പന്തും ഗില്ലും നയിച്ചു; ഇന്ത്യ ജയത്തിനരികെ
ചെന്നൈ> സെഞ്ചുറിത്തിളക്കവുമായി ഋഷഭ് പന്തും ശുഭ്‌മാൻ ഗില്ലും കളം ഭരിച്ചപ്പോൾ ഇന്ത്യ ജയത്തിനരികെ. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടുദിവസം ശേഷിക്കെ ജയത്തിന് ആറ് വിക്കറ്റ് മതി. 515 റണ്ണിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് മൂന്നാംദിവസം കളിനിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 158 റണ്ണെടുത്തു. ക്യാപ്‌റ്റൻ നജ്‌മുൽ ഹുസൈൻ ഷാന്റോയും (51) ഷാകിബ് അൽ ഹസ്സനുമാണ് (5) ക്രീസിൽ. സ്‌കോർ: ഇന്ത്യ 376, 287/4, ബംഗ്ലാദേശ് 149, 158/4. പന്തിന്റെയും ഗില്ലിന്റെയും സെഞ്ചുറികളാണ് മൂന്നാംദിവസത്തെ സവിശേഷത. പന്തിന്റെ ആറാംസെഞ്ചുറിയാണ്. ഗില്ലിന്റെ അഞ്ചാമത്തേതും. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ 167 റണ്ണാണ് അടിച്ചുകൂട്ടിയത്. മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 81 റണ്ണെന്ന സ്‌കോറിൽ മൂന്നാംദിവസം തുടങ്ങിയ ഇന്ത്യയെ തളക്കാൻ ബംഗ്ലാദേശ് ബൗളർമാർക്കായില്ല. ഗില്ലും പന്തും അനായാസം മുന്നേറി. 124 പന്തിലാണ് പന്തിന്റെ സെഞ്ചുറി. 13 ഫോറും നാല് സിക്‌സറും നിറഞ്ഞ ഇന്നിങ്‌സ്. ഒന്നാം ഇന്നിങ്സിൽ റണ്ണെടുക്കാതെ പുറത്തായ ഗില്ലിന്റെ ശക്തമായ തിരിച്ചുവരവിനാണ് ചെപ്പോക്ക് സ്‌റ്റേഡിയം സാക്ഷിയായത്. പത്ത് ഫോറും നാല് സിക്‌സറുമായി പുറത്താകാതെ നിന്നു. കെ എൽ രാഹുൽ 22 റണ്ണുമായി പിന്തുണച്ചു. ലീഡ് 500 കടന്നപ്പോൾ ക്യാപ്‌റ്റൻ രോഹിത് ശർമ ഇന്നിങ്സ് ഡിക്ലയർ ചെയ്‌തു. ജയം സ്വപ്‌നത്തിൽപ്പോലും ഇല്ലാതിരുന്നിട്ടും ബംഗ്ലാദേശ് ഓപ്പണർമാരായ ഷാകിർ ഹസ്സനും (33) ഷദ്‌മാൻ ഇസ്ലാമും (35) പൊരുതി നിന്നു. ജസ്‌പ്രീത് ബുമ്രയാണ് ഷാകിറിനെ വീഴ്‌ത്തിയത്. അടുത്ത മൂന്നു വിക്കറ്റുമെടുത്ത് സ്‌പിന്നർ ആർ അശ്വിൻ ബംഗ്ലാദേശിന്റെ തകർച്ചയ്‌ക്ക് തുടക്കമിട്ടു. ഷദ്‌മാനും മൊമീനുൽ ഹഖും (13) മുഷ്‌ഫിഖർ റഹിമും (13) മടങ്ങി. വെളിച്ചക്കുറവുമൂലം കളി 9.4 ഓവർ ബാക്കിയുള്ളപ്പോൾ അവസാനിപ്പിച്ചു. രണ്ടുദിവസം ശേഷിക്കെ ബംഗ്ലാദേശിന് ജയിക്കാൻ 357 റൺ വേണം. സ്‌പിന്നർമാർക്ക് അനുകൂലമായി മാറിയ പിച്ചിൽ ബംഗ്ലാദേശിന് എത്ര സമയം പിടിച്ചുനിൽക്കാൻ കഴിയുമെന്ന് കണ്ടറിയണം. റെക്കോഡിട്ട സെഞ്ചുറി വിക്കറ്റ്‌കീപ്പർ ബാറ്റർ ഋഷഭ് പന്ത് കുറിച്ചത് ആറാമത്തെ ടെസ്റ്റ് സെഞ്ചുറി. കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ്‌കീപ്പർ എന്ന ബഹുമതി എം എസ് ധോണിക്കൊപ്പം പങ്കിട്ടു. 58 ഇന്നിങ്സിലാണ് പന്തിന്റെ നേട്ടം. ധോണിക്ക് ആറാം സെഞ്ചുറിയിലെത്താൻ 144 ഇന്നിങ്സ് വേണ്ടിവന്നു. വൃദ്ധിമാൻ സാഹ മൂന്ന് സെഞ്ചുറി നേടിയ കീപ്പറാണ്. കാറപകടത്തിൽ പരിക്കേറ്റ് 635 ദിവസത്തിനുശേഷമാണ് പന്ത് കളത്തിലെത്തിയത്. 2022 ഡിസംബറിലായിരുന്നു അപകടം. 128 പന്ത് നേരിട്ടാണ് ഇരുപത്താറുകാരൻ 109 റണ്ണടിച്ചത്. 13 ഫോറും നാല് സിക്‌സറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. മെഹ്‌ദി ഹസ്സൻ സ്വന്തം ബൗളിങ്ങിൽ പിടിച്ചാണ് പുറത്തായത്. Read on deshabhimani.com