ബാഴ്‌സ കുതിക്കുന്നു ; ലെവൻഡോവ്‌സ്‌കിക്ക്‌ ഇരട്ടഗോൾ

image credit FC Barcelona facebook


നൗകാമ്പ്‌ പതിനൊന്ന്‌ മാസത്തെ ഇടവേളയ്‌ക്കുശേഷം യുവതാരം ഗാവി തിരിച്ചെത്തിയ കളിയിൽ ബാഴ്‌സലോണയ്‌ക്ക്‌ ഉജ്വല ജയം. സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ സെവിയ്യയെ 5–-1ന്‌ തകർത്താണ്‌ ബാഴ്‌സ ആഘോഷിച്ചത്‌. ജയത്തോടെ ഒന്നാംസ്ഥാനത്ത്‌ ലീഡുയർത്തി. ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെക്കാൾ മൂന്ന്‌ പോയിന്റ്‌ മുന്നിൽ. പത്ത്‌ കളിയിൽ ഒമ്പതും ജയിച്ചാണ്‌ ഹാൻസി ഫ്‌ളിക്കും സംഘവും കുതിക്കുന്നത്‌. തുടർച്ചയായ മൂന്നാംമത്സരത്തിലാണ്‌ ഇടവേളയ്‌ക്കുമുമ്പ്‌ മൂന്ന്‌ ഗോൾ തൊടുക്കുന്നത്‌. സെവിയ്യക്കെതിരെ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി ഇരട്ടഗോൾ നേടി. പോളണ്ടുകാരന്‌ 12 കളിയിൽ 14 ഗോളായി. അവസാന ആറ്‌ കളിയിൽ 10 ഗോൾ. യൂറോപ്യൻ ലീഗിലെ ഏറ്റവും മികച്ച ഗോളടിക്കാരിൽ മൂന്നാമനായി മുപ്പത്താറുകാരൻ. ജിമ്മി ഗ്രീവ്‌സിന്റെ 366 ഗോളിനൊപ്പമാണ്‌ എത്തിയത്‌. ക്രിസ്‌റ്റ്യാനോ റൊണാൾഡോയും (495) ലയണൽ മെസിയുമാണ്‌ (496) മുന്നിൽ. ഇരുപത്തൊന്നുകാരൻ പാബ്ലോ ടോറെയും ഇരട്ടഗോളടിച്ചു. ഒരെണ്ണം പെഡ്രിയുടെ പേരിലാണ്‌. പകരക്കാരനായെത്തി അവസാനനിമിഷമാണ്‌ ടോറെ മിന്നിയത്‌. കളി തീരാൻ ഏഴ്‌ മിനിറ്റ്‌ ശേഷിക്കെ പെഡ്രിക്ക്‌ പകരക്കാരനായാണ്‌ ഗാവി കളത്തിലെത്തിയത്‌. കാലിനേറ്റ പരിക്കുകാരണം 336 ദിവസമാണ്‌ ഇരുപതുകാരൻ പുറത്തിരുന്നത്‌. കഴിഞ്ഞ നവംബറിൽ ജോർജിയക്കെതിരായ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിലായിരുന്നു സ്‌പാനിഷുകാരന്‌ പരിക്കേറ്റത്‌. പെനൽറ്റിയിലൂടെയായിരുന്നു ബാഴ്‌സയുടെ ആദ്യഗോൾ. റഫീന്യയെ പിക്വെ ഫെർണാണ്ടസ്‌ ബോക്‌സിൽ വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. ലെവൻഡോവ്‌സ്‌കിക്ക്‌ ലക്ഷ്യം തെറ്റിയില്ല. നാല്‌ മിനിറ്റിനുള്ളിൽ പെഡ്രിയുടെ ഗോളെത്തി. ലമീൻ യമാൽ അവസരമൊരുക്കി. ആദ്യപകുതി അവസാനിക്കുംമുമ്പ്‌ ലെവൻഡോവ്‌സ്‌കി ഇരട്ട തികച്ചു. റഫീന്യയായിരുന്നു ഇക്കുറിയും ഗോളിനുപിന്നിൽ. ടോറെയുടെ രണ്ടാംഗോൾ ഫ്രീകിക്കിലൂടെയായിരുന്നു. സീസണിൽ ലീഗിൽ ഒസാസുനയോട്‌ മാത്രമായിരുന്നു ബാഴ്‌സയുടെ തോൽവി. ചാമ്പ്യൻസ്‌ ലീഗിൽ ബയേൺ മ്യൂണിക്കുമായി നാളെ മത്സരമുണ്ട്‌. Read on deshabhimani.com

Related News