സബാഷ്‌ 
നിതീഷ്‌ ; നിതീഷ്‌ കുമാർ റെഡ്ഡിയിലൂടെ ഇന്ത്യയുടെ കടന്നാക്രമണം

image credit bcci facebook


ന്യൂഡൽഹി മുൻനിര മങ്ങിയപ്പോൾ നിതീഷ്‌ കുമാർ റെഡ്ഡിയിലൂടെ ഇന്ത്യയുടെ കടന്നാക്രമണം. നിതീഷിന്റെ (34 പന്തിൽ 74) തകർപ്പൻ ബാറ്റിങ്‌ പ്രകടനത്തിന്റെ ബലത്തിൽ ബംഗ്ലാദേശിനെ രണ്ടാം ട്വന്റി20യിൽ 86 റണ്ണിന്‌ കീഴടക്കി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഡൽഹിയിൽ ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒമ്പതിന്‌ 221 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. ബംഗ്ലാദേശിന്റെ മറുപടി ഒമ്പതിന്‌ 135ൽ അവസാനിച്ചു. രണ്ട്‌ വിക്കറ്റും നേടിയ നിതീഷാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. രണ്ട്‌ ഫോറുകൾ പായിച്ച്‌ പ്രതീക്ഷ നൽകിയ സഞ്‌ജു സാംസൺ (7 പന്തിൽ 10) രണ്ടാം ഓവറിൽ മടങ്ങി. അഭിഷേക്‌ ശർമയും (11 പന്തിൽ 15) ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും (10 പന്തിൽ 8) അതേവഴി പിന്തുടർന്നപ്പോൾ സ്‌കോർ മൂന്നിന്‌ 41 എന്ന നിലയിലായി. എന്നാൽ, ബംഗ്ലാദേശിന്‌ ആശ്വസിക്കാനായില്ല. ഇന്ത്യൻകുപ്പായത്തിൽ രണ്ടാംമത്സരം കളിക്കുന്ന നിതീഷ്‌ ആളിക്കത്തി. ഏഴ്‌ സിക്‌സറും നാല്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ. കൂട്ടിനുണ്ടായ റിങ്കു സിങ്ങും (29 പന്തിൽ 53) തകർത്തടിച്ചു. റിങ്കു മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറും പറത്തി. ഹാർദിക്‌ പാണ്ഡ്യ (19 പന്തിൽ 32), റിയാൻ പരാഗ്‌ (6 പന്തിൽ 15) എന്നിവർചേർന്ന്‌ സ്‌കോർ 200 കടത്തി. അവസാന ഓവറിൽ വിക്കറ്റ്‌ തുടർച്ചയായി നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ മികച്ച സ്‌കോർ ഉറപ്പാക്കിയിരുന്നു. അർഷ്‌ദീപ്‌ സിങ്‌ എറിഞ്ഞ ആദ്യ ഓവറിൽ 15 റണ്ണടിച്ചായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. ആ തുടക്കം നിലനിർത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ്‌ വീണു. നിതീഷിനെക്കൂടാതെ രണ്ട്‌ വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയും നേട്ടമുണ്ടാക്കി. ഏഴ്‌ ബൗളർമാരെയാണ്‌ സൂര്യകുമാർ പരീക്ഷിച്ചത്‌. പന്തെടുത്തവരെല്ലാം വിക്കറ്റും നേടി. പരമ്പരയിലെ അവസാന കളി 12ന്‌ നടക്കും. Read on deshabhimani.com

Related News