മൂന്നാം ടെസ്റ്റിൽ മഴ തുടരുന്നു ; ഇന്ത്യക്ക്‌ സമനില പ്രതീക്ഷ

image credit bcci facebook


ബ്രിസ്‌ബെയ്‌ൻ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയെ മഴ സഹായിക്കുന്നു. തുടർച്ചയായ നാലാംദിനവും മഴയെത്തിയപ്പോൾ കളി നേരത്തേ അവസാനിപ്പിക്കേണ്ടിവന്നു. 57.5 ഓവറാണ്‌ നാലാംദിനം എറിഞ്ഞത്‌. ഇന്ത്യ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 252 റണ്ണെന്ന നിലയിലാണ്‌. ഓസ്‌ട്രേലിയയുടെ ഫോളോ ഓൺ ഭീഷണി ഒഴിവാക്കി. അവസാന വിക്കറ്റിൽ ആകാശ്‌ ദീപും ജസ്‌പ്രീത്‌ ബുമ്രയും ചേർന്നാണ്‌ രക്ഷിച്ചത്‌. ഒരു വിക്കറ്റ്‌ ശേഷിക്കെ 193 റൺ പിന്നിലാണ്‌ ഇന്ത്യ. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ്‌ 445നായിരുന്നു അവസാനിച്ചത്‌. മുപ്പത്തൊന്ന്‌ പന്തിൽ 27 റണ്ണാണ്‌ ആകാശിന്റെ സമ്പാദ്യം. ഒരു സിക്‌സറും രണ്ട്‌ ഫോറും പറത്തി. ബുമ്ര 27 പന്തിൽ 10 റണ്ണുമായി കൂട്ടുണ്ട്‌. ഒരു സിക്‌സർ പായിച്ചു. ഈ സഖ്യം 39 റണ്ണിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി. കെ എൽ രാഹുൽ (84), രവീന്ദ്ര ജഡേജ (77) എന്നിവരുടെ മിടുക്കിലാണ്‌ ഇന്ത്യ തകർച്ച മറികടന്നത്‌. ജഡേജ പുറത്താകുമ്പോൾ ഫോളോ ഓൺ ഒഴിവാക്കാൻ 33 റൺകൂടി വേണമായിരുന്നു. ഇന്ത്യയെ രണ്ടാമതും ബാറ്റ്‌ ചെയ്യിക്കാൻ ലക്ഷ്യമിട്ട ഓസീസിന്റെ നീക്കത്തെ ആകാശും ബുമ്രയും ചേർന്ന്‌ ചെറുക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ഫോളോ ഓൺ ഒഴിവാക്കിയപ്പോൾ പരിശീലകൻ ഗൗതം ഗംഭീറും വിരാട്‌ കോഹ്‌ലിയും ഉൾപ്പെടെയുള്ളവർ  ആഘോഷിക്കുന്നത്‌ കാണാമായിരുന്നു. നാലാംദിനത്തിലെ ആദ്യകടമ്പ ഫോളോ ഓൺ ഒഴിവാക്കുക എന്നതായിരുന്നു. നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 51 റണ്ണെന്ന നിലയിലാണ്‌ കളി തുടങ്ങിയത്‌. ആദ്യപന്തിൽത്തന്നെ ഇന്ത്യ രക്ഷപ്പെട്ടു. പാറ്റ്‌ കമ്മിൻസിന്റെ പന്തിൽ കെ എൽ രാഹുലിന്റെ അനായാസ ക്യാച്ച്‌ സ്‌റ്റീവൻ സ്‌മിത്ത്‌ വിട്ടുകളഞ്ഞു. സ്‌കോർ 71ൽ ക്യാപ്‌റ്റൻ രോഹിത്‌ ശർമ (10) പുറത്തായി. ആറാംവിക്കറ്റിൽ രാഹുലും ജഡേജയും ഒത്തുചേർന്നതോടെ ഇന്നിങ്‌സ്‌ ചലിക്കാൻ തുടങ്ങി. ഈ സഖ്യം 67 റണ്ണാണ്‌ നേടിയത്‌. രാഹുലിനെ നതാൻ ല്യോണിന്റെ പന്തിൽ സ്‌മിത്ത്‌ മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കി. എട്ട്‌ ഫോറായിരുന്നു രാഹുലിന്റെ ഇന്നിങ്‌സിൽ. 141/6 എന്ന നിലയിലായിരുന്നു സ്‌കോർ. തുടർന്നെത്തിയ നിതീഷ്‌കുമാർ റെഡ്ഡി ക്ഷമയോടെ ബാറ്റ്‌ ചെയ്‌തു. ജഡേജയുമായി ചേർന്ന്‌ 53 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. 16 റണ്ണെടുത്ത നിതീഷ്‌ കമ്മിൻസിന്റെ പന്തിൽ മടങ്ങി. െഒരു സിക്‌സറും ഏഴ്‌ ഫോറും പറത്തി പ്രത്യാക്രമണത്തിന്‌ മുതിർന്ന ജഡേജയെ കമ്മിൻസിന്റെ ഷോർട്ട്‌ പിച്ച്‌ പന്ത്‌ വീഴ്‌ത്തി. Read on deshabhimani.com

Related News