ഹാർദിക്‌ അടുത്ത കളിക്കില്ല ; കിവീസിനെതിരെ അശ്വിൻ, ഷമി, സൂര്യകുമാർ പരിഗണനയിൽ

image credit Hardik Pandya facebook


പുണെ ഇന്ത്യൻ വൈസ്‌ ക്യാപ്‌റ്റനും ഓൾറൗണ്ടറുമായ ഹാർദിക്‌ പാണ്ഡ്യ ന്യൂസിലൻഡിനെതിരായ അടുത്ത മത്സരത്തിൽനിന്ന്‌ പുറത്ത്‌. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വലംകൈയന്‌ പരിക്കേറ്റിരുന്നു. ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലായിരുന്നു സംഭവം. ആദ്യ ഓവർ എറിയാനെത്തിയ ഹാർദിക്‌ മൂന്നാംപന്തിൽ ലിറ്റൺ ദാസിന്റെ ബൗണ്ടറി കാൽകൊണ്ട്‌ തടയാൻ ശ്രമിച്ചു. ഇതിനിടെ തെന്നിവീഴുകയും ചെയ്‌തു. വീഴ്‌ചയിൽ ഇടതു കണങ്കാലിന്‌ പരിക്കേൽക്കുകയായിരുന്നു. പിന്നാലെ കളംവിട്ടു. ആശുപത്രിയിൽ സ്‌കാനിങ്ങിന്‌ വിധേയനുമായി. സ്‌കാനിങ്‌ ഫലം വന്നിട്ടില്ല. മുംബൈയിലെ വിദഗ്‌ധ ഡോക്ടർക്കും സ്‌കാനിങ്‌ റിപ്പോർട്ട്‌ അയച്ചിട്ടുണ്ട്‌. കരുതലിന്റെ ഭാഗമായാണ്‌ ഹാർദിക്കിനെ അടുത്ത കളിയിൽനിന്ന്‌ മാറ്റിനിർത്തുന്നത്‌. നാളെ ധർമശാലയിൽ ന്യൂസിലൻഡുമായാണ്‌ മത്സരം. 29ന്‌ ലഖ്‌നൗവിൽ ഇംഗ്ലണ്ടിനെതിരെ മുപ്പതുകാരൻ കളിക്കുമെന്നാണ്‌ പ്രതീക്ഷ. ഹാർദിക്കിന്റെ അഭാവത്തിൽ കിവികൾക്കെതിരെ ആര്‌ എത്തുമെന്ന്‌ ഉറപ്പില്ല. പേസ്‌ ബൗളറെയാണ്‌ പരിഗണിക്കുന്നതെങ്കിൽ മുഹമ്മദ്‌ ഷമി എത്തും. മറിച്ചാണെങ്കിൽ സ്‌പിന്നർ ആർ അശ്വിൻ ഇടംപിടിക്കും. ബാറ്റ്‌ ചെയ്യുമെന്ന ആനുകൂല്യവും മുപ്പത്തേഴുകാരനുണ്ട്‌. ഒരു ബാറ്ററെക്കൂടി ഉൾപ്പെടുത്തി ബാറ്റിങ്‌നിര ശക്തിപ്പെടുത്താൻ തീരുമാനിച്ചാൽ സൂര്യകുമാർ യാദവ്‌ ഇടംപിടിക്കും. ഇഷാൻ കിഷനും അവസരം കാത്തിരിപ്പുണ്ട്‌. ഇടംകൈയൻ എന്ന പരിഗണനയും ഇഷാന്‌ ലഭിച്ചേക്കാം. Read on deshabhimani.com

Related News