായി ഗോവയിലേക്ക്
തിരുവനന്തപുരം > സൂപ്പർ ലീഗ് കേരളയുടെ തിരുവനന്തപുരത്തെ ഫ്രാഞ്ചൈസിയായ തിരുവനന്തപുരം കൊമ്പൻസ് എഫ് സിയുടെ സ്‌ക്വാഡിനെ അവതരിപ്പിച്ചു. ബ്രസീലിൽ നിന്നുള്ള കസർജിയയൊ അകലക് സൊൻയേ ആണ് കൊമ്പൻസിന്റെ പരിശീലകൻ. കൂടാതെ ബ്രസീലിൽ നിന്നുള്ള ആറ് താരങ്ങളും തലസ്ഥാനത്തെ ടീമിനായി ബൂട്ട് കെട്ടും. ഡാവി കൂൻ, ഔതമർ ബിസ്പോ, മാർക്കോസ് വീൽഡർ, സെന്റർ ബാക്ക് റിനാൻ ഹനാരിയോ, പാട്രിക് മോത്ത, മിഷേൽ അമേരിക്കോ എന്നിവരാണ് ബ്രസീലിൽ നിന്നുള്ള താരങ്ങൾ. നാട്ടിലെ പരിശീലനം പൂർത്തിയാക്കിയ ടീം സൗഹൃദ മത്സരങ്ങൾക്കായി ഗോവയിലേക്ക് തിരിക്കും. ഗോവയിൽ മൂന്ന് സൗഹൃദ മത്സരങ്ങളാണ് കൊമ്പൻമാർക്കുള്ളത്. ലീഗിലെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ്‌സിയാണ് കൊമ്പൻസിന്റെ എതിരാളി. സെപ്‌തംബർ പത്തിനാണ് മത്സരം. തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയ്‌ക്കൊപ്പം ഉജ്ജ്വലമായ സീസൺ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പരിശീലകൻ സെർജിയോ അലെക്‌സാൻദ്രേയുടെ വാക്കുകൾ. ‘പുതിയ സാഹചര്യത്തിൽ ഞാൻ സന്തുഷ്ടനാണ്. ബ്രസീലിൽ നിന്നുള്ള താരങ്ങളും നന്നായി പൊരുത്തപ്പെടുകയും ഇണങ്ങുകയും ചെയ്തു. അതൊരു അധിക നേട്ടമാണ്. മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് തിരുവനന്തപുരം കൊമ്പന്മാരെ പ്രതിനിധീകരിക്കാൻ ഇവിടെ എത്തിയത്. കളിക്കിറങ്ങാൻ അവരുടെ കാലുകൾ തരിക്കുന്നു. എല്ലാ ഇന്ത്യക്കാരും മറ്റ് കളിക്കാരും ഊർജ്ജസ്വലരാണ്. ടീമെന്ന നിലയിൽ ഞങ്ങളുടെ ലക്ഷ്യം കിരീടം നേടുകയെന്നത് മാത്രമാണ്. മുന്നേറാൻ എല്ലാവരും തങ്ങളുടെ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കും.' അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയുടെ മുഖ്യപരിശീലകനായ സെർജിയോ അലെക്‌സാന്ദ്രേ യുവേഫ പ്രൊഫഷണൽ ലൈസൻസ് ഉടമയാണ്. അൽ റാംസ് എസ് സി (യുഎഇ), പി എസ് ഐ എസ് സെമാരംഗ് (ലിഗാ 1, ഇന്തോനേഷ്യ), പെർസിരാജ ബാൻഡ ആസേ (ലിഗാ 2, ഇന്തോനേഷ്യ), സുഫാൻബുരി എഫ് സി (തായ് ലീഗ് 2), അൽ-ഷാബ് സി എസ് സി (യുഎഇ) പോലുള്ള ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. Read on deshabhimani.com