ചൈനീസ് കോട്ടയിൽ ഇന്ത്യൻ കൗമാരം
മുൻ ലോക ചെസ് ചാമ്പ്യൻ ടൈഗ്രാൻ പെത്രോസ്യൻ (പഴയ സോവിയറ്റ് യൂണിയൻ) അനുപമമായൊരു ചെസ് ശൈലിയുടെ ഉടമയായിരുന്നു. ചെസ് ബോർഡിലെ ഒളിച്ചിരിക്കുന്ന പ്രതിരോധസ്രോതസ്സുകളെ അത്ഭുതകരമാംവിധം കണ്ടെത്തുകയും പതിയിരിക്കുന്ന അപകടങ്ങളെ അപാര ഘ്രാണശക്തിയോടെ മണത്തറിയുകയും ചെയ്തിരുന്ന പെത്രോസ്യനെ പരാജയപ്പെടുത്തുകയെന്നത് ദുഷ്‌കരമായിരുന്നു. തകർക്കാനാകാത്ത പ്രതിരോധദുർഗങ്ങൾ കെട്ടിപ്പടുത്ത അദ്ദേഹം "ഗ്രാൻഡ് മാസ്റ്റർ ഡ്രോ’ എന്ന ഓമനപ്പേര് സമ്പാദിച്ചു. ഇതേ സവിശേഷതകൾ നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെന്റെ ചെസ് ശൈലിയിൽ നമുക്ക് ദർശിക്കാം. 2017 ആഗസ്‌ത് 10 മുതൽ 2018 നവംബർ 10 വരെ ഡിങ് രാജ്യാന്തര ചെസ് മത്സരങ്ങളിൽ അപരാജിതനായി നിലകൊണ്ടു. 2023ൽ അസ്താനയിൽ നടന്ന ലോകകിരീട പോരാട്ടത്തിൽ റഷ്യൻ സൂപ്പർ ഗ്രാൻഡ് മാസ്റ്റർ ഇയാൻ നിപോംനിഷിക്കെതിരെ പരാജയത്തിന്റെ വക്കിൽനിന്ന് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് ജേതാവായത്. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ എതിരാളിയായ ഇന്ത്യയുടെ ഡി ഗുകേഷിനേക്കാൾ പതിന്മടങ്ങ് പരിചയസമ്പത്തുണ്ട്. ലോകകിരീടനേട്ടത്തിനുശേഷം ദീർഘകാലം ചെസ് ലോകത്തുനിന്ന് ഉൾവലിഞ്ഞ് നിശ്ശബ്ദനായിരുന്നു. അദ്ദേഹം നേരിടുന്ന പ്രശ്നങ്ങളെന്തെന്ന് നമുക്ക് പൂർണമായി തിരിച്ചറിയാനായില്ല. എന്നിരുന്നാലും കഴിഞ്ഞ ലോക ചാമ്പ്യൻഷിപ് വേളമുതൽ വിഷാദരോഗ സംബന്ധിയായ വെല്ലുവിളികളെ താരം നേരിടുന്നുണ്ടെന്നാണ് അറിയുന്നത്. രാജ്യാന്തര ചെസ് വേദിയിലേക്ക് അടുത്തിടെ തിരിച്ചുവന്നിട്ടും പഴയ ഫോമിനരികെ എത്താനാകാത്തതും കളത്തിൽ വിജയം നേടാനാകാത്തതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. പതിനെട്ടുകാരനായ ഗുകേഷാകട്ടെ തന്റെ ചെസ് ജീവിതത്തിലെ ഏറ്റവും സർഗാത്മക കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കാൻഡിഡേറ്റ്സ് മത്സരജേതാവായതും ചെസ് ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടിയതും ആത്മവിശ്വാസം കൂട്ടി. ആക്രമണോത്സുകവും ചങ്കൂറ്റം നിറഞ്ഞതുമായ കരുനീക്കങ്ങളാണ് സവിശേഷത. മികച്ച സൈദ്ധാന്തികമുന്നൊരുക്കമാണ് മറ്റൊരു കരുത്ത്. മാഗ്നസ് കാൾസനടക്കം എല്ലാ ചെസ് പണ്ഡിതരും ഗുകേഷിന് വിജയസാധ്യത പ്രവചിക്കുന്നുണ്ട്. 14 ഗെയിമുകളുള്ള മത്സരത്തിന്റെ ആദ്യപകുതിക്ക് നിർണായകസ്വഭാവമുണ്ടാകും എന്നതിൽ സംശയമില്ല. ഈ പകുതിയിൽ ആര് ലീഡ് നേടുന്നുവോ ആ കളിക്കാരന് അനുകൂലമായി ജയത്തിന്റെ തുലാസ് നിലകൊള്ളും. Read on deshabhimani.com