പാകിസ്ഥാനെ തോൽപ്പിച്ച് സെമിയിൽ കിവി കുതിച്ചു, ഇന്ത്യ മടങ്ങി
ദുബായ് പാകിസ്ഥാനെ 54 റണ്ണിന് തോൽപ്പിച്ച് ന്യൂസിലൻഡ് ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിലേക്ക് കുതിച്ചു. ന്യൂസിലൻഡ് തോറ്റാൽ മാത്രം സാധ്യതയുണ്ടായിരുന്ന ഇന്ത്യയും പാകിസ്ഥാനൊപ്പം മടങ്ങി. 2016നുശേഷം ആദ്യമായാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിൽ രണ്ടുതവണ സെമിയിൽ കടന്നപ്പോൾ ഒരുതവണ റണ്ണറപ്പായി. 2016നുശേഷമുള്ള ന്യൂസിലൻഡിന്റെ ആദ്യ സെമിയാണിത്. സ്‌കോർ: ന്യൂസിലൻഡ് 110/6, പാകിസ്ഥാൻ 56 (11.4). ഗ്രൂപ്പിൽ ഓസ്‌ട്രേലിയ ആദ്യംതന്നെ സെമി ഉറപ്പിച്ചിരുന്നു. അവസാനകളിയിൽ ഓസീസിനോട് തോറ്റതാണ് ഇന്ത്യക്ക് വിനയായത്.കിവികൾക്കെതിരെ പാകിസ്ഥാന്റേത് ദയനീയ പ്രകടനമായിരുന്നു. ജയിക്കാൻ 111 റൺ മാത്രം വേണ്ടിയിരുന്ന ഫാത്തിമ സനയുടെ സംഘം 11.4 ഓവറിൽ 56 റണ്ണിന് കൂടാരം കയറി. ആദ്യം ബാറ്റ് ചെയ്‌ത കിവികൾ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 110 റണ്ണെടുത്തത്. രണ്ട് വിക്കറ്റെടുത്ത എദെൻ കാർസൺ ന്യൂസിലൻഡ് ബൗളിങ് നിരയിൽ തിളങ്ങി. പാകിസ്ഥാന്റെ ഫീൽഡിങ് നിലവാരം ശരാശരിക്കും താഴെയായിരുന്നു. എട്ട് ക്യാച്ചുകളാണ് ഫീൽഡർമാർ വിട്ടുകളഞ്ഞത്. നിദ ദാറിന്റെ ഒരോവറിൽ മൂന്നെണ്ണം. പാക് സ്‌പിന്നർമാർക്കെതിരെ കിവി ബാറ്റർമാർ പതറിയതാണ്. പക്ഷേ, നൽകിയ അവസരങ്ങൾ മുതലാക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല. ഒരു കളിയിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. മറുപടിയിൽ ക്യാപ്‌റ്റൻ ഫാത്തിമ സന (23 പന്തിൽ 21) ഒഴികെ മറ്റാർക്കും പൊരുതിനിൽക്കാനായില്ല. സന കഴിഞ്ഞാൽ ഓപ്പണർ മുനീബ അലി മാത്രമാണ് (11 പന്തിൽ 15) രണ്ടക്കം കണ്ട മറ്റൊരു ബാറ്റർ. ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെയും പ്രകടനം പരിതാപകരമായിരുന്നു. ആദ്യകളിയിൽ ന്യൂസിലൻഡിനോട് കൂറ്റൻ തോൽവി വഴങ്ങി. രണ്ടാംമത്സരത്തിൽ പാകിസ്ഥാനോട് ആധികാരിക ജയം കുറിക്കാനായില്ല. ശ്രീലങ്കയോട് വലിയ ജയം നേടാനായെങ്കിലും ഓസീസിനുമുന്നിൽ വീണു. ക്യാപ്‌റ്റൻ ഹർമൻപ്രീത് ഒഴികെ ബാറ്റിങ് നിരയിൽ മറ്റാർക്കും ശോഭിക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാനകളിയിൽ ഇന്ന് ഇംഗ്ലണ്ട് വെസ്‌റ്റിൻഡീസിനെ നേരിടും. Read on deshabhimani.com