ട്രാവിസ് ഹെഡിനും സ്റ്റീവ് സ്മിത്തിനും സെഞ്ചുറി; ഒസീസ് 405/7, ബുമ്രയ്ക്ക് അഞ്ച് വിക്കറ്റ്



ബ്രിസ്ബെയ്ൻ> ബോർഡർ-ഗാവസ്‌കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. സെഞ്ചുറിയുമായി ട്രാവിസ് ഹെഡും (160 പന്തിൽ 152), സ്റ്റീവ് സ്മിത്തുമാണ് (190 പന്തിൽ 101) ഓസീസിനെ നയിച്ചത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ  405/7 എന്ന നിലയിലാണ് ഓസീസ്. അലക്സ് കാരി (47 പന്തിൽ 43), മിച്ചൽ സ്റ്റാർക്ക് (7 പന്തിൽ 7) എന്നിവരാണ് ക്രീസിൽ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര അഞ്ചു വിക്കറ്റുകൾ നേടി. മുഹമ്മദ് സിറാജും നിതീഷ് റെഡ്ഡിയും ഓരോ വിക്കറ്റ് നേടി. ബ്രിസ്‌ബെയ്‌നിലെ ഗാബ സ്‌റ്റേഡിയത്തിലെ മത്സരത്തിന്റെ ആദ്യ ദിനം മഴ മുടക്കിയിരുന്നു. 13.2 ഓവർ കളിമാത്രമാണ് സാധ്യമായത്. വിക്കറ്റ് നഷ്ടപ്പെടാതെ ഓസീസ് 28 റണ്ണെടുത്തു. രണ്ടാം ദിനം തുടക്കത്തിൽ പത്ത് റൺസ് കൂട്ടിചേർക്കും മുമ്പ് ഓസീസിന് ഉസ്‌മാൻ ഖവാജയുടെയും (21) നഥാൻ മക്‌സ്വീനിയുടെയും (9)വിക്കറ്റുകൾ നഷ്ടമായി. ബുമ്രയാണ് ഇരുവരെയും പുറത്താക്കിയത്. നിതീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ മാർനസ് ലബുഷെയ്നും (12) പുറത്തായി. പിന്നീട് കളത്തിലിറങ്ങിയ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ഓസീസിനെ നയിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും 241 റൺസാണ് കൂട്ടിച്ചേർത്തത്. സെഞ്ചുറി പൂർത്തിയതോടെ പിന്നാലെ സ്മിത്തിനെ ജസ്പ്രീത് ബുമ്ര പുറത്താക്കി. പിന്നാലെ മിച്ചൽ മാർഷിനെയും (16 പന്തിൽ 5), ട്രാവിസ് ഹെഡിനെയും ബുമ്ര മടക്കി. ക്യാപ്റ്റൻ പാറ്റ് കമിൻസിന് (33 പന്തിൽ 20) മുഹമ്മദ് സിറാജിന് മുന്നിലാണ് വീണത്. Read on deshabhimani.com

Related News