ന്യൂസിലൻഡിന് വനിതാ ട്വന്റി20 ലോകകപ്പ്; കന്നിക്കപ്പിൽ മുത്തം



ദുബായ്‌ രണ്ടുതവണ ഫൈനലിൽ തോറ്റതിന്റെ നിരാശ മായ്‌ച്ച്‌ ന്യൂസിലൻഡ്‌ വനിതകൾ. ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 32 റണ്ണിന്‌ തോൽപ്പിച്ച്‌ ന്യൂസിലൻഡ്‌ കന്നിക്കിരീടം ചൂടി. പൊരുതിക്കളിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലായിരുന്നു ഇത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലൻഡ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 158 റണ്ണെടുത്തു. മറുപടിക്കെത്തിയ ആഫ്രിക്കക്കാർ നന്നായി തുടങ്ങിയെങ്കിലും തുടർച്ചയുണ്ടായില്ല. ഒമ്പതിന്‌ 126ൽ ഒതുങ്ങി.  ബാറ്റിലും പന്തിലും തിളങ്ങിയ ന്യൂസിലൻഡ്‌ ഓൾ റൗണ്ടർ അമേലിയ കെർ ആണ്‌ ഫൈനലിലെ താരം. ലോകകപ്പിൽ ആറുകളിയിൽ 135 റണ്ണും 15 വിക്കറ്റുമാണ്‌ ഇരുപത്തിനാലുകാരി നേടിയത്‌. സ്‌കോർ: ന്യൂസിലൻഡ്‌ 158/5; ദക്ഷിണാഫ്രിക്ക 126/9. ക്യാപ്‌റ്റൻ ലോറ വൂൾവാർഡ്‌റ്റും ടാസ്‌മിൻ ബ്രിറ്റ്‌സും ചേർന്ന്‌ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മികച്ച തുടക്കമാണ്‌ നൽകിയത്‌. ഏഴാം ഓവറിൽ 50 കടന്നു.  എന്നാൽ, 18 പന്തിൽ 17 റണ്ണെടുത്ത ബ്രിറ്റ്‌സിനെ മടക്കി ഫ്രാൻസ്‌ ജൊനാസ് ദക്ഷിണാഫ്രിക്കയുടെ റണ്ണൊഴുക്കിനെ തടഞ്ഞു. 27 പന്തിൽ 33 റണ്ണെടുത്ത വൂൾവാർഡ്‌റ്റിനെ അമേലിയ കെറും പുറത്താക്കിയതോടെ കളി കിവികളുടെ വരുതിയിലായി. കെറിന്റെ പന്തുകൾ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. നാലോവറിൽ 24 റൺമാത്രം വഴങ്ങി മൂന്ന്‌ വിക്കറ്റാണ്‌ ഈ സ്‌പിന്നർ നേടിയത്‌. പേസർ റോസ്‌മേരി മയറും മൂന്ന്‌ വിക്കറ്റെടുത്തു. ആദ്യം ബാറ്റ്‌ ചെയ്‌ത കിവികൾക്കായി സൂസി ബേറ്റ്‌സ്‌ (31 പന്തിൽ 32), അമേലിഅമ്പത്‌യ കെർ (38 പന്തിൽ 43), ബ്രൂക്ക്‌ ഹല്ലിഡായ്‌ (28 പന്തിൽ 38) എന്നിവർചേർന്നാണ്‌ മികച്ച സ്‌കോറൊരുക്കിയത്‌. കെറിന്റെ ഇന്നിങ്‌സിൽ നാല്‌ ഫോർ ഉൾപ്പെട്ടു. ന്യൂസിലൻഡ്‌ ആദ്യ രണ്ട്‌ പതിപ്പിലും റണ്ണറപ്പായിരുന്നു.   Read on deshabhimani.com

Related News