വിജയത്തുടർച്ചയ്‌ക്ക്‌ ഇന്ത്യ ; ഓസ്ട്രേലിയയുമായുള്ള രണ്ടാംടെസ്റ്റ്‌ വെള്ളിയാഴ്‌ച

image credit bcci facebook


അഡ്‌ലെയ്‌ഡ്‌ വിജയത്തുടർച്ചയ്‌ക്ക്‌ ഇന്ത്യ ഒരുങ്ങുന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാംക്രിക്കറ്റ്‌ ടെസ്റ്റിന്‌ വെള്ളിയാഴ്‌ച അഡ്‌ലെയ്‌ഡിൽ തുടക്കമാകും. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇത്‌ പകൽ–-രാത്രി മത്സരമാണ്‌. പിങ്ക്‌ പന്തിലാണ്‌ കളി. ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ. ഒപ്പം ക്യാപ്‌റ്റൻ രോഹിത്‌ ശർമ, ശുഭ്‌മാൻ ഗിൽ എന്നിവർ തിരിച്ചെത്തുന്ന സന്തോഷത്തിലും. ഓസീസാകട്ടെ സ്വന്തംമണ്ണിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്‌. ന്യൂസിലൻഡിനെതിരെ നാട്ടിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയശേഷം ഓസ്‌ട്രേലിയയിൽ എത്തിയ ഇന്ത്യക്ക്‌ ആദ്യ കളിക്കിറങ്ങുംമുമ്പ്‌ ആശങ്കകളായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ക്യാപ്‌റ്റൻ രോഹിത്‌ പിൻമാറി. കൂടാതെ ഗിൽ പരിക്കേറ്റ്‌ പുറത്തായി. സൂപ്പർതാരം വിരാട്‌ കോഹ്‌ലി ഉൾപ്പെടെ വിശ്വസ്‌തരെല്ലാം മോശം ഫോമിൽ. ഒരു ടെസ്റ്റ്‌ മാത്രം നയിച്ച്‌ പരിചയമുള്ള ജസ്‌പ്രീത്‌ ബുമ്ര നായകനും. എന്നാൽ, എല്ലാ പ്രതിസന്ധികളും മറികടന്ന്‌ പെർത്തിൽ ടീം വിജയക്കൊടി പാറിച്ചു. യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ എന്നിവർ ബാറ്റ്‌കൊണ്ട്‌ മിന്നി. 16 മാസങ്ങൾക്കുശേഷം കോഹ്‌ലിയുടെ ബാറ്റ്‌ സെഞ്ചുറിയിൽ തൊട്ടു. പന്തിൽ ബുമ്ര നയിച്ചു. പുതുമുഖം ഹർഷിത്‌ റാണയും മുഹമ്മദ്‌ സിറാജും വേഷം ഗംഭീരമാക്കി. പ്രൈം മിനിസ്‌റ്റേഴ്‌സ്‌ ഇലവനുമായുള്ള സന്നാഹമത്സരത്തിലും വിജയിച്ചു. മികവ്‌ തുടരാനാണ്‌ രോഹിതും സംഘവും തയ്യാറെടുക്കുന്നത്‌. ക്യാപ്‌റ്റനും ഗില്ലും മടങ്ങിയെത്തുന്നതോടെ ദേവ്‌ദത്ത്‌ പടിക്കലും ധ്രുവ്‌ ജുറെലും പുറത്തിരിക്കും. പേസ്‌ നിരയിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. അഡ്‌ലെയ്‌ഡ്‌ ഓവലിൽ നല്ല ഓർമകളല്ല ഇന്ത്യക്ക്‌. 2020ൽ 36 റണ്ണിന്‌ പുറത്തായതിന്റെ മുറിവ്‌ ഉണങ്ങിയിട്ടില്ല. അന്ന്‌ ചീട്ടുകൊട്ടാരംപോലെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ തകർന്നടിഞ്ഞു. ഇതുകൂടി മനസ്സിലിട്ടാണ്‌ ടീമിന്റെ തയ്യാറെടുപ്പ്‌. ആദ്യം ബാറ്റ്‌ ചെയ്യുന്നവർക്കാണ്‌ പൊതുവെ മുൻതൂക്കം. രാത്രി സമയങ്ങളിൽ പേസർമാർക്കും ആനുകൂല്യം ലഭിക്കും. ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നത്‌. പരമ്പര തുടങ്ങുംമുമ്പ്‌ അഞ്ച്‌ കളിയിൽ 4–-0 വിജയം അനിവാര്യമായിരുന്നു. ദക്ഷിണാഫ്രിക്ക ശ്രീലങ്കയെയും ഇംഗ്ലണ്ട്‌ ന്യൂസിലൻഡിനെയും തോൽപ്പിച്ചത്‌ ഇന്ത്യക്ക്‌ കൂടുതൽ സാധ്യതയൊരുക്കുന്നു. പരമ്പര 3–-0, 4–-0, 4–-1, 5–-0 വ്യത്യാസത്തിൽ നേടിയാൽ മറ്റു മത്സരങ്ങളെ ആശ്രയിക്കാതെ നേരിട്ട്‌ ഫൈനലിലെത്താം. പുതിയ സാഹചര്യത്തിൽ പരമ്പര സമനിലയായാൽപ്പോലും സാധ്യത അടയുന്നില്ല. Read on deshabhimani.com

Related News