ഇന്ത്യ പിടിമുറുക്കി ; ബംഗ്ലാദേശിന്‌ ബാറ്റിങ്‌ തകർച്ച

image credit bcci facebook


ചെന്നൈ ചെപ്പോക്കിൽ ബൗളർമാരുടെ കളിയാട്ടം. ഒറ്റദിവസം വീണത്‌ 17 വിക്കറ്റുകൾ. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. ഇന്ത്യക്ക്‌ 308 റൺ ലീഡായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ്‌ സ്‌കോറായ 376 പിന്തുടർന്ന ബംഗ്ലാദേശ്‌ 149 റണ്ണിന്‌ തകർന്നടിഞ്ഞു. രണ്ടാംദിവസം കളി നിർത്തുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 81 റണ്ണെടുത്തു. സ്‌കോർ: ഇന്ത്യ 376, 81/3 ബംഗ്ലാദേശ്‌ 149. പേസ്‌ ബൗളർമാരുടെ ആധിപത്യമായിരുന്നു ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിൽ. ഒന്നാംദിവസം അവസാനിപ്പിച്ച 339/6 സ്‌കോറിൽ 37 റൺകൂടി ചേർക്കാനേ ഇന്ത്യക്ക്‌ കഴിഞ്ഞുള്ളൂ. രവീന്ദ്ര ജഡേജ (86) തലേദിവസത്തെ സ്‌കോറിൽ മടങ്ങി. സെഞ്ചുറി നേടിയിരുന്ന ആർ അശ്വിൻ 11 റൺകൂടി ചേർത്ത്‌ 113ൽ അവസാനിപ്പിച്ചു. ആകാശ്‌ ദീപ്‌ 17 റൺ നേടി. മൂന്ന്‌ വിക്കറ്റും പേസർ ടസ്‌കിൻ അഹമ്മദാണ്‌ നേടിയത്‌. ജസ്‌പ്രീത്‌ ബുമ്രയെ (7) വീഴ്‌ത്തിയ ബംഗ്ലാദേശ്‌ യുവപേസർ ഹസ്സൻ മഹ്‌മൂദ്‌ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കി. ഇന്ത്യൻ മണ്ണിൽ അഞ്ച്‌ വിക്കറ്റ്‌ നേടുന്ന ആദ്യ ബംഗ്ലാദേശ്‌ താരമാണ്‌ ഇരുപത്തിനാലുകാരൻ. ബാറ്റെടുത്ത ബംഗ്ലാദേശിന്‌ ഇന്ത്യൻ പേസർമാർക്കുമുമ്പിൽ പിടിച്ചുനിൽക്കാനായില്ല. ബുമ്ര–-മുഹമ്മദ്‌ സിറാജ്‌–-ആകാശ്‌ ദീപ്‌ ത്രയം അരങ്ങുവാണപ്പോൾ 13–-ാം ഓവറിൽ 40 റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ വീണു. ഷാകിബ്‌ അൽ ഹസ്സനും (32) ലിറ്റൺ ദാസും (22) ചേർന്നാണ്‌ നൂറിനോട്‌ അടുപ്പിച്ചത്‌. 27 റണ്ണുമായി പുറത്താകാതെ നിന്ന മെഹ്‌ദി ഹസ്സൻ സ്‌കോർ 100 കടത്തി. എന്നിട്ടും 227 റൺ പിറകിലായി. ബുമ്ര 11 ഓവറിൽ 50 റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. രണ്ടാം ടെസ്റ്റ്‌ കളിക്കുന്ന ആകാശ്‌ദീപ്‌ അഞ്ച്‌ ഓവറിൽ 19 റൺ നൽകി രണ്ട്‌ വിക്കറ്റ്‌ നേടി. ജഡേജയ്‌ക്കും സിറാജിനും രണ്ട്‌ വിക്കറ്റ്‌ വീതമുണ്ട്‌. ബംഗ്ലാദേശിനെ ഫോളോഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റെടുത്ത ഇന്ത്യ 23 ഓവറിൽ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 81 റൺ നേടി. ശുഭ്‌മാൻ ഗില്ലും (33) ഋഷഭ്‌ പന്തുമാണ്‌ (12) ക്രീസിൽ. ക്യാപ്‌റ്റൻ രോഹിത്‌ ശർമ (5), യശസ്വി ജയ്‌സ്വാൾ (10), വിരാട്‌ കോഹ്‌ലി (17) എന്നിവർ പുറത്തായി. സ്‌കോർ ചുരുക്കത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ്‌ 376 അശ്വിൻ 113, ജഡേജ 86, ജയ്‌സ്വാൾ 56 ബംഗ്ലാദേശ്‌ ബൗളിങ് ഹസ്സൻ മഹ്‌മൂദ്‌ 22.2–-4–- 83–- 5, 
ടസ്‌കിൻ അഹമ്മദ്‌ 21–-4–-55–-3. ബംഗ്ലാദേശ്‌ ഒന്നാം ഇന്നിങ്സ്‌ 149 ഷാകിബ്‌ 32, ലിറ്റൺ ദാസ്‌ 22, മെഹ്‌ദി ഹസ്സൻ 27 ഇന്ത്യ ബൗളിങ് ബുമ്ര 11–-1–-50–-4, സിറാജ്‌ 10.1–-1–-30–-2, 
ആകാശ്‌ ദീപ്‌ 5–-0–-19–-2, ജഡേജ 8–-2–-19–-2. ഇന്ത്യ രണ്ടാം ഇന്നിങ്സ്‌ 81/3 ജയ്‌സ്വാൾ 10, രോഹിത്‌ 5, കോഹ്‌ലി 17, ഗിൽ 33*, പന്ത്‌ 12*. Read on deshabhimani.com

Related News