‘ഏറ്റവും വലിയ പ്രകോപനമുണ്ടാകുമ്പോൾ ശാന്തനായിരിക്കുക’; ഗംഭീറിന്‌ ആശംസകൾ നേർന്ന്‌ ദ്രാവിഡ്‌

രാഹുൽ ദ്രാവിഡ്‌, ഗൗതം ഗംഭീർ. PHOTO: Facebook


ന്യൂഡൽഹി > ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനായി ആദ്യ മത്സരത്തിന്‌ തയ്യാറെടുക്കുന്ന ഗൗതം ഗംഭീറിന്‌ ആശംസകൾ നേർന്ന്‌ മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്‌. ഗംഭീറിന്റെ സഹതാരം കൂടിയായിരുന്ന ദ്രാവിഡ്‌ മുൻ ഇടം കയ്യൻ ബാറ്റർക്ക്‌ ശബ്ദ സന്ദേശത്തിലൂടെയാണ്‌ ആശംസകൾ അറിയിച്ചത്‌. പ്രകോപനമുണ്ടാകുമ്പോൾ ശാന്തനായിരിക്കുക എന്ന്‌ ഗംഭീറിനോട്‌ ദ്രാവിഡ്‌ പറയുന്നു. ദ്രാവിഡിന്റെ സന്ദേശവും ഗംഭീറിന്റെ മറുപടിയും ബിസിസിഐ സോഷ്യൽ മീഡിയകളിലൂടെ പുറത്തു വിട്ടു. ട്വന്റി 20 ലോകകപ്പിലെ വിജയത്തിന്‌ ശേഷമാണ്‌ രാഹുൽ ദ്രാവിഡ്‌ പരിശീലക സ്ഥാനത്ത്‌ നിന്നും ഒഴിഞ്ഞത്‌. പിന്നീട്‌ ഗംഭീർ പരിശീലകനായി എത്തുകയായിരുന്നു. നിലവിൽ പരിശീലകനായുള്ള തന്റെ ആദ്യ മത്സരത്തിനായി ടീമിനോടൊപ്പം ശ്രീലങ്കയിലാണ്‌ ഗംഭീർ. വെള്ളിയാഴ്‌ച വൈകുന്നേരമാണ്‌ ശ്രീലങ്കയുമായുള്ള ആദ്യ മത്സരം. ‘ഒരു ഇന്ത്യൻ പരിശീലകൻ മറ്റൊരു പരിശീലകനോട്,  അവസാനമായി പറയാനുള്ളത് ഒറ്റക്കാര്യം മാത്രം. ഏറ്റവും വലിയ പ്രകോപനമുണ്ടാകുമ്പോൾ ശാന്തനായിരിക്കുക’–- ദ്രാവിഡ്‌ പറഞ്ഞു. ഇന്ത്യൻ ടീമിനെ അതിന്റെ ഏറ്റവും ഉയരത്തിലെത്തിക്കാൻ നിനക്ക്‌ സാധിക്കുമെന്ന്‌ കൂട്ടിച്ചേർത്ത ദ്രാവിഡ്‌ ഗംഭീറിന്‌ എല്ലാ വിധത്തിലുള്ള ആശംസകളും അറിയിച്ചു. ഈ സന്ദേശം തന്നെ വികാരാധീനനാക്കി എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. തന്റെ കൂടെ കളിച്ചിട്ടുള്ളതിൽ ഏറ്റവും നിസ്വാർത്ഥനായ കളിക്കാരനാണ്‌ ദ്രാവിഡ്‌ എന്നും ഗംഭീർ പറഞ്ഞു. Read on deshabhimani.com

Related News