ദുലീപ്‌ ട്രോഫി ചതുർദിന ക്രിക്കറ്റ്‌ ; ഗിൽ, അഭിമന്യു, ഋതുരാജ്‌, ശ്രേയസ്‌ നയിക്കും



മുംബൈ ദുലീപ്‌ ട്രോഫി ചതുർദിന ക്രിക്കറ്റിനുള്ള നാല്‌ ടീമുകളെ പ്രഖ്യാപിച്ചു. ശുഭ്‌മാൻ ഗിൽ (ടീം എ), അഭിമന്യു ഈശ്വരൻ (ടീം ബി), ഋതുരാജ്‌ ഗെയ്‌ക്‌വാദ്‌ (ടീം സി), ശ്രേയസ്‌ അയ്യർ (ടീം ഡി) എന്നിവരാണ്‌ ക്യാപ്‌റ്റൻമാർ. ഋഷഭ്‌ പന്ത്‌, സൂര്യകുമാർ യാദവ്‌, രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്‌ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം സംഘത്തിലുണ്ട്‌. അതേസമയം ഏകദിന–-ടെസ്റ്റ്‌ ക്യാപ്‌റ്റൻ രോഹിത്‌ ശർമ, വിരാട്‌ കോഹ്‌ലി, ജസ്‌പ്രീത്‌ ബുമ്ര, ആർ അശ്വിൻ എന്നിവർക്ക്‌ വിശ്രമം അനുവദിച്ചു. ഹാർദിക്‌ പാണ്ഡ്യയ്‌ക്ക്‌ അവസരം കിട്ടിയില്ല. ശാരീരികക്ഷമത വീണ്ടെടുക്കാത്ത പേസർ മുഹമ്മദ്‌ ഷമിയും പുറത്തായി. മലയാളി വിക്കറ്റ്‌ കീപ്പർ സഞ്ജു സാംസണും അവസരം കിട്ടിയില്ല. മലയാളി പേസർ സന്ദീപ്‌ വാര്യർ ഇടംപിടിച്ചു. സെപ്‌തംബർ അഞ്ചിന്‌ ബംഗളൂരുവിലാണ്‌ ടൂർണമെന്റിന്‌ തുടക്കമാകുന്നത്‌. എല്ലാ ടീമുകളും ഓരോതവണ ഏറ്റുമുട്ടും. ഈ മൂന്ന്‌ കളിയിൽ കൂടുതൽ പോയിന്റുള്ളവർ ചാമ്പ്യൻമാരാകും.   സെലക്‌ഷൻ സമിതി തലവൻ അജിത്‌ അഗാർക്കറാണ്‌ ടീമിനെ തെരഞ്ഞെടുത്തത്‌. ടെസ്റ്റിലേക്കുള്ള ഭാവിയിലെ ഇന്ത്യൻ ടീമിനെ ഒരുക്കുക എന്നതുകൂടി ലക്ഷ്യമുണ്ട്‌. നിലവിൽ ടീമിലുള്ള താരങ്ങളോട്‌ കൂടുതൽ മത്സരപരിചയത്തിനായി ആഭ്യന്തര സീസണിൽ കളിക്കണമെന്ന്‌ നിഷ്‌കർഷിച്ചിരുന്നു. ഇത്‌ കഴിഞ്ഞവർഷം നിരസിച്ച ശ്രേയസ്‌ അയ്യരെയും ഇഷാൻ കിഷനെയും ബിസിസിഐ വാർഷിക കരാറിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. ശ്രേയസ്‌ ഇത്തവണ ഡി ടീം ക്യാപ്‌റ്റനായി. ഇഷാൻ ഇതേ ടീമിൽ വിക്കറ്റ്‌കീപ്പറായി ഇടംപിടിച്ചു. ഇരുവരും തിരിച്ചുവരവിന്റെ പാതയിലാണ്‌. മധ്യനിരയിലെ മുതിർന്ന താരങ്ങളായ ചേതേശ്വർ പൂജാരയെയും അജിൻക്യ രാഹനെയെയും പരിഗണിച്ചില്ല. ഇരുവർക്കും ഇന്ത്യൻ കുപ്പായത്തിൽ ഇനിയൊരു മടങ്ങിവരവുണ്ടാകില്ല. അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ മുഷീർ ഖാന്‌ ഇടംകിട്ടി. ജ്യേഷ്ഠൻ സർഫ്രാസ്‌ ഖാനൊപ്പം ടീം ബിയിലാണ്‌ മുഷീർ കളിക്കുക. വിവിധ മേഖലകൾ തിരിച്ച്‌ ആറ്‌ ടീമുകളായാണ്‌ മുൻസീസണുകളിൽ ദുലീപ്‌ ട്രോഫി നടത്താറുള്ളത്‌. ദക്ഷിണ മേഖലയായിരുന്നു നിലവിലെ ചാമ്പ്യൻമാർ. ഇത്തവണ ഈ രീതി മാറ്റി. സെപ്‌തംബർ 19ന്‌ ആരംഭിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശുമായുള്ള ടെസ്റ്റ്‌ പരമ്പരയ്‌ക്കുള്ള ടീം തെരഞ്ഞെടുപ്പിനെ ടൂർണമെന്റിലെ പ്രകടനം സ്വാധീനിക്കും.   Read on deshabhimani.com

Related News