ഫിഫയുടെ മികച്ചതാരത്തിനുള്ള പുരസ്‌കാരം ; ഒടുവിൽ വിനീഷ്യസ്, തുടർന്ന് ബൊൻമാറ്റി
ദോഹ ഫിഫയുടെ മികച്ചതാരത്തിനുള്ള പുരസ്‌കാരം ബ്രസീലുകാരൻ വിനീഷ്യസ് ജൂനിയറിന്. വനിതകളിലെ മികച്ച ഫുട്‌ബോൾ താരമായി സ്‌പെയ്‌നിന്റെ അയ്‌താന ബൊൻമാറ്റിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനുവേണ്ടി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് വിനീഷ്യസിനെ ആഗോള ഫുട്‌ബോൾ സംഘടനയുടെ ബെസ്‌റ്റാക്കിയത്. ബാലൻ ഡി ഓറിൽ സ്‌പാനിഷുകാരൻ റോഡ്രിക് പിന്നിലായിരുന്നു ഇരുപത്തിനാലുകാരൻ. കഴിഞ്ഞ സീസണിൽ റയലിനായി സ്‌പാനിഷ് ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിലെ മികച്ചതാരവുമായി. ആറ് ഗോളാണ് ചാമ്പ്യൻസ് ലീഗിൽ നേടിയത്. അഞ്ചെണ്ണത്തിന് അവസരമൊരുക്കി. തുടർച്ചയായ രണ്ടാംതവണയാണ് ബൊൻമാറ്റിക്ക് മികച്ച വനിതാതാരത്തിനുള്ള ഫിഫ പുരസ്‌കാരം ലഭിക്കുന്നത്. അർജന്റീന താരം എമിലിയാനോ മാർട്ടിനെസാണ് മികച്ച ഗോൾകീപ്പർ. റയൽ മാഡ്രിഡിന്റെ കാർലോ ആൻസെലൊട്ടിയാണ് മികച്ച പരിശീലകൻ. മികച്ച ഗോളിന് പുസ്‌കാസ് അവാർഡ് മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ അലസാൻഡ്രോ ഗർണാച്ചോയ്‌ക്കാണ്. വനിതകളിൽ സ്വന്തംപേരിലുള്ള ‘മാർത്ത’ പുരസ്‌കാരം ബ്രസീൽ ഇതിഹാസതാരം മാർത്ത തന്നെ സ്വന്തമാക്കി. Read on deshabhimani.com