സൗത്‌ഗേറ്റ്‌ രാജിവച്ചു ; യൂറോ ഫുട്ബോൾ ഫെെനൽ തോൽവിക്ക് പിന്നാലെ തീരുമാനം

image credit Gareth Southgate facebook


ലണ്ടൻ ഗാരെത്‌ സൗത്‌ഗേറ്റ്‌ ഇംഗ്ലണ്ട്‌ ഫുട്‌ബോൾ ടീം പരിശീലകസ്ഥാനത്തുനിന്ന്‌ രാജിവച്ചു. യൂറോ കപ്പ്‌ ഫൈനലിലെ തോൽവിക്ക്‌ പിന്നാലെയാണ്‌ പ്രഖ്യാപനം. രണ്ട്‌ ദിവസംമുമ്പ്‌ നടന്ന ഫൈനലിൽ സ്‌പെയ്‌നിനോടാണ്‌ ഇംഗ്ലണ്ട്‌ കീഴടങ്ങിയത്‌. യൂറോയിൽ തുടർച്ചയായ രണ്ടാം ഫൈനൽ തോൽവിയായിരുന്നു. 2016 മുതൽ ചുമതലയിലുണ്ട്‌ മുൻതാരംകൂടിയായ സൗത്‌ഗേറ്റ്‌. 102 കളിയിൽ ഇംഗ്ലീഷുകാരെ ഒരുക്കി. ഡിസംബർവരെ കരാറുണ്ടായിരുന്നു. എന്നാൽ, തുടരേണ്ടതില്ലെന്ന്‌ അമ്പത്തിമൂന്നുകാരൻ തീരുമാനിച്ചു. മാറ്റത്തിനുള്ള സമയമായെന്ന്‌ പരിശീലകൻ അറിയിച്ചു. ദേശീയ ടീമിന്റെ പരിശീലകനാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞു. സാം അലർഡൈസിന്‌ പകരമാണ്‌ സൗത്‌ഗേറ്റ്‌ ഇംഗ്ലണ്ടിന്റെ പരിശീലകനായെത്തിയത്‌. 1995 മുതൽ 2004 വരെ ഇംഗ്ലീഷ്‌ കുപ്പായമിട്ട പ്രതിരോധക്കാരനുകീഴിൽ ഭേദപ്പെട്ട പ്രകടനമാണ്‌ ടീം നടത്തിയത്‌. എന്നാൽ, കിരീടം അകന്നു. 1966 ലോകകപ്പിനുശേഷം ഒരു ട്രോഫിക്കായി കാത്തിരിക്കുന്ന ടീമിന്‌ സന്തോഷം നൽകാൻ സൗത്‌ഗേറ്റിനായില്ല. ഒന്നാന്തരം കളിക്കാരുണ്ടായിട്ടും ലക്ഷ്യം കണ്ടില്ല. 2018 ലോകകപ്പിൽ നാലാംസ്ഥാനത്തായിരുന്നു. കഴിഞ്ഞ യൂറോയിലും ഇത്തവണയും റണ്ണറപ്പായി. 102 കളയിൽ 61ലും ജയിച്ചു. 17 തോൽവി, 23 സമനില. വിജയശതമാനം  59.8%. മികച്ച കളിക്കാരുണ്ടായിട്ടും പ്രതിരോധത്തിലൂന്നി കളിക്കുന്നുവെന്നായിരുന്നു പ്രധാന വിമർശം. കൃത്യമായ പദ്ധതിയോടെ ടീമിനെ മുന്നോട്ട്‌ കൊണ്ടുപോകാത്തതും പരാജയമായി. പല കളിക്കാരെയും മികവിന് അനുസരിച്ച് ഉപയോഗിക്കാനുമായില്ല.‍ Read on deshabhimani.com

Related News