‘അഡ്ലെയ്ഡ് പേടി’ ; ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്‌റ്റ് ഇന്നുമുതൽ
അഡ്‌ലെയ്‌ഡ് പെർത്തിൽ തുടങ്ങിയത് അഡ്‌ലെയ്‌ഡിലും തുടരാൻ ഇന്ത്യ. മറുവശത്ത് പെർത്തിലെ തോൽവിക്ക് മറുപടി നൽകാൻ ഓസ്‌ട്രേലിയയും. ബോർഡർ–-ഗാവസ്‌കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിന് ഇറങ്ങുമ്പോൾ പിങ്ക് പന്തിലാണ് പരീക്ഷണം. പകൽ രാത്രി മത്സരം. അതിനാൽത്തന്നെ പേസർമാരുടെ പോരായിരിക്കും ഇക്കുറിയും. ആദ്യദിനം മഴയ്‌ക്ക് സാധ്യതയുണ്ട്. ഇന്ത്യൻ സമയം രാവിലെ 9.30ന് കളി ആരംഭിക്കും. അഡ്‌ലെയ്‌ഡിൽ ഇതിനുമുമ്പ് ഇറങ്ങിയപ്പോൾ അപമാനത്തിന്റെ പടുകുഴിയിൽ വീണതാണ് ഇന്ത്യൻ ടീം. 36 റണ്ണിനാണ് രണ്ടാം ഇന്നിങ്‌സിൽ കൂടാരം കയറിയത്. ശേഷം രണ്ട് ടെസ്‌റ്റ് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയത് മറ്റൊരു ചരിത്രം. പെർത്തിൽ 295 റണ്ണിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ഇന്നിങ്‌സിൽ ബാറ്റിങ് നിര പരാജയപ്പെട്ടപ്പോൾ ബൗളർമാർ മിടുക്കുകാട്ടി. രണ്ടാം ഇന്നിങ്‌സിൽ ബാറ്റർമാർ താളംകണ്ടെത്തിയതോടെ വമ്പൻ ജയം കൈവന്നു. ക്യാപ്‌റ്റൻ രോഹിത് ശർമ തിരിച്ചെത്തുന്നതാണ് ശ്രദ്ധേയകാര്യം. മുൻനിര ബാറ്റർ ശുഭ്‌മാൻ ഗില്ലും ഇന്ന് കളിക്കും. ദേവ്‌ദത്ത് പടിക്കലും ധ്രുവ് ജുറേലും പകരം പുറത്തിരിക്കും. മറ്റു മാറ്റങ്ങളുണ്ടാകില്ല. ഓപ്പണർമാരായി യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും തുടരുമെന്ന് രോഹിത് വ്യക്തമാക്കി. അഞ്ചാംനമ്പറിലായിരിക്കും ക്യാപ്‌റ്റൻ കളിക്കുക. ഏറെക്കാലത്തിനുശേഷമാണ് രോഹിത് ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറിനിൽക്കുന്നത്. സമീപകാലത്ത് മോശം പ്രകടനമാണ് മുപ്പത്തേഴുകാരന്റേത്. അവസാന 10 ഇന്നിങ്‌സിൽ 52 റൺ മാത്രം. ഓസ്‌ട്രേലിയൻ മണ്ണിൽ 63 റണ്ണാണ് മികച്ച സ്‌കോർ. ആറാംനമ്പറിലാണ് ഇറങ്ങിയത്. 2018–-19ൽ ആയിരുന്നു ഇത്. മറുവശത്ത് പേസർ ജോഷ് ഹാസെൽവുഡ് ഇല്ലാത്തത് ഓസീസിന് തിരിച്ചടിയാണ്. എന്നാൽ, പകരക്കാരനായെത്തുന്ന സ്‌കോട് ബോളൻഡ് തകർപ്പൻ ബൗളറാണ്. രണ്ട് പകൽ രാത്രി ടെസ്‌റ്റിൽനിന്നായി ഏഴ് വിക്കറ്റുണ്ട് ബോളണ്ടിന്. ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, രോഹിത് ശർമ, ഋഷഭ് പന്ത്, വാഷിങ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്. ഓസ്‌ട്രേലിയ: ഉസ്‌മാൻ ഖവാജ, നതാൻ മക്‌സ്വീനി, മാർണസ് ലബുഷെയ്‌ൻ, സ്‌റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചെൽ മാർഷ്, അലെക്‌സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചെൽ സ്‌റ്റാർക്, നതാൻ ല്യോൺ, സ്‌കോട് ബോളൻഡ്. Read on deshabhimani.com