സ്‌പിൻ കുഴിയിൽ നിലതെറ്റി ; ആദ്യദിനം വീണത് 14 വിക്കറ്റ്
മുംബൈ സ്‌പിൻ നിലമൊരുക്കി വാംഖഡെ സ്വീകരിച്ചപ്പോൾ ബാറ്റർമാർ കറങ്ങിവീണു. 14 വിക്കറ്റ് വീണ ഇന്ത്യ–-ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യദിനം സ്‌പിന്നർമാർ വാണു. രവീന്ദ്ര ജഡേജയുടെയും വാഷിങ്‌ടൺ സുന്ദറിന്റെയും മിടുക്കിൽ കിവീസിനെ ഒന്നാം ഇന്നിങ്‌സിൽ 235 റണ്ണിന് പറഞ്ഞയച്ച ഇന്ത്യക്കും ബാറ്റെടുത്തപ്പോൾ പിഴച്ചു. കളി നിർത്തുമ്പോൾ സുരക്ഷിതമല്ല കാര്യങ്ങൾ. നാല് വിക്കറ്റ് നഷ്ടത്തിൽ 86 റണ്ണെന്ന നിലയിലാണ്. 149 റൺ പിറകിൽ. അവസാന രണ്ട് ഓവറിൽ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഇതിൽ രണ്ടെണ്ണം സ്‌പിന്നർ അജാസ് പട്ടേലിനാണ്. സ്‌കോർ: ന്യൂസിലൻഡ് 235, ഇന്ത്യ 86/4. ആദ്യ രണ്ട് ടെസ്റ്റിലും ജയിച്ച് പരമ്പര നേടിയ കിവികൾ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ മിച്ചെൽ സാന്റ്‌നെർക്ക് പകരം ഇഷ് സോധിയും ടിം സൗത്തിക്ക് പകരം മാറ്റ് ഹെൻറിയും ഇടംപിടിച്ചു. ഇന്ത്യൻ നിരയിൽ പേസർ ജസ്‌പ്രീത് ബുമ്രയ്‌ക്കുപകരം മുഹമ്മദ് സിറാജുമെത്തി. ഡെവൻ കോൺവേയെ (4) വിക്കറ്റിനുമുന്നിൽ കുരുക്കി ആകാശ് ദീപ് നല്ല തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ക്യാപ്‌റ്റൻ ടോം ലാതവും (28) രചിൻ രവീന്ദ്രയും സുന്ദറിനു മുന്നിൽ വീണു. ഇതോടെ പരുങ്ങിയ കിവികളെ വിൽ യങ്ങും (71) ഡാരിൽ മിച്ചെലും (82) കരകയറ്റി. നാലാം വിക്കറ്റിൽ 87 റൺ ചേർത്തു. എന്നാൽ, ഈ കൂട്ടുകെട്ട് ജഡേജ പൊളിച്ചു. പിന്നീട് ന്യൂസിലൻഡ് തകർന്നു. തുടർച്ചയായി 22 ഓവർ പന്തെറിഞ്ഞ് ജഡേജ നയിച്ചു. 65 റൺ വഴങ്ങി ടെസ്റ്റിലെ 14–-ാമത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. സുന്ദറിന് നാലും വിക്കറ്റുണ്ട്. മറുപടിയിൽ ക്യാപ്‌റ്റൻ രോഹിത് ശർമ (18), യശസ്വി ജയ്‌സ്വാൾ (30), രാത്രികാവൽക്കാരൻ മുഹമ്മദ് സിറാജ് (0), വിരാട് കോഹ്‌ലി (4) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. കോഹ്‌ലി റണ്ണൗട്ടാവുകയായിരുന്നു. ശുഭ്‌മാൻ ഗിൽ (31), ഋഷഭ് പന്ത് (1) എന്നിവരാണ് നിലവിൽ ക്രീസിൽ. Read on deshabhimani.com