ഖേൽരത്ന: ഊഹാപോഹങ്ങൾ വേണ്ട, അവാർഡുകളല്ല ലക്ഷ്യമെന്ന്‌ മനു ഭാക്കർ



ന്യൂഡൽഹി > മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിന്‌ മനു ഭാക്കറിന്റെ  പേര്‌  ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച്‌ ഇന്ത്യൻ ഷൂട്ടർ മനു ഭാക്കർ. അവാർഡുകൾ പ്രചോദനം നൽകുന്നതാണെങ്കിലും അത് തന്റെ ആത്യന്തിക ലക്ഷ്യമല്ലെന്ന് മനു ഭാക്കർ പറഞ്ഞു. “ഒരു കായികതാരമെന്ന നിലയിൽ, എന്റെ രാജ്യത്തിനായി കളിക്കുകയാണ് എന്റെ ലഷ്യം,” ഭാക്കർ പറഞ്ഞു. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തനിക്ക് പ്രചോദനമാണെങ്കിലും അവ തന്റെ യാത്രയെ നിർവചിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ നാമനിർദ്ദേശ പ്രക്രിയയിൽ ഒരു വീഴ്ചയുണ്ടായെന്ന് ഭാക്കർ സമ്മതിക്കുകയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്തു. മനു ഭാക്കർ  ഖേൽരത്‌ന പുരസ്‌കാരത്തിന്‌ അപേക്ഷിച്ചിട്ടില്ലെന്നായിരുന്നു കായിക മന്ത്രാലയത്തിന്റെ വാദം. എന്നാൽ ഭാക്കറിന്റെ പിതാവ് രാം കിഷൻ ഇത്‌ തള്ളി. മനു ഭാക്കർ നാമനിർദ്ദേശം സമർപ്പിച്ചിരുന്നുവെന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാരീസ് ഒളിമ്പിക്സിൽ ടീമിനെ വെങ്കലത്തിലേക്ക് നയിച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങ്, പാരീസ് പാരാലിമ്പിക്‌സിൽ ഏഷ്യൻ റെക്കോഡോടെ പുരുഷൻമാരുടെ ഹൈജംപ് ടി64 ക്ലാസിൽ സ്വർണം നേടിയ പാരാ അത്‌ലറ്റ് പ്രവീൺ കുമാർ എന്നിവരുടെ പേരുകൾ പുരസ്കാരത്തിനുള്ള പരി​ഗണനയിലാണ്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ 12 അംഗ സെലക്ഷൻ കമ്മിറ്റിയാണ് ഇവരുടെ പേരുകൾ നാമനിർദേശം ചെയ്തത്. പാരീസ് ഒളിമ്പിക്സിൽ മനു രണ്ട് വെങ്കല മെഡലുകൾ നേടിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റളിൽ മനു നേടിയ വെങ്കലമായിരുന്നു പാരിസിലെ ആദ്യ ഇന്ത്യൻ മെഡൽ. തുടർന്ന്‌ മിക്‌സഡ്‌ ടീം ഇനത്തിൽ സരബ്‌ജോത്‌ സിങ്ങിനൊപ്പം വെങ്കലം സ്വന്തമാക്കിയിരുന്നു.  ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാക്കർ.   Read on deshabhimani.com

Related News