‘ഞാൻ താങ്കളെ ആരാധിക്കുന്നു' ; ഗുകേഷ് ഡിങ്ങിനോട്
സിംഗപ്പുർ ഡിങ് ലിറെൻ യഥാർഥ ചാമ്പ്യനെന്ന് ഡി ഗുകേഷ്. ലോക ചെസ് കിരീടം ഏറ്റുവാങ്ങിയ സമാപനച്ചടങ്ങിലാണ് പുതിയ ചാമ്പ്യന്റെ പ്രതികരണം. മികച്ച പോരാട്ടമാണ് ഡിങ് കാഴ്‌ചവച്ചത്. പൊരുതിനിൽക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് നാം കണ്ടു. ചാമ്പ്യനെപ്പോലെയായിരുന്നു കളി. അദ്ദേഹത്തെ ആരാധിക്കുന്നു. ഈ നിമിഷം ജീവിതത്തിൽ പലതവണ സ്വപ്നം കണ്ടതാണ്. ഓരോ ദിവസവും ഉറങ്ങിയെണീറ്റത് ഇതിനു വേണ്ടിയായിരുന്നുവെന്ന് പറയാൻ മടിയില്ല. ജീവിതത്തിൽ ഇതിൽപ്പരമൊരാനന്ദം വേറെയില്ലെന്നും ഗുകേഷ് പറഞ്ഞു. ട്രോഫിയും സ്വർണമെഡലും പാരിതോഷികമായി 11.45 കോടി രൂപയും ഏറ്റുവാങ്ങി. അവസാന ഗെയിമിൽ ഡിങ്ങിനെ 58 നീക്കത്തിൽ വീഴ്‌ത്തിയാണ് പതിനെട്ടുകാരനായ ഗുകേഷ് പ്രായംകുറഞ്ഞ ലോക ചാമ്പ്യനായത്. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ ഡിങ്ങിന്റെ കരുനീക്കത്തിലെ പിഴവ് മുതലെടുത്താണ് ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ കളി ജയിച്ചത്. 55–--ാം നീക്കത്തിൽ തേരിനെ നീക്കിയതിലുള്ള അബദ്ധമാണ് കളി മാറ്റിമറിച്ചത്. Read on deshabhimani.com