മുന്നിൽ 900 ; നേഷൻസ് ലീഗിൽ റൊണാൾഡോ ഇന്ന് കളത്തിൽ
ബെൻഫിക്ക യൂറോ കപ്പിനുശേഷം ഒരിക്കൽക്കൂടി യൂറോപ്പിൽ വമ്പൻപോരിന് കളമൊരുങ്ങി. കിരീടം നേടി രണ്ട് മാസത്തിനുള്ളിൽ സ്‌പെയ്‌ൻ വീണ്ടും കളത്തിലേക്ക്. നേഷൻസ് ലീഗിന്റെ ആദ്യറൗണ്ട് മത്സരങ്ങൾക്കാണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യൻമാരായ സ്‌പെയ്‌ൻ സെർബിയയുമായി ഏറ്റുമുട്ടും. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും രംഗത്തുണ്ട്. സ്വന്തം തട്ടകത്തിൽ ക്രൊയേഷ്യയാണ് എതിരാളി. ഇന്ന് ലക്ഷ്യം കണ്ടാൽ ആകെ 900 ഗോൾ കുറിക്കാം മുപ്പത്തൊമ്പതുകാരന്. മറ്റൊരു കളിയിൽ ഡെൻമാർക്ക് സ്വിറ്റ്‌സർലൻഡിനെ നേരിടും. നാളെ ഫ്രാൻസ്–-ഇറ്റലി മത്സരവും നടക്കും. ജർമനി–-ഹംഗറി പോരാട്ടം ശനിയാഴ്‌ചയാണ്. നോക്കൗട്ട് റൗണ്ട് പ്ലേ ഓഫ് മത്സരങ്ങൾ നവംബറിലാണ്. ക്വാർട്ടർ അടുത്തവർഷം മാർച്ചിലാണ്. ലീഗ് എയിൽ ഗ്രൂപ്പ് നാലിലാണ് സ്‌പെയ്‌ൻ. സെർബിയയെ കൂടാതെ ഡെൻമാർക്കും സ്വിറ്റ്‌സർലൻഡുമാണ് മറ്റു ടീമുകൾ. സെർബിയയുമായുള്ള കളിയിൽ സ്‌പെയ്‌നിന്റെ മുൻനിര താരങ്ങളെല്ലാം ഇറങ്ങിയേക്കും. യൂറോയിൽ യുവതാരങ്ങളായ ലമീൻ യമാൽ–-നിക്കോ വില്യംസ് സഖ്യമായിരുന്നു കുതിപ്പിന് ചുക്കാൻ പിടിച്ചത്. റൊണാൾഡോയ്‌ക്ക് മറ്റൊരു നേഷൻസ് ലീഗ് കിരീടമാണ്ലക്ഷ്യം. തൽക്കാലം വിരമിക്കൽ പദ്ധതികളൊന്നുമില്ലെന്ന് പോർച്ചുഗൽ ക്യാപ്‌റ്റൻ വ്യക്തമാക്കിയിരുന്നു. 2018–-19ൽ ചാമ്പ്യൻമാരായിരുന്നു പോർച്ചുഗൽ. ക്രൊയേഷ്യയുമായുള്ള കളി കടുത്തതാകും. Read on deshabhimani.com