ഇത്തവണയും കപ്പ് ‘വീട്ടിലേക്കില്ല’
ബെർലിൻ ഇംഗ്ലണ്ട് പതിവുതെറ്റിച്ചില്ല. ‘ഇതാ കപ്പ് വീട്ടിലേക്ക്’ എന്ന സംഘഗാനവുമായി എത്തിയ ഇംഗ്ലീഷുകാർക്ക് തുടർച്ചയായ രണ്ടാംതവണയും യൂറോ ഫൈനലിൽ അടിതെറ്റി. റോമിൽ ചാരമായവർ ബെർലിനിൽ ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. എല്ലാ സ്ഥാനങ്ങളിലും ലോകോത്തര കളിക്കാരുണ്ടായിട്ടും ഇംഗ്ലണ്ട് വീണ്ടും കണ്ണീരോടെ കളംവിട്ടു. തോൽവിയോടെ പരിശീലകൻ ഗാരെത് സൗത്‌ഗേറ്റിന്റെ കസേരയും ഇളകിത്തുടങ്ങി. ഡിസംബറിൽ കരാർ കഴിയുകയാണ്. പുതുക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുൻതാരങ്ങളും ആരാധകരുമെല്ലാം വിമർശവുമായി രംഗത്തുണ്ട്. ലോകവേദിയിൽ 58 വർഷമായി ഇംഗ്ലണ്ടിന് മേൽവിലാസമില്ല. 1966ൽ ലോകചാമ്പ്യൻമാരായതാണ് ഏകനേട്ടം. യൂറോയിൽ കിരീടമില്ല. കഴിഞ്ഞ പതിപ്പിലും ഇത്തവണയും ഫൈനലിൽ കാലിടറി. ഡേവിഡ് ബെക്കാംമുതൽ ജൂഡ് ബെല്ലിങ്‌ഹാംവരെയുള്ള പ്രതിഭകളുടെ നീണ്ടനിര കളത്തിലെത്തിയിട്ടും കാര്യമുണ്ടായില്ല. ഒരിക്കലും ഒരുമയോടെ, ഒരു പദ്ധതിയിൽ കേന്ദ്രീകരിച്ച് ഇംഗ്ലണ്ടിന് കളിക്കാനായിട്ടില്ല. മുൻ താരമായ സൗത്‌ഗേറ്റ് 2016ൽ ചുമതലയേറ്റതോടെയാണ് അൽപ്പം മെച്ചപ്പെട്ടത്. 2018 ലോകകപ്പിൽ നാലാംസ്ഥാനത്തെത്തി. 2022ൽ ക്വാർട്ടറിൽ വീണു. യൂറോയിൽ ഇരട്ട റണ്ണറപ്പുമായി. മികച്ച ആക്രമണനിരയുണ്ടായിട്ടും അമിതപ്രതിരോധം കളിക്കുന്നുവെന്നാണ് സൗത്‌ഗേറ്റ് നേരിടുന്ന പ്രധാന വിമർശം. കോൾ പാൽമെർ, ട്രെന്റ് അലെക്‌സാണ്ടർ ആർണോൾഡ് തുടങ്ങിയ മിന്നുംകളിക്കാരെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ഫൈനലിൽ സ്‌പെയ്‌നിന്റെ ഒത്തൊരുമയ്‌ക്ക് മറുതന്ത്രം ആവിഷ്‌കരിക്കാനും സാധിച്ചില്ല. ‘ഭാവിയെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ല. അത് പിന്നീടാകാം’ എന്നായിരുന്നു സൗത്‌ഗേറ്റിന്റെ പ്രതികരണം. ഈ യൂറോ അവസാനത്തേതായേക്കുമെന്നു പറഞ്ഞിരുന്നു പരിശീലകൻ. Read on deshabhimani.com