പെർത്തിൽ പേസ്‌ ആക്രമണം ; ആദ്യദിനം വീണത്‌ 
17 വിക്കറ്റുകൾ

image credit bcci facebook


പെർത്ത്‌ കൊണ്ടും കൊടുത്തും ബോർഡർ–-ഗാവസ്‌കർ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ വാശിയേറിയ തുടക്കം. പെർത്തിൽ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ ആദ്യദിനം പേസർമാർ അരങ്ങുവാണു. 17 വിക്കറ്റാണ്‌ ആദ്യദിനം കടപുഴകിയത്‌. മുഴുവനും പേസർമാർക്ക്‌. ഇന്ത്യ 150ൽ തീർന്നപ്പോൾ ഓസീസിനും ആദ്യ ഇന്നിങ്‌സ്‌ മികച്ചതായില്ല. 67 റണ്ണെടുക്കുന്നതിനിടെ ഏഴ്‌ വിക്കറ്റ്‌ നഷ്ടമായി. മൂന്ന്‌ വിക്കറ്റ്‌ ശേഷിക്കെ 83 റൺ പിന്നിൽ. ടോസ്‌ നേടിയ ക്യാപ്‌റ്റൻ ജസ്‌പ്രീത്‌ ബുമ്ര ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. 49.4 ഓവറിൽ ഇന്ത്യ ബാറ്റ്‌ താഴ്‌ത്തി. അരങ്ങേറ്റക്കാരൻ നിതീഷ്‌ കുമാർ റെഡ്ഡിയും (59 പന്തിൽ 41) വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തും (78 പന്തിൽ 37) മാത്രമാണ്‌ പൊരുതാൻ ശ്രമിച്ചത്‌. പക്ഷേ, പന്തേറിൽ ഓസീസിനേക്കാൾ മികച്ചതായി ഇന്ത്യയുടെ പ്രകടനം. നാല്‌ വിക്കറ്റുമായി ബുമ്ര മുന്നിൽനിന്ന്‌ നയിച്ചപ്പോൾ മുഹമ്മദ്‌ സിറാജ്‌ രണ്ടും അരങ്ങേറ്റക്കാരൻ ഹർഷിത്‌ റാണ ശേഷിച്ച വിക്കറ്റും സ്വന്തമാക്കി. ആദ്യദിനം കളി നിർത്തുമ്പോൾ 19 റണ്ണോടെ അലെക്‌സ്‌ കാരിയും ആറ്‌ റണ്ണുമായി മിച്ചെൽ സ്‌റ്റാർക്കുമാണ്‌ ക്രീസിൽ. ഓസീസ്‌ മണ്ണിൽ 72 വർഷത്തിനിടെ ആദ്യമായാണ്‌ ഒന്നാംദിനം 17 വിക്കറ്റ്‌ കടപുഴകുന്നത്‌. ബൗൺസും സ്വിങ്ങും കിട്ടിയ പിച്ചിൽ ബുമ്രയായിരുന്നു  താരം. ചെറിയ സ്‌കോറിൽ വീണിട്ടും ഇന്ത്യൻ ടീമിന്‌ ആത്മവിശ്വാസം പകരുന്ന പ്രകടനമാണ്‌ ക്യാപ്‌റ്റൻ പുറത്തെടുത്തത്‌. 10 ഓവറിൽ മൂന്ന്‌ മെയ്‌ഡൻ ഉൾപ്പെടെ 17 റൺ  വഴങ്ങിയായിരുന്നു നാല്‌ വിക്കറ്റ്‌ പ്രകടനം. അരങ്ങേറ്റക്കാരൻ നതാൻ മക്‌സ്വീനിയെ (10) വിക്കറ്റിന്‌ മുന്നിൽ കുരുക്കിയായിരുന്നു തുടക്കം. അമ്പയർ ഔട്ട്‌ നൽകാത്തതിനെ തുടർന്ന്‌ റിവ്യൂ നൽകുകയായിരുന്നു. മൂന്നാമനായെത്തിയ മാർണസ്‌ ലബുഷെയ്‌നെ ബുമ്രയുടെ തകർപ്പൻ പന്തിൽ വിരാട്‌ കോഹ്‌ലി വിട്ടുകളഞ്ഞു. പക്ഷേ, അത്‌ തിരിച്ചടിയായില്ല. അടുത്ത ഓവറിൽ ഉസ്‌മാൻ ഖവാജയെ (8) കോഹ്‌ലിയുടെ കൈളിലെത്തിച്ചു. സ്‌റ്റീവൻ സ്‌മിത്തിനെ (0) നേരിട്ട ആദ്യ പന്തിൽ വിക്കറ്റിന്‌ മുന്നിൽ കുരുക്കി. സ്വന്തം തട്ടകത്തിൽ സ്‌മിത്ത്‌ ഈ രീതിയിൽ പുറത്താകുന്നത്‌ ആദ്യം. അപകടകാരിയായ ട്രാവിസ്‌ ഹെഡിന്റെ (11) കുറ്റിതെറിപ്പിച്ച്‌ ഹർഷിത്‌ അരങ്ങേറ്റം മനോഹരമാക്കി. ഒരുതവണ ആയുസ്സ്‌ കിട്ടിയ ലബുഷെയ്‌ന്‌ അത്‌ മുതലാക്കാനായില്ല. 52 പന്ത്‌ നേരിട്ട്‌ രണ്ട്‌ റൺ മാത്രം നേടാനായ വലംകൈയൻ ബാറ്ററെ സിറാജ്‌ വിക്കറ്റിന്‌ മുന്നിൽ കുരുക്കുകയായിരുന്നു. മിച്ചെൽ മാർഷിനെയും (6) സിറാജ്‌ മടക്കി. ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസിനെ (3) ഋഷഭ്‌ പന്തിന്റെ കൈയിലെത്തിച്ച്‌ ബുമ്ര ആദ്യദിനം ഇന്ത്യയുടെ പേരിലാക്കി. പുതുമുഖങ്ങളായ നിതീഷിനെയും ഹർഷിതിനെയും ഉൾപ്പെടുത്തിയാണ്‌ ഇന്ത്യ ഇറങ്ങിയത്‌. ദേവ്‌ദത്ത്‌ പടിക്കൽ, ധ്രുവ്‌ ജുറേൽ എന്നിവരും ടീമിൽ ഇടംകണ്ടു. സ്‌പിന്നറായി വാഷിങ്‌ടൺ സുന്ദർ എത്തിയപ്പോൾ ആർ അശ്വിനും രവീന്ദ്ര ജഡേജയും പുറത്തിരുന്നു. ഇന്ത്യൻ ബാറ്റിങ്‌ നിര പൂർണമായും നിരാശപ്പെടുത്തി. യശസ്വി ജയ്‌സ്വാളും ദേവ്‌ദത്തും റണ്ണെടുത്തില്ല. കെ എൽ രാഹുൽ 26 റണ്ണുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വിവാദ തീരുമാനത്തിൽ മടങ്ങി. വിരാട്‌ കോഹ്‌ലി (5) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ജുറേൽ 11 റണ്ണാണ്‌ നേടിയത്‌. സുന്ദർ നാലും. ജോഷ്‌ ഹാസെൽവുഡ്‌ 13 ഓവറിൽ 29 റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. കമ്മിൻസും സ്‌റ്റാർക്കും മാർഷും രണ്ട്‌ വിക്കറ്റ്‌ വീതം നേടി. Read on deshabhimani.com

Related News