എൽ ക്ലാസിക്കോയിൽ റയൽ തകർന്നു; സ്വന്തം റെക്കോർഡ്‌ കാത്ത്‌ ബാഴ്‌സ

PHOTO: Facebook/FC Barcelona


മാഡ്രിഡ്‌ > എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനെ തകർത്ത്‌ എഫ്‌സി ബാഴ്‌സലോണ. എതിരില്ലാത്ത നാല്‌ ഗോളുകൾക്കാണ്‌ ബാഴ്‌സ ചിരവൈരികളെ അവരുടെ തട്ടകത്തിൽ പോയി പരാജയപ്പെടുത്തിയത്‌. ജയത്തോടെ ബാഴ്‌സലോണ 11 കളിയിൽ നിന്ന്‌ 30 പോയിന്റുമായി ലീഗിൽ ഒന്നാമത്‌ തുടർന്നു. അത്രയും കളികളിൽ നിന്ന്‌ 24 പോയിന്റുമായി റയൽ മാഡ്രിഡാണ്‌ രണ്ടാമത്‌. റോബർട്ടോ ലെവൻഡോസ്‌കി രണ്ടും ലാമിൻ യമാൽ, റാഫീന്യ എന്നിവർ ഓരോ ഗോൾ വീതവും ബാഴ്‌സലോണയ്‌ക്കായി നേടി. രണ്ടാം പാദത്തിലായിരുന്നു നാല്‌ ഗോളുകളും പിറന്നത്‌. മത്സരത്തിന്റെ ആദ്യ മിനുട്ട്‌ മുതൽ തന്നെ ഇരു ടീമുകളും വാശിയോടെ പന്ത്‌ തട്ടി. റയൽ മാഡ്രിഡ്‌ മുന്നേറ്റ നിര നിരന്തരം എതിർ ഗോൾമുഖത്തേക്കെത്തുയെങ്കിലും ബാഴ്‌സയുടെ ഹൈലൈൻ പ്രതിരോധം ഒരുക്കിയ ഓഫ്‌സൈഡ്‌ ട്രാപ്പിൽ കുരുങ്ങുകയായിരുന്നു. കിലിയൻ എംബാപ്പെ മാത്രം എട്ട്‌ തവണയാണ്‌ ഓഫ്‌സൈഡായത്‌. ബാഴ്‌സലോണയുടെ ഗോളുകൾക്ക്‌ വഴിയൊരുക്കിയത്‌ മാർക്‌ കസാഡോ, റാഫീന്യ, അലക്‌സ്‌ ബാൽദെ, ഇനിഗോ മാർട്ടിനെസ്‌ എന്നിവരാണ്‌. രണ്ടാം പകുതിയിൽ ഫെർമിൻ ലോപസിന്‌ പകരക്കാരനായി ഫ്രങ്കി ഡിയോങ്‌ കളത്തിലെത്തിയതോടെ കളി പൂർണമായും ബാഴ്‌സയുടെ കാലിലാവുകയായിരുന്നു. കറ്റാലൻമാർക്കായി പെഡ്രി, ഗോൾ കീപ്പർ ഇനാകി പെന എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പ്രതിരോധ നിരയുടെ പ്രകടനവും വിജയത്തിൽ നിർണായകമായി. പരാജയത്തോടെ ലാലിഗയിലെ റയൽ മാഡ്രിഡിന്റെ 42 മത്സരങ്ങളുടെ തോൽവിയറിയാത്ത മുന്നേറ്റത്തിനും പര്യവസാനമായി. ഇതോടെ 2017-18 വർഷങ്ങളിൽ ബാഴ്‌സലോണ തോൽവിയറിയാതെ 43 മത്സരങ്ങൾ പൂർത്തിയാക്കിയതിന്റെ റെക്കോർഡ്‌ അവർ തന്നെ കാത്തു. നവംബർ മൂന്നിന്‌ എസ്‌പാന്യോളുമായാണ്‌ ബാഴ്‌സലോണയുടെ അടുത്ത മത്സരം. റയൽ മാഡ്രിഡ്‌ അന്നേ ദിവസം വലൻസിയയോടും ഏറ്റുമുട്ടും. 2025 മെയ്‌ 11നാണ്‌ അടുത്ത എൽ ക്ലാസികോ. ചിലപ്പോൾ സ്‌പാനിഷ്‌ സൂപ്പർ കപ്പിന്റെ ഫൈനലിൽ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടിയേക്കാം. Read on deshabhimani.com

Related News