ലോക ചെസ് ചാമ്പ്യൻഷിപ് ; ഗുകേഷിന് സമനില
സിംഗപ്പുർ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഡി ഗുകേഷിന് നാലാം ഗെയിമിൽ സമനില. ചൈനീസ് ചാമ്പ്യൻ ഡിങ് ലിറെൻ 42 നീക്കത്തിനൊടുവിൽ സമനില സമ്മതിച്ചു. രണ്ടുപേരും അര പോയിന്റ്‌വീതം നേടി. ആകെ പോയിന്റ് രണ്ടുവീതം. 14 ഗെയിമിൽ ആദ്യം ഏഴര പോയിന്റ് കിട്ടുന്ന കളിക്കാരൻ ലോക ചാമ്പ്യനാകും. അഞ്ചാം ഗെയിം ഇന്ന് നടക്കും. ഒരു ദിവസത്തെ വിശ്രമത്തിനുശേഷമാണ് ഇരുവരും നാലാം ഗെയിമിന് ഇറങ്ങിയത്. വെള്ളക്കരുക്കളുമായി ഡിങ് മികച്ച തുടക്കമായിരുന്നു. എന്നാൽ, താളം കണ്ടെത്തിയ ഗുകേഷ് കറുത്ത കരുവിൽ വിശ്വാസമർപ്പിച്ച് ചൈനീസ് താരത്തിന്റെ മുൻതൂക്കം ഇല്ലാതാക്കി. പിന്നീട് ഇരുവരും സമയമെടുത്ത് കരുനീക്കിയപ്പോൾ സമനില അനിവാര്യമായി. ആദ്യ ഗെയിം ജയിച്ച് മുന്നിലെത്തിയ ഡിങ്ങിനെ മൂന്നാം ഗെയിമിലാണ് ഗുകേഷ് പിടിച്ചത്. രണ്ടാമത്തേത് സമനിലയായിരുന്നു. തുടക്കത്തിൽ ചെറിയ അമ്പരപ്പുണ്ടായെന്ന് ഗുകേഷ് പറഞ്ഞു. എന്നാൽ, പിന്നീട് ആത്മവിശ്വാസം വീണ്ടെടുക്കാനായി. എതിരാളിയുടെ മുൻതൂക്കം ഒഴിവാക്കാൻ സാധിച്ചതും നേട്ടമായെന്ന് പതിനെട്ടുകാരൻ പറഞ്ഞു. Read on deshabhimani.com