കഥ തുടരുന്നു ; നാലാം ടെസ്‌റ്റിലും ഇന്ത്യക്ക്‌ ബാറ്റിങ്‌ തകർച്ച

image credit bcci facebook


മെൽബൺ യശസ്വി ജയ്‌സ്വാളിന്റെ റണ്ണൗട്ടിൽ ഇന്ത്യൻ ബാറ്റിങ്‌നിരയുടെ അടിവേര്‌ ഇളകി. ഓസ്‌ട്രേലിയൻ പേസ്‌ ആക്രമണത്തെ സധൈര്യം ചെറുത്താണ്‌ ബോർഡർ ഗാവസ്‌കർ പരമ്പരയിലെ നാലാം ടെസ്‌റ്റിൽ യുവ ഓപ്പണർ  ഇന്ത്യൻ ബാറ്റിങ്‌നിരയെ തോളേറ്റിയത്‌. എന്നാൽ, വിരാട്‌ കോഹ്‌ലിയുമായുള്ള ധാരണപ്പിശകിൽ ആ ഇന്നിങ്‌സ്‌ അപൂർണമായി അവസാനിച്ചു. 118 പന്തിൽ 82 റണ്ണായിരുന്നു ഇടംകൈയൻ നേടിയത്‌. പിന്നാലെ ഇന്ത്യ പതിവുകഥ തുടർന്നു. രണ്ടാംദിനം ഒന്നാം ഇന്നിങ്‌സിൽ അഞ്ചിന്‌ 164 റണ്ണെന്ന നിലയിൽ തകർച്ചയിലാണ്‌. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ്‌ 474ലാണ്‌ അവസാനിച്ചത്‌. സ്‌റ്റീവൻ സ്‌മിത്ത്‌ (140) തകർപ്പൻ സെഞ്ചുറി നേടി. അഞ്ച്‌ വിക്കറ്റ്‌മാത്രം കൈയിലിരിക്കെ 310 റൺ പിന്നിലാണ്‌ ഇന്ത്യ. സ്‌കോർ: ഓസ്‌ട്രേലിയ 474; ഇന്ത്യ 164/5. രണ്ടാംദിനം കളിയവസാനിക്കാൻ അരമണിക്കൂർമാത്രമുള്ളപ്പോഴായിരുന്നു ഇന്ത്യ വിക്കറ്റുകൾ വലിച്ചെറിഞ്ഞത്‌. 153/2 എന്ന നിലയിൽനിന്ന്‌ ആറ്‌ റൺ കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റ്‌ തുലച്ചു. 102 റൺ കൂട്ടുകെട്ടുമായി  ജയ്‌സ്വാൾ–-കോഹ്‌ലി സഖ്യം  ഇന്ത്യക്ക്‌ പ്രതീക്ഷ നൽകിയതാണ്‌. എന്നാൽ, സ്‌കോട്‌ ബോളണ്ട്‌ എറിഞ്ഞ ഓവറിന്റെ അവസാന പന്തിൽ സിംഗിളിനായി ക്രീസ്‌ വിട്ട ജയ്‌സ്വാളിന്‌ എല്ലാം പാളി. മറുതലയ്‌ക്കൽ കോഹ്‌ലി ആദ്യ ഘട്ടത്തിൽ പ്രതികരിച്ചെങ്കിലും പിന്നെ പന്ത്‌ നോക്കിനിന്നു. ജയ്‌സ്വാളിന്‌ തിരിച്ചുകയറാനായില്ല. പിന്തിരിയാൻ സമയം കിട്ടുംമുമ്പ്‌ പാറ്റ്‌ കമ്മിൻസ്‌ എറിഞ്ഞ പന്ത്‌ അലെക്‌സ്‌ കാരി കൈയിലൊതുക്കി സ്‌റ്റമ്പ്‌ തകർത്തു. ഒരു സിക്‌സറും 11 ഫോറും ഉൾപ്പെട്ട മനോഹര ഇന്നിങ്‌സ്‌ അവിടെ അവസാനിച്ചു. അതുവരെ ഓഫ്‌ സ്‌റ്റമ്പിന്‌ പുറത്തുള്ള പന്തുകൾ ഒഴിവാക്കി മുന്നേറിയ കോഹ്‌ലിക്ക്‌ ആ റണ്ണൗട്ടിൽ ഏകാഗ്രത നഷ്ടമായി. ബോളണ്ടിന്റെ അടുത്ത ഓവറിൽ പതിവുരീതിയിൽ ബാറ്റ്‌വച്ച്‌ കോഹ്‌ലി പുറത്തായി. 86 പന്തിൽ 36 റണ്ണായിരുന്നു സമ്പാദ്യം. രാത്രി കാവൽക്കാരനായി ഇറങ്ങിയ ആകാശ്‌ ദീപിനെ (0) ബോളണ്ട്‌ അക്കൗണ്ട്‌ ഓപ്പൺ ചെയ്യാൻ സമ്മതിച്ചില്ല. കളിയവസാനിക്കുമ്പോൾ ആറ്‌ റണ്ണുമായി ഋഷഭ്‌ പന്തും നാല്‌ റണ്ണോടെ രവീന്ദ്ര ജഡേജയുമാണ്‌ കളത്തിൽ. ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണറുടെ വേഷത്തിൽ തിരിച്ചെത്തിയ ക്യാപ്‌റ്റൻ രോഹിത്‌ ശർമയ്‌ക്ക്‌ രണ്ടോവർ കടക്കാനായില്ല. അഞ്ചുപന്തിൽ മൂന്ന്‌ റണ്ണെടുത്ത രോഹിതിനെ ഓസീസ്‌ ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസ്‌ മടക്കി. ഈ വർഷം 11. 07 ആണ്‌ രോഹിത്‌ ശർമയുടെ ബാറ്റിങ്‌ ശരാശരി. ജയ്‌സ്വാളും കെഎൽ രാഹുലും ചേർന്ന്‌ കൂടുതൽ അപകടമില്ലാതെ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചു. ചായക്ക്‌ പിരിയുന്നതിന്‌ തൊട്ടുമുമ്പുള്ള ഓവറിന്റെ അവസാന പന്തിൽ രാഹുലിനെ (24) കമ്മിൻസ്‌ ബൗൾഡാക്കി. ആറിന്‌ 311 റണ്ണെന്നനിലയിൽ രണ്ടാംദിനം ആരംഭിച്ച ഓസീസ്‌ ഇന്ത്യൻ ബൗളർമാരെ കശക്കി. സ്‌മിത്തും കമ്മിൻസും ചേർന്ന്‌ സ്‌കോർ 400 കടത്തി. 49 റണ്ണെടുത്ത കമ്മിൻസിനെ പുറത്താക്കി രവീന്ദ്ര ജഡേജയാണ്‌ ഇന്ത്യയെ തിരികെകൊണ്ടുവന്നത്‌. ടെസ്‌റ്റിലെ 34–-ാം സെഞ്ചുറി പൂർത്തിയാക്കിയ സ്‌മിത്ത്‌ ഇന്ത്യക്കെതിരെ 11–-ാം തവണയാണ്‌ മൂന്നക്കം കാണുന്നത്‌. മൂന്ന്‌ സിക്‌സറും 13 ഫോറും ഉൾപ്പെട്ടു. ആകാശ്‌ ദീപിന്റെ പന്തിൽ ബൗൾഡായാണ്‌ മടക്കം. ഇന്ത്യക്കായി ജസ്‌പ്രീത്‌ ബുമ്ര നാല്‌ വിക്കറ്റെടുത്തു. ജഡേജ മൂന്നും. Read on deshabhimani.com

Related News