ജയത്തോടെ ഗോകുലം ; ഐ ലീഗ് ആദ്യ കളിയിൽ ശ്രീനിധിയെ തോൽപ്പിച്ചു



ഹൈദരാബാദ് ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സി ജയത്തോടെ തുടങ്ങി. ശ്രീനിധി ഡെക്കാനെ 3–-2ന്‌ കീഴടക്കി. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ്‌ തിരിച്ചടിച്ചത്‌. ഉറുഗ്വേ താരം മാർട്ടിൻ ഷാവേസ്‌, സ്‌പാനിഷ്‌ വിങ്ങർ നാച്ചോ അബെലെഡൊ, തർപ്യൂയ എന്നിവരാണ്‌ ഗോകുലത്തിനായി ഗോളടിച്ചത്‌. ശ്രീനിധിക്കായി ലാൽരോമാവിയയും ഡേവിഡ്‌ കസ്‌റ്റനെഡയും ലക്ഷ്യംകണ്ടു. പന്തടക്കവും മുന്നേറ്റവുമായി ഗോകുലം കളം നിറഞ്ഞെങ്കിലും ഇടവേളയ്‌ക്ക്‌ പിരിയാൻ അഞ്ചു മിനിറ്റുള്ളപ്പോൾ ശ്രീനിധിയാണ്‌ ലീഡ്‌ നേടിയത്‌. ലാൽരോമാവിയയുടെ ഗോൾ ശ്രീനിധിയുടെ ആവേശമുയർത്തി. ലീഡ്‌ കൂട്ടാനുള്ള ശ്രമം ഗോകുലം പ്രതിരോധക്കാർ പണിപ്പെട്ടാണ്‌ തടഞ്ഞത്‌.  രണ്ടാംപകുതിയിൽ മുഴുവൻ ഊർജവും നൽകി കളിച്ച ഗോകുലം 60–-ാംമിനിറ്റിൽ സമനിലകണ്ടു. ഷാവേസിന്റെ മിടുക്കായിരുന്നു ഗോൾ. അവസാന 10 മിനിറ്റിൽ പൊരിഞ്ഞ കളിയായിരുന്നു. ഈ സമയത്ത്‌ മൂന്ന്‌ ഗോൾ പിറന്നു. 84–-ാംമിനിറ്റിൽ അബെലെഡൊ ഗോകുലത്തിന്‌ ലീഡ്‌ നൽകി. പരിക്കുസമയത്ത്‌ മിസോറം താരം തർപ്യൂയ ലീഡുയർത്തി. അടുത്ത സെക്കൻഡിൽ ഒരു ഗോൾ തിരിച്ചടിച്ച്‌ ശ്രീനിധി സ്വന്തം കാണികൾക്കുമുന്നിൽ തിളങ്ങി. രണ്ടുതവണ ജേതാക്കളായ ഗോകുലം മൂന്ന്‌ പോയിന്റുമായി പട്ടികയിൽ തലപ്പത്തെത്തി. അടുത്തമത്സരം 29ന്‌ റിയൽ കാശ്‌മീരുമായി അവരുടെ തട്ടകത്തിലാണ്‌. മറ്റൊരു മത്സരത്തിൽ ഇന്റർ കാശി ഒരു ഗോളിന്‌ ബംഗളൂരു സ്‌പോർട്ടിങ് ക്ലബ്ബിനെ തോൽപ്പിച്ചു. ഇന്ന്‌ ഡൽഹി എഫ്‌സി നാംധാരി ക്ലബ്ബിനെയും ഡെമ്പോ ഗോവ ഐസ്വാൾ എഫ്‌സിയെയും നേരിടും. അതിനിടെ ക്ലബ്ബുകൾ ആവശ്യപ്പെട്ടപ്രകാരം മത്സരങ്ങൾ സോണി നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. അടുത്ത റൗണ്ടുമുതലായിരിക്കും തത്സമയം. എസ്‌എസ്‌ഇഎൻ ആപ്പിലും കളി കാണാം. Read on deshabhimani.com

Related News