യുണൈറ്റഡോ സിറ്റിയോ ; എഫ്എ കപ്പ് ഫൈനൽ ഇന്ന്
വെംബ്ലി വെംബ്ലിയിൽ ഇന്ന് മാഞ്ചസ്റ്റർ യുദ്ധം. എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്കാണ് കലാശക്കളി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ പെപ് ഗ്വാർഡിയോളയുടെ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിനുമുന്നേയുള്ള പരീക്ഷണമാണിത്. സീസണിൽ മൂന്ന് ട്രോഫികൾ ലക്ഷ്യമിടുകയും ചെയ്യുന്നു അവർ. ജൂൺ 10നാണ് ഇന്റർ മിലാനുമായി ഇസ്താംബുളിൽ കിരീടപ്പോരിന് ഇറങ്ങുന്നത്. യുണൈറ്റഡാകട്ടെ ഈ സീസണിൽ എറിക് ടെൻ ഹാഗ് എന്ന ഡച്ച് പരിശീലകനുകീഴിൽ പഴയപ്രതാപം വീണ്ടെടുക്കാനുള്ള പ്രയാണത്തിലാണ്. ലീഗ് കപ്പ് നേടി കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഉറപ്പിച്ചു. രണ്ട് കിരീടവുമായി സീസണിന് ശുഭാവസാനം കുറിക്കുക എന്നതിലാണ് നോട്ടം. എഫ്എ കപ്പിൽ 21–-ാംഫൈനലിനാണ് തയ്യാറെടുക്കുന്നത്. 12 തവണ ജേതാക്കളായി. സിറ്റിക്കിത് 12–-ാംഫൈനലും. ആറുവട്ടം കിരീടമുയർത്തി. എർലിങ് ഹാലണ്ട് എന്ന ഗോളടിയന്ത്രമാണ് സിറ്റിയുടെ തുരുപ്പുചീട്ട്. കെവിൻ ഡി ബ്രയ്നും ഇകായ് ഗുൺഡോവനും ഉൾപ്പെട്ട മിടുക്കുള്ള മധ്യനിരയാണ് എൻജിൻ. ഈ മുന്നേറ്റത്തെ എങ്ങനെ യുണൈറ്റഡ് തടയുമെന്നതിനെ അനുസരിച്ചാകും മത്സരഫലം. അവസാന കളിയിൽ ബ്രെന്റ്ഫോർഡിനോട് തോറ്റാണ് എത്തുന്നതെന്ന ആശങ്ക സിറ്റിക്കുണ്ട്. യുണൈറ്റഡാകട്ടെ പ്രീമിയർ ലീഗിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ സിറ്റിയെ 2–-1ന് വീഴ്ത്തിയിരുന്നു. ഹാലണ്ടിനെ റാഫേൽ വരാനെ സമർഥമായി തളച്ചു. മുന്നേറ്റക്കാരൻ ആന്തണി മാർഷ്യൽ പരിക്കുകാരണം പുറത്തായത് തിരിച്ചടിയായി. ആന്തണിയുടെ കാര്യത്തിലും സംശയമാണ്. Read on deshabhimani.com