ഗിനിയിൽ
 കണ്ണീർക്കളം ; ഫുട്‌ബോൾ ആരാധകർ ഏറ്റുമുട്ടി , 56 പേർ മരിച്ചതായി 
ഔദ്യോഗിക കണക്ക് , മരണസംഖ്യ ഉയർന്നേക്കും



എൻസെറെക്കൊറി (ഗിനി) ഫുട്‌ബോൾ ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഗിനി ദുരന്തക്കളം. ഗിനി നഗരമായ എൻസെറെക്കൊറിയിൽ ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ 56 പേർ കൊല്ലപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. എന്നാൽ, മരണം 100 കവിയുമെന്നാണ്‌ നിഗമനം. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടും. ഗിനിയിലെ പട്ടാള നേതാവും പ്രസിഡന്റുമായ മമാദി ഡൗംബൗയ്‌ക്കായി സംഘടിപ്പിച്ച ടൂർണമെന്റായിരുന്നു. പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. സമാനതകളില്ലാത്ത ദുരന്തമായിരുന്നു ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ സംഭവിച്ചത്‌. റഫറിയുടെ തീരുമാനത്തിനെതിരെ ഒരുകൂട്ടം കാണികൾ കളത്തിൽ ഇറങ്ങിയതോടെയാണ്‌ സംഘർഷം തുടങ്ങിയത്‌. റഫറി വിവാദ തീരുമാനമെടുത്തുവെന്ന്‌ ആരോപിച്ച്‌ സന്ദർശക ടീമായ ലാബെയുടെ ആരാധകർ ആക്രമണം തുടങ്ങി. റഫറിക്കുനേരെയും എതിർ ടീം താരങ്ങൾക്കെതിരെയും കല്ലുകളെറിഞ്ഞു. ഇതോടെ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. സ്‌റ്റേഡിയത്തിന്‌ പുറത്തേക്കും സംഘർഷം വ്യാപിച്ചു. ആൾക്കൂട്ടം അക്രമാസക്തരായി. സ്‌റ്റേഡിയത്തിന്റെ മതിലിന്‌ മുകളിലേക്ക്‌ ആൾക്കൂട്ടം പാഞ്ഞുകയറുന്നതിന്റെ ദൃശ്യങ്ങൾ കാണാമായിരുന്നു. കളത്തിലും പുറത്തുമായി ആളുകൾ വീണുകിടന്നു. ഇതിൽ കുട്ടികളുമുണ്ടായിരുന്നു. ഇതിനിടെ എൻസെറെക്കൊറിയിലെ പൊലീസ്‌ സ്‌റ്റേഷന്‌ അക്രമികൾ തീയിട്ടു. ആയിരക്കണക്കിന്‌ ആളുകൾ കളി കാണാനെത്തിയിരുന്നുവെന്നാണ്‌ റിപ്പോർട്ട്‌. പരിക്കേറ്റവരെക്കൊണ്ട്‌ ആശുപത്രികൾ നിറഞ്ഞു. 2021ലാണ്‌ അട്ടിമറിയിലൂടെ മമാദി ഗിനിയുടെ ഭരണം പിടിച്ചെടുത്തത്‌. അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ്‌ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി ടൂർണമെന്റ്‌ സംഘടിപ്പിക്കുന്നത്‌. Read on deshabhimani.com

Related News