കോട്ടകെട്ടി ഇന്ത്യ ; ജയ്‌സ്വാളും രാഹുലും തിളങ്ങി
പെർത്ത് ആദ്യദിനം പേസർമാരുടെ അരങ്ങായ പെർത്തിൽ രണ്ടാംദിനം ഇന്ത്യൻ ഓപ്പണർമാരുടെ റൺകൊയ്‌ത്ത്. യശസ്വി ജയ്‌സ്വാളിന്റെയും (90) കെ എൽ രാഹുലിന്റെയും (62) തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ ബലത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ പിടിമുറുക്കി. രണ്ടാംദിനം രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്ണെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സിൽ 40 റൺ ലീഡ് നേടിയ ഇന്ത്യക്ക് ആകെ 218 റണ്ണിന്റെ ലീഡായി. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് 104നാണ് അവസാനിച്ചത്. ഇന്ത്യക്കായി ക്യാപ്‌റ്റൻ ജസ്‌പ്രീത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്‌ത്തി. സ്‌കോർ: ഇന്ത്യ 150, 172/0; ഓസ്‌ട്രേലിയ 104 ആദ്യദിനം 17 വിക്കറ്റായിരുന്നു പെർത്തിൽ വീണത്. എന്നാൽ, രണ്ടാംദിനം പിച്ചിന്റെ സ്വഭാവം മാറി. ജയ്‌സ്വാളും രാഹുലും പ്രതിരോധത്തിൽ ഉറച്ചുനിന്നപ്പോൾ ഓസീസ് പേസർമാർ പന്തെറിഞ്ഞ് വശംകെട്ടു. 123 പന്തിലാണ് ജയ്‌സ്വാൾ അർധസെഞ്ചുറി പൂർത്തിയാക്കിയത്. രാഹുൽ 124 പന്തിൽ 50 തികച്ചു. അർധസെഞ്ചുറി പൂർത്തിയാക്കിയശേഷം ജയ്‌സ്വാൾ ഇന്നിങ്‌സിന് വേഗംകൂട്ടി. രണ്ട് സിക്‌സറും ഏഴ് ഫോറും ഇരുപത്തിരണ്ടുകാരന്റെ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ഈ വർഷം 34 സിക്‌സറായി ഇടംകൈയന്. രാഹുലിന്റെ ഇന്നിങ്‌സിൽ നാല് ഫോറാണ്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 67 റണ്ണെന്ന നിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസിന് തുടക്കത്തിൽത്തന്നെ ബുമ്രയുടെ പ്രഹരംകിട്ടി. മൂന്നു റൺ കൂട്ടിച്ചേർക്കുന്നതിനിടെ അലെക്‌സ് കാരിയെ (21) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. സ്‌കോർ 79ൽ നിൽക്കെ നതാൻ ല്യോണിനെ (5) ഹർഷിത് റാണയും മടക്കി. അവസാന വിക്കറ്റിൽ മിച്ചെൽ സ്‌റ്റാർക്കും (26) ജോഷ് ഹാസെൽവുഡും (7) ചേർന്നാണ് ഓസീസ് സ്‌കോർ 100 കടത്തിയത്. 79 പന്ത് നേരിട്ട ഈ സഖ്യം 25 റൺ കൂട്ടിച്ചേർത്തു. ഓസീസ് ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. സ്‌റ്റാർക്കിനെ പുറത്താക്കി ഹർഷിതാണ് ഓസീസിനെ കൂടാരം കയറ്റിയത്. അരങ്ങേറ്റക്കാരൻ ആകെ മൂന്ന് വിക്കറ്റ് നേടി. Read on deshabhimani.com