ഗുൺഡോവൻ ബാഴ്‌സ വിട്ട് സിറ്റിയിലെത്തി; കരാർ ഒരുവർഷത്തേക്ക്
ലണ്ടൻ മധ്യനിര താരം ഇകായ് ഗുൺഡോവൻ ഇംഗ്ലീഷ് പ്രീമിയർ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയിൽ തിരിച്ചെത്തി. സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിൽനിന്നാണ് വരവ്. നിലവിൽ ഒരു വർഷത്തേക്കാണ് കരാർ. വേണമെങ്കിൽ ഒരു വർഷംകൂടി നീട്ടാനാകും. 2016ൽ പെപ് ഗ്വാർഡിയോള സിറ്റിയിൽ പരിശീലകനായെത്തിയശേഷമുള്ള ആദ്യ കരാറായിരുന്നു ഗുൺഡോവന്റേത്. തുടർന്ന് ഏഴ് വർഷം ജർമനിക്കാരൻ സിറ്റി മധ്യനിരയിൽ കളിച്ചു. ക്യാപ്‌റ്റനുമായി. കഴിഞ്ഞവർഷമാണ് ബാഴ്‌സയിൽ ചേർന്നത്. സ്‌പാനിഷ് ലീഗിൽ ഒന്നാന്തരം തുടക്കമായിരുന്നെങ്കിലും ഗുൺഡോവനെ നിലനിർത്താനുള്ള സാമ്പത്തികശേഷി ബാഴ്‌സയ്‌ക്കുണ്ടായില്ല. ക്ലബ്ബിൽ ഏറ്റവും കൂടുതൽ വരുമാനം ഗുൺഡോവനാണ്. കടുത്ത സാമ്പത്തിക നിയന്ത്രണത്തിലുള്ള ബാഴ്‌സയ്‌ക്ക് അതിനാൽത്തന്നെ പുതിയ കളിക്കാരെ രജിസ്‌റ്റർ ചെയ്യാനും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഗുൺഡോവനെ ഒഴിവാക്കാൻ തീരുമാനിച്ചത്. ക്ലബ്ബിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നായിരുന്നു മുപ്പത്തിമൂന്നുകാരന്റെ പ്രതികരണം. സിറ്റിക്കായി 304 മത്സരങ്ങളിൽ 60 ഗോൾ നേടിയിട്ടുണ്ട്. Read on deshabhimani.com