ചെസ് ഒളിമ്പ്യാഡ്: ഇന്ത്യ മുന്നോട്ട്
ബുഡാപെസ്റ്റ് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീം തോൽവിയറിയാതെ മുന്നോട്ട്. ആറ് റൗണ്ട് പൂർത്തിയായപ്പോൾ ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ 12 പോയിന്റുമായി ഒന്നാമതാണ്. ഓപ്പൺ വിഭാഗം ആറാംറൗണ്ടിൽ ഹംഗറിയെ (3-–-1) കീഴടക്കി. അർജുൻ എറിഗെയ്സിയും വിദിത് ഗുജറാത്തിയും ജയിച്ചപ്പോൾ ഡി ഗുകേഷിനും ആർ പ്രഗ്നാനന്ദയ്‌ക്കും സമനിലയാണ്. അസർബെയ്ജാൻ, സെർബിയ, ഹംഗറി ബി ടീം, ഐസ്‌ലൻഡ്, മൊറോക്കോ ടീമുകളെ തോൽപ്പിച്ച ഇന്ത്യക്ക് 12 പോയിന്റുണ്ട്. ഏഴാംറൗണ്ടിൽ ചൈനയാണ് എതിരാളി. ആകെ 11 റൗണ്ട് മത്സരമാണ്. വിയറ്റ്നാമിനോട് സമനില വഴങ്ങിയത് ചൈനക്ക് തിരിച്ചടിയായി. ലോക ചാമ്പ്യൻ ഡിങ് ലിറന് തോൽവി പിണഞ്ഞത് ചൈനയെ ഞെട്ടിച്ചു. ലിയം ലിയാണ് ചാമ്പ്യനെ വീഴ്‌ത്തിയത്. വനിതകളിൽ ആറാംറൗണ്ട് വിജയം അർമേനിയക്കെതിരെയാണ് (2.5 –-1.5) ദിവ്യ ദേശ്‌മുഖ് നേടിയ വിജയം നിർണായകമായി. ആർ വൈശാലി, വന്തിക അഗ്രവാൾ, ഡി ഹരിക എന്നിവർക്ക് സമനിലയാണ്. കസാഖ്സ്ഥാൻ, ജമൈക്ക, ചെക്ക്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് ടീമുകളെയാണ് തോൽപ്പിച്ചത്. ഏഴാംറൗണ്ട് ജോർജിയക്കെതിരെയാണ്. പോയിന്റ് പട്ടിക (ഓപ്പൺ) ഇന്ത്യ 12 വിയറ്റ്നാം 11 ചൈന 11 ഇറാൻ 11 വനിതകൾ ഇന്ത്യ 12 ജോർജിയ 11 പോളണ്ട് 11. Read on deshabhimani.com