ഗാബയിൽ ചരിത്രം 
തുടരാൻ ഇന്ത്യ ; ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ഇന്ന് ബ്രിസ്ബെയ്നിൽ

image credit bcci facebook


ബ്രിസ്‌ബെയ്‌ൻ ഉജ്വലജയത്തിന്റെ ഓർമകളിൽ ആത്മവിശ്വാസം വീണ്ടെടുത്ത്‌ ഇന്ത്യ ഇറങ്ങുന്നു. ഓസ്‌ട്രേലിയക്കെതിരായ ബോർഡർ–-ഗാവസ്‌കാർ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ട്രോഫിയിലെ മൂന്നാംമത്സരം ഇന്ന്‌ ബ്രിസ്‌ബെയ്‌നിലെ ഗാബ സ്‌റ്റേഡിയത്തിൽ നടക്കും. പുലർച്ചെ 5.50നാണ്‌ കളി. അഞ്ചുമത്സരപരമ്പര 1–-1ന്‌ തുല്യമാണ്‌. പെർത്തിലെ ആദ്യകളിയിൽ തകർപ്പൻ ജയം നേടിയ ഇന്ത്യ രണ്ടാംടെസ്റ്റിൽ തകർന്നടിഞ്ഞു. അഡ്‌ലെയ്‌ഡിൽ നടന്ന പിങ്ക്‌ പന്ത്‌ ടെസ്റ്റിൽ 10 വിക്കറ്റിന്‌ കീഴടങ്ങി. ബാറ്റിലും പന്തിലും ഒരുപോലെ മങ്ങി. ക്യാപ്‌റ്റൻ രോഹിത്‌ ശർമയും ശുഭ്‌മാൻ ഗില്ലും തിരിച്ചെത്തിയിട്ടും കാര്യമുണ്ടായില്ല. ഓസീസ്‌ പേസിനുമുന്നിൽ വിരണ്ടുപോയി. എന്നാൽ, ഗാബ സ്‌റ്റേഡിയത്തിൽ 2021ൽ നേടിയ ഐതിഹാസിക ജയത്തിന്റെ ഓർമയിലാണ്‌ ഇന്ത്യ. അന്ന്‌ തോൽവിയിൽനിന്ന്‌ ശുഭ്‌മാൻ ഗില്ലിന്റെയും ഋഷഭ്‌ പന്തിന്റെ മാസ്‌മരിക പ്രകടനത്തിൽ ഇന്ത്യ ജയം നേടുകയായിരുന്നു; പരമ്പര വിജയവും. ഇന്ന്‌ ഗാബയിൽ ഇറങ്ങുമ്പോൾ പഴയതുപോലെ തിരിച്ചുവരവാണ്‌ ടീം ലക്ഷ്യമിടുന്നത്‌. ക്യാപ്‌റ്റൻ രോഹിതിന്റെ ഫോമിൽ ആശങ്കയുണ്ട്‌. ഓപ്പണർ സ്ഥാനത്തേക്ക്‌ വലംകൈയൻ തിരിച്ചെത്തിയേക്കും. കെ എൽ രാഹുൽ മധ്യനിരയിൽ ബാറ്റേന്തും. ടീമിൽ മാറ്റങ്ങളുണ്ടാകും. പേസർ ഹർഷിത്‌ റാണയ്‌ക്കുപകരം ആകാശ്‌ ദീപ്‌ എത്തും. ആർ അശ്വിനുപകരം വാഷിങ്‌ടൺ സുന്ദർ ഇടംപിടിക്കാനും സാധ്യതയുണ്ട്‌. ഓസീസാകട്ടെ ആദ്യതോൽവിയിൽനിന്ന്‌ മികച്ച ജയവുമായി മടങ്ങിയെത്തിയതിന്റെ ഊർജത്തോടെയാണ്‌ കളത്തിലെത്തുന്നത്‌. എന്നാൽ, ഗാബയിൽ അവസാന നാല്‌ ടെസ്റ്റിൽ രണ്ടിലും തോൽവിയായിരുന്നു ആതിഥേയർക്ക്‌. ബാറ്റിങ്‌നിരയിൽ വിശ്വസ്തനായ സ്റ്റീവ്‌ സ്‌മിത്തിന്റെ പ്രകടനത്തിലും ആശങ്കയുണ്ട്‌. പരമ്പരയിൽ ആകെ 19 റണ്ണാണ്‌ ഈ മുൻ ക്യാപ്‌റ്റന്‌. 24 ഇന്നിങ്‌സുകൾക്കിടെ ഒരു സെഞ്ചുറി പോലുമില്ല. ഓസീസ്‌നിരയിൽ സ്‌കോട്‌ ബോളൻഡിനുപകരം ജോഷ്‌ ഹാസെൽവുഡ്‌ തിരിച്ചെത്തും. ഗാബയിലെ പിച്ച്‌ പേസർമാരോട്‌ എന്നും കൂറ്‌ കാണിക്കുന്നതാണ്‌. ഈ രീതിയിലാണ്‌ ഇത്തവണയും പിച്ച്‌ ഒരുക്കിയിരിക്കുന്നത്‌. Read on deshabhimani.com

Related News