തകർത്തു, പിന്നെ തകർന്നു: ഇന്ത്യ 462ന് പുറത്ത്; കിവീസിന്‌ 107 റൺ ലക്ഷ്യം



ബംഗളൂരു> മുപ്പത്താറുവർഷത്തെ കാത്തിരിപ്പ്‌ അവസാനിപ്പിക്കാൻ ന്യൂസിലൻഡിന്‌ സുവർണാവസരം. ഇന്ത്യയുമായുള്ള ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ജയത്തിനായി കിവികൾക്ക്‌ 107 റണ്ണാണ്‌ ആവശ്യം. മഴ കനിഞ്ഞാൽ 1988നുശേഷം ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ്‌ ജയം സ്വന്തമാക്കാം. ആദ്യ ഇന്നിങ്‌സിൽ 46 റണ്ണിന്‌ കൂടാരം കയറിയ ഇന്ത്യയുടെ അതിമനോഹര തിരിച്ചുവരവായിരുന്നു നാലാംദിനം ആദ്യഘട്ടത്തിൽ കണ്ടത്‌. സർഫറാസ്‌ ഖാനും (195 പന്തിൽ 150) ഋഷഭ്‌ പന്തും (105 പന്തിൽ 99) പുറത്തെടുത്ത അസാമാന്യ പോരാട്ടവീര്യം ഇന്ത്യയെ ട്രാക്കിലാക്കിയതാണ്‌. എന്നാൽ, അവസാനഘട്ടത്തിൽ ബാറ്റിങ്‌ നിര പൂർണമായും തകർന്നു. പുത്തൻ പന്തിൽ ഗതിയറിയാതെ ബാറ്റ്‌ വച്ചപ്പോൾ അവസാന ഏഴ്‌ വിക്കറ്റ്‌ 54 റണ്ണിനാണ്‌ കൊഴിഞ്ഞത്‌. ഇന്ത്യയുടെ സ്‌കോർ നാലിന്‌ 408ൽനിന്ന്‌ 462ൽ അവസാനിച്ചു. മറുപടിയിൽ കിവി ഓപ്പണർമാർ നാലു പന്ത്‌ നേരിടുമ്പോഴേക്കും വെളിച്ചക്കുറവുമൂലം കളി നിർത്തി. സ്‌കോർ: ഇന്ത്യ 46, 462; ന്യൂസിലൻഡ്‌ 402, 0/0. മൂന്നിന്‌ 231 റണ്ണുമായി നാലാംദിനം കളത്തിലിറങ്ങിയ ഇന്ത്യ പുതിയ ചരിത്രമാണ്‌ കുറിച്ചത്‌. മൂന്നാംദിനത്തിലെ അവസാന പന്തിൽ വിരാട്‌ കോഹ്‌ലി പുറത്തായതിന്റെ നിരാശയൊന്നും ബാധിക്കാതെയുള്ള തുടക്കം. സർഫറാസിന്‌ കൂട്ടായി പന്ത്‌ എത്തിയതോടെ റണ്ണൊഴുകുകയായിരുന്നു. തലേദിനത്തെ അതേ ഉത്സാഹത്തോടെ സർഫറാസ്‌ ബാറ്റ്‌ വീശി. ആദ്യം സർഫറാസിന്‌ പിന്തുണ നൽകിയ പന്ത്‌ കളി പുരോഗമിക്കുംതോറും ആക്രമണം ഏറ്റെടുത്തു. ഇരുവരും ചേർന്ന്‌ ബൗളർമാരെ അമ്മാനമാടി. ഏകദിനശൈലിയായിരുന്നു റണ്ണൊഴുക്ക്‌. ഒരുഘട്ടത്തിൽ കിവികൾ പരാജയഭീതിയിലായി. 177 റണ്ണാണ്‌ ഈ സഖ്യം നേടിയത്‌. സർഫറാസ്‌ ടെസ്റ്റിൽ കന്നി സെഞ്ചുറിയും കുറിച്ചു. മൂന്ന്‌ സിക്‌സറും 18 ഫോറും. പന്തിന്റെ ഇന്നിങ്‌സിൽ അഞ്ച്‌ സിക്‌സറും ഒമ്പത്‌ ഫോറും ഉൾപ്പെട്ടു. ഇതിനിടെ സർഫറാസ്‌ 150 തികച്ചു. പന്ത്‌ സെഞ്ചുറിക്ക്‌ അരികെയെത്തി. കാറ്റ്‌ വീണ്ടും മാറിവീശി. പുത്തൻ പന്തിൽ പേസർമാർ താളം കണ്ടെത്താൻ തുടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. പലതവണ മൂളിപ്പറന്ന ബൗൺസറുകൾ ഇരുവരുടെയും ഏകാഗ്രത നഷ്ടപ്പെടുത്താൻ തുടങ്ങി. 150 തികച്ചപാടെ സർഫറാസ്‌ വീണു. ടിം സൗത്തിയെ ബൗണ്ടറി പായിക്കാൻ ശ്രമിച്ച വലംകൈയൻ അജാസ്‌ പട്ടേലിന്റെ കൈയിലൊതുങ്ങി. സൗത്തിയെ കൂറ്റൻ സിക്‌സർ പറത്തി സെഞ്ചുറിക്ക്‌ അരികെയെത്തിയ പന്തും പിന്നെ കളത്തിൽ നിന്നില്ല. സെഞ്ചുറിക്ക്‌ ഒരു റണ്ണകലെവച്ച്‌ ഇടംകൈയനെ വില്യം ഒ റൂർക്ക്‌ ബൗൾഡാക്കി. ടെസ്റ്റിൽ ഏഴാംതവണയാണ്‌ പന്ത്‌ 90കളിൽ പുറത്താകുന്നത്‌. 99ൽ മടങ്ങുന്നത്‌ ആദ്യം. തുടർന്ന്‌ കളി ഒറൂർക്കും മാറ്റ്‌ ഹെൻറിയും പിടിയിലാക്കി. കെ എൽ രാഹുൽ (12) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജയും (5) ആർ അശ്വിനും (15) ചെറുത്തുനിന്നില്ല. ജസ്‌പ്രീത്‌ ബുമ്രയെയും (0) മുഹമ്മദ്‌ സിറാജിനെയും (0) ഒരോവറിൽ തീർത്ത്‌ ഹെൻറി ഇന്ത്യൻ ഇന്നിങ്‌സിന്‌ താഴിട്ടു. ഹെൻറിയും ഒറൂർക്കും മൂന്നുവീതം വിക്കറ്റ്‌ നേടി. 107 റൺ ലക്ഷ്യവുമായി ഇറങ്ങിയ കിവികളെ ബുമ്രയുടെ നാലു പന്തുകൾ പരീക്ഷിച്ചു. ഇതിനിടെ ടോം ലാതമിനെതിരെ എൽബിഡബ്ല്യുവിനായി ഇന്ത്യ റിവ്യൂ നൽകി. പക്ഷേ, ഫലമുണ്ടായില്ല. പിന്നാലെ ആകാശം ഇരുണ്ടു. കളി തുടരാനായി ക്യാപ്‌റ്റൻ രോഹിത്‌ ശർമ അമ്പയർമാരോട്‌ വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. നിമിഷങ്ങൾക്കുള്ളിൽ മഴയുമെത്തി. ഇതിനുമുമ്പ്‌ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 107 റൺ ലക്ഷ്യംവച്ച്‌ ജയിച്ചിട്ടുണ്ട്‌. 2004ൽ വാംഖഡെയിലായിരുന്നു ചരിത്രവിജയം. അന്ന്‌ സ്‌പിന്നിനെ അകമഴിഞ്ഞ്‌ പിന്തുണയ്‌ക്കുന്ന പിച്ചിലായിരുന്നു കളി. അഞ്ചാംദിനം മഴഭീഷണി ആവേശകരമായ ടെസ്റ്റിന്റെ അവസാനദിനം മഴയുടെ ഭീഷണി. ബംഗളൂരുവിൽ ശനി രാത്രിമുതൽ ഞായർ വൈകിട്ടുവരെ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ്‌ കാലാവസ്ഥാനിരീക്ഷണം. ആദ്യദിനം ഒറ്റപ്പന്ത്‌ എറിയാനായില്ല. നാലാംദിനവും കളി ഇടയ്‌ക്ക്‌ മുടങ്ങിയിരുന്നു.   Read on deshabhimani.com

Related News