തിരിച്ചടിക്കാൻ ഇന്ത്യ ; ന്യൂസിലൻഡുമായുള്ള രണ്ടാം ടെസ്റ്റ് ഇന്ന് പുണെയിൽ
പുണെ ബംഗളൂരുവിലെ തോൽവിയുടെ ഞെട്ടൽ മാറിയിട്ടില്ല ഇന്ത്യൻ ടീമിന്. ഇന്ന് പുണെയിൽ ന്യൂസിലൻഡുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുമ്പോൾ ജയംമാത്രമാണ് രോഹിത് ശർമയുടെയും കൂട്ടരുടെയും ലക്ഷ്യം. ബംഗളൂരുവിലെ തോൽവിയിൽ കാലാവസ്ഥ വലിയൊരു ഘടകമായിരുന്നു. മഴ കാരണം ആദ്യദിനം കളി നടന്നില്ല. രണ്ടാംദിനം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ന്യൂസിലൻഡ് പേസർമാർ കളംവാണപ്പോൾ ഇന്ത്യൻ ബാറ്റിങ് നിര 46 റണ്ണിനാണ് കൂടാരം കയറിയത്. പുണെയിൽ പേസർമാർക്ക് അനുകൂലമായ സ്ഥിതിയില്ല. ആദ്യദിനങ്ങളിൽ ബാറ്റർമാർക്ക് അനുകൂലമായിരിക്കും. തുടർന്ന് സ്‌പിന്നർമാരെ പിന്തുണയ്‌ക്കും. ഇന്ത്യ മൂന്ന് സ്‌പിന്നർമാരെ നിലനിർത്തിയാണ് ഇറങ്ങുക. മൂന്നു മത്സരപരമ്പരയിൽ ശേഷിക്കുന്ന രണ്ടു കളിയും ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് ലീഡുയർത്തുകയാണ് ലക്ഷ്യം. ആദ്യകളി തോറ്റെങ്കിലും ഒന്നാംസ്ഥാനത്തിന് ഇളക്കമുണ്ടായില്ല. ആദ്യമത്സരത്തിൽ പരിക്ക് കാരണം വിട്ടുനിന്ന ശുഭ്‌മാൻ ഗിൽ ടീമിൽ തിരിച്ചെത്തും. പകരം ആരെ ഒഴിവാക്കുമെന്ന കാര്യത്തിലാണ് ആശങ്ക. ബംഗളൂരുവിൽ ഗില്ലിന് പകരം കളിച്ച സർഫറാസ് ഖാൻ രണ്ടാം ഇന്നിങ്‌സിൽ മിന്നുന്ന സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ സർഫറാസിനെ ഒഴിവാക്കാൻ ബുദ്ധിമുട്ടാകും. മികവ് കണ്ടെത്താതെ ഉഴറുന്ന കെ എൽ രാഹുലിനെ പുറത്തിരുത്തി ഗില്ലിനെ കളിപ്പിക്കുകയാണ് അടുത്ത വഴി. എന്നാൽ, രാഹുലിനെ പൂർണമായും പിന്തുണയ്‌ക്കുമെന്നായിരുന്നു പരിശീലകൻ ഗൗതം ഗംഭീറിന്റെ പ്രതികരണം. 53 ടെസ്റ്റ് കളിച്ച രാഹുലിന്റെ ബാറ്റിങ് ശരാശരി 33.87 മാത്രമാണ്. ഇന്ത്യൻ ബാറ്റർമാരിലെ ഏറ്റവും മോശം കണക്കാണിത്. അതേസമയം, തലേദിനത്തെ പരിശീലനത്തിൽ സർഫറാസ് ഉണ്ടായിരുന്നില്ല. ബൗളർമാരിൽ പേസർ മുഹമ്മദ് സിറാജിന്റെ പ്രകടനത്തിൽ ആശങ്കയുണ്ട്. ഇന്ത്യൻ പിച്ചുകളിൽ വിക്കറ്റെടുക്കാൻ സിറാജിന് കഴിയുന്നില്ല. അവസാന 14 ടെസ്റ്റിൽ 12 വിക്കറ്റ് മാത്രമാണ് സമ്പാദ്യം. ജസ്‌പ്രീത് ബുമ്രയ്‌ക്ക് പിന്തുണ നൽകാൻ മുപ്പതുകാരന് സാധിക്കുന്നില്ല. മറുവശത്ത്, മികച്ച പ്രകടനം പുറത്തെടുക്കുന്ന ബിഹാർ പേസർ ആകാശ് ദീപ് അവസരം കാത്തുനിൽക്കുന്നു. പുണെയിൽ സിറാജിന് പകരം ആകാശ് ദീപ് കളിച്ചേക്കും. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ അഞ്ച് വിക്കറ്റാണ് ഇരുപത്തേഴുകാരൻ നേടിയത്. ന്യൂസിലൻഡ് ടീമിലും മാറ്റങ്ങളുണ്ടാകും. ബംഗളൂരുവിലെ പേസ് സഹായം പുണെയിൽ കിട്ടില്ലെന്ന തിരിച്ചറിവിൽ സ്‌പിന്നർമാർക്ക് അവസരം കൊടുത്തേക്കും. ഓൾറൗണ്ടർ മിച്ചെൽ സാന്റ്‌നെർ കളിക്കാനാണ് സാധ്യത. മുൻ ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസൺ രണ്ടാം ടെസ്റ്റിലും കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, കെ എൽ രാഹുൽ/സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്/ആകാശ് ദീപ്. ന്യൂസിലൻഡ്: ടോം ലാതം, ഡെവൺ കോൺവെ, വിൽ യങ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചെൽ, ടോം ബ്ലൻഡൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചെൽ സാന്റ്‌നെർ, ടിം സൗത്തി/വില്യം ഒറൂക്ക്, മാറ്റ് ഹെൻറി, അജാസ് പട്ടേൽ. Read on deshabhimani.com