ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനോട്; ജയിച്ചാല്‍ സെമി പ്രതീക്ഷ
ധർമശാല> ലോകകപ്പ് വേദിയിൽ ന്യൂസിലൻഡിനെ കീഴടക്കുക എളുപ്പമല്ല. അക്കാര്യം ഏറ്റവും വ്യക്തമായി അറിയുക ഇന്ത്യൻ ടീമിനാണ്. അവസാന മുഖാമുഖം 2019ലായിരുന്നു. അന്ന് മഹേന്ദ്ര സിങ് ധോണിയുടെ റണ്ണൗട്ടിൽ തകർന്നുപോയ ഇന്ത്യ കണ്ണീരോടെ മടങ്ങി. ആ ഓർമ മാഞ്ഞിട്ടില്ല. മുറിവുണങ്ങിയിട്ടുമില്ല. ഇന്ന് ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദിയിൽ ഇരുടീമുകളും വീണ്ടുമെത്തുന്നു. തോൽവിയറിയാതെ മുന്നേറുന്ന രണ്ട് സംഘങ്ങൾ. ജയിക്കുന്ന ടീം ഏറെക്കുറെ സെമി ഉറപ്പിക്കും. ധർമശാലയിലാണ് കളി. ആധികാരികമായാണ് ഇരുടീമുകളും ആദ്യ നാലുകളിയും ജയിച്ചത്. അതിനാൽത്തന്നെ ഈ ലോകകപ്പിലെ കരുത്തരുടെ പോരാട്ടംകൂടിയാണിന്ന്. പുണെയിൽ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് രോഹിത് ശർമയും കൂട്ടരും ധർമശാലയിലേക്ക് പറന്നത്. കിവികൾക്കെതിരെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കാനുണ്ടാകില്ല എന്നതുമാത്രമാണ് ഇന്ത്യൻ ടീമിന്റെ ആശങ്ക. ടീമിന് സന്തുലനം നൽകുന്നത് ഹാർദിക്കിന്റെ സാന്നിധ്യമാണ്. മൂന്നാംപേസറായി തിളങ്ങുന്ന ഈ ഓൾ റൗണ്ടർ ബാറ്റിങ്ങിൽ വാലറ്റത്തെ പ്രതിസന്ധിയും തീർക്കും. ഒരേസമയം ബാറ്ററുടെയും ബൗളറുടെയും നഷ്ടമാണ് ടീമിനുണ്ടാകുക. ആരാകും പകരക്കാരൻ എന്നതിൽ വ്യക്തതയില്ല. ബംഗ്ലാദേശുമായുള്ള കളിയിൽ പരിക്കേറ്റ ഹാർദിക് ഓവർ പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. ധർമശാലയിലെ പിച്ച് പേസർമാർക്ക് അനുകൂലമാണ്. അതിനാൽത്തന്നെ മുഹമ്മദ് ഷമിക്ക് അവസരം കിട്ടിയേക്കും. ബാറ്റിങ് നിരയിൽ ഇഷാൻ കിഷൻ കളിച്ചേക്കും. ശാർദുൽ ഠാക്കൂർ പുറത്തിരിക്കും. ഓഫ് സ്‌പിന്നർ ആർ അശ്വിന് അവസരം കിട്ടാൻ സാധ്യതയില്ല. ക്യാപ്‌റ്റൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, ശുഭ്‌മാൻ ഗിൽ എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യയുടെ കരുത്ത്. വാലറ്റത്തിന് ഇതുവരെ പരീക്ഷണം നേരിടേണ്ടിവന്നിട്ടില്ല. ബൗളർമാരിൽ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പേസ് നിരയെ മുന്നോട്ടുകൊണ്ടുപോകുന്നു. സ്‌പിന്നർമാരായ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ഈ ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. മറുവശത്ത് ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ ഇന്നും കിവീസിനായി കളിക്കാനിടയില്ല. ടോം ലാതമായിരിക്കും നയിക്കുക. ബാറ്റിങ് നിര ശക്തമാണ്. ഡെവൺ കോൺവെ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചെൽ എന്നിവരെല്ലാം ഈ ലോകകപ്പിൽ മികച്ച സ്‌കോറുകൾ കണ്ടെത്തിക്കഴിഞ്ഞു. ധർമശാലയിലെ പിച്ചിൽ ഇന്ത്യ കരുതിയിരിക്കേണ്ടത് ട്രെന്റ് ബോൾട്ടിന്റെ പന്തുകളാണ്. ഈ ഇടംകൈയൻ പേസർക്കെതിരെ മികച്ച റെക്കോഡില്ല ഇന്ത്യൻ മുൻനിര ബാറ്റർമാർക്ക്. ഇടംകൈയൻ സ്‌പിന്നർ മിച്ചെൽ സാന്റ്‌നെറും അപകടകാരിയാണ്. ലോകകപ്പിൽ നാലു കളിയിൽ 11 വിക്കറ്റായി സാന്റ്‌നെർക്ക്. ബോൾട്ടിന് കൂട്ടായി മാറ്റ് ഹെൻറിയും ലോക്കി ഫെർഗൂസനുമുണ്ട്. ധർമശാലയിൽ മഴയ്‌ക്ക് സാധ്യതയുണ്ടെങ്കിലും കളിയെ ബാധിച്ചേക്കില്ല. രാത്രിയിൽ മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് കിട്ടുന്ന ടീം ബൗളിങ് ആയിരിക്കും തെരഞ്ഞെടുക്കുക. ലോകകപ്പിൽ മൂന്നു മത്സരങ്ങളാണ് ഇവിടെ നടന്നത്. ഒരു കളിയിൽമാത്രമാണ് 300നുമുകളിൽ സ്‌കോർ പിറന്നത്. നെതർലൻഡ്‌സ് ദക്ഷിണാഫ്രിക്കയെ തകർത്തതും ധർമശാലയിലാണ്. ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ/ സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി/ശാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.ന്യൂസിലൻഡ് ടീം: ഡെവൺ കോൺവെ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചെൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മാർക് ചാപ്‌മാൻ, മിച്ചെൽ സാന്റ്‌നെർ, മാറ്റ് ഹെൻറി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ. Read on deshabhimani.com