ഇംഗ്ലീഷ് പ്രീമിയർ ലീഗ് ; ആറടിച്ച് ചെൽസി
ലണ്ടൻ ആദ്യകളിയിലെ തോൽവിയിൽനിന്ന് ചെൽസിയുടെ ഗംഭീര തിരിച്ചുവരവ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ സീസണിലെ രണ്ടാം മത്സരത്തിൽ വൂൾവ്‌സിനെ 6–-2നാണ് ചെൽസി തകർത്തത്. മറ്റൊരു മത്സരത്തിൽ അഴ്‌സണൽ ആസ്‌റ്റൺ വില്ലയെ രണ്ട് ഗോളിന് കീഴടക്കി. ന്യൂകാസിൽ യുണൈറ്റഡ് ബോണിമൗത്തുമായി സമനിലയിൽ പിരിഞ്ഞു (1–-1). നോനി മഡ്വെക്കെയും കോൾ പാൽമറുമാണ് ചെൽസിക്കായി മിന്നിയത്. മഡ്വെക്കെ ഹാട്രിക് കുറിച്ചു. പാൽമർ ഒരു ഗോളടിച്ചപ്പോൾ മൂന്നെണ്ണത്തിന് അവസരമൊരുക്കി. ഈ സീസണിൽ എത്തിയ ജോയോ ഫെലിക്‌സും ലക്ഷ്യംകണ്ടു. കളി തുടങ്ങി രണ്ടാം മിനിറ്റിൽ നിക്കോളാസ് ജാക്‌സനാണ് ചെൽസിയുടെ ഗോൾവേട്ടയ്‌ക്ക് തുടക്കമിട്ടത്. തുടർന്ന് ചെൽസി യുവനിര കളംപിടിക്കുകയായിരുന്നു. ആദ്യകളിയിൽ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയോടാണ് ചെൽസി തോറ്റത്. അഴ്‌സണൽ ലിയാൻഡ്രോ ട്രൊസാർഡ്, തോമസ് പാർടി എന്നിവരുടെ ഗോളിൽ വില്ലയെ കീഴടക്കി. ഗോൾ കീപ്പർ ഡേവിഡ് റായയുടെ പ്രകടനം അഴ്സണൽ ജയത്തിൽ നിർണായകമായി. Read on deshabhimani.com