വാരിയേഴ്‌സിനെ പൂട്ടി ഫോഴ്സ കൊച്ചി
കോഴിക്കോട് സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാംജയം ലക്ഷ്യമിട്ടിറങ്ങിയ കണ്ണൂർ വാരിയേഴ്‌സിനെ സമനിലയിൽ തളച്ച് ഫോഴ്‌സ കൊച്ചി (1–1). ആദ്യപകുതിയുടെ തുടക്കത്തിൽ നേടിയ ഗോളിൽ മുന്നിട്ടുനിന്ന വാരിയേഴ്‌സിനെ കളിയുടെ അവസാനമാണ് ഫോഴ്‌സ പിടിച്ചുകെട്ടിയത്. പതിനെട്ടാംമിനിറ്റിൽ ഗോൾകീപ്പറുടെ പിഴവുമുതലെടുത്ത് കണ്ണൂർ നേടിയ ഗോളിന് 77–-ാംമിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ കൊച്ചി മറുപടി നൽകി. കണ്ണൂരിനായി സ്‌പാനിഷ് മുന്നേറ്റതാരം ഡേവിഡ് ഗ്രാൻഡെയും കൊച്ചിക്കായി മണിപ്പുർ മുന്നേറ്റക്കാരൻ ബസന്ത സിങ്ങും ലക്ഷ്യം കണ്ടു. കൊച്ചി ഫോഴ്‌സയുടെ ഗോൾകീപ്പർ സുഭാഷിഷ് ചൗധരിക്കുവന്ന വലിയ പിഴവാണ് കണ്ണൂരിന്റെ ആദ്യ ഗോളിന് വഴി തുറന്നത്. പ്രതിരോധനിരയിൽനിന്നുള്ള പന്ത് സ്വീകരിച്ച് ലോങ് പാസിന് ശ്രമിക്കവേ സുഭാഷിന് പിഴച്ചു. വലിച്ചടിച്ച പന്ത് ഓടിയടുത്ത ഡേവിഡ് ഗ്രാൻഡേയുടെ ദേഹത്തുതട്ടി വലയിൽ കയറി. ലീഗിൽ ഗ്രാൻഡേയുടെ രണ്ടാംഗോൾ. കണ്ണൂർ വിജയമുറപ്പിച്ചമട്ടിൽ കളി നീങ്ങവേയായിരുന്നു ഗ്യാലറിയെ ത്രസിപ്പിച്ച് ബസന്ത സിങ്ങിന്റെ കിടിലൻ ഗോൾ. മൈതാനത്തിന്റെ പകുതിയിൽവച്ച് നിഥിൻ മധു നീട്ടിയെറിഞ്ഞ പന്ത് കാലിലൊതുക്കിയ ടുണീഷ്യൻ മധ്യനിരക്കാരൻ സെയ്‌ദ് മൊഹമ്മദ് നിദാൽ വലതു വിങ്ങിലൂടെ കുതിച്ചു. വലതുമൂലയിൽനിന്ന് ബോക്‌സിനകത്തേക്ക് ഉയർത്തി നൽകിയ പന്ത് ബസന്ത് പോസ്‌റ്റിലേക്ക് കുത്തിയിട്ടു. കഴിഞ്ഞകളിയിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് കണ്ണൂർ ആദ്യ ഹോം മത്സരത്തിനിറങ്ങിയത്. മുന്നേറ്റത്തിലെ അണ്ടർ 23 താരത്തെമാത്രം മാറ്റി. ഹോം മാച്ചിലേറ്റ പരാജയത്തിൽനിന്ന് കരകയറാൻ ആറ് മാറ്റങ്ങളുമായി ഇറങ്ങിയ കൊച്ചി തുടക്കംമുതൽ ആക്രമിച്ച് കളിച്ചു. പ്രതിരോധനിരയെ മുഴുവനായി മാറ്റിയിരുന്നു. റാഫേൽ അഗസ്‌റ്റോ കളം നിറഞ്ഞു. കണ്ണൂരിന്റെ ഗോളി അജ്‌മൽ പലകുറി രക്ഷകനായി. പിഴവുവരുത്തിയ ഗോളി സുഭാഷിഷ് റോയ് ചൗധരിക്കുപകരം അണ്ടർ 23 താരം ലിയാഖത്ത് അലിഖാനുമായാണ് കൊച്ചി രണ്ടാംപകുതിയിൽ ഇറങ്ങിയത്. കളി പലപ്പോഴും പരുക്കനായപ്പോൾ റഫറിക്ക് ആറ് മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു. രണ്ടു കളിയിൽ നാലു പോയിന്റുമായി കണ്ണൂരാണ് ലീഗിൽ മുന്നിൽ. സമനിലയുടെ ആശ്വാസത്തിൽ കൊച്ചി അക്കൗണ്ട് തുറന്നു.കൊച്ചിയുടെ അടുത്ത കളി 18ന് കലിക്കറ്റ് എഫ്സിക്കെതിരെ കോഴിക്കോട്ടാണ്. കണ്ണൂർ 21ന് തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. ഇന്ന് ‘മലബാർ ഡെർബി’ സൂപ്പർലീഗ് കേരളയിലെ സൂപ്പർ പോര് ഇന്ന് മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടക്കും. ഏറ്റവും അധികം ആരാധകരുള്ള മലപ്പുറം എഫ്‌സിയും കലിക്കറ്റ് എഫ്‌സിയും തമ്മിലാണ് മത്സരം. മലബാറിലെ കരുത്തരുടെ പോരിൽ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. മലബാർ ഡെർബിയിൽ ആരാധകരുടെ ഒഴുക്കായിരിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാത്രി ഏഴരക്കാണ് കളി. Read on deshabhimani.com