ഇന്ത്യ നേരത്തേ
 അണഞ്ഞു

വനിതകളുടെ 4 x 400 മീറ്റർ റിലേ ഹീറ്റ്സിൽ അവസാന സ്ഥാനത്തായി പുറത്തായപ്പോൾ ഇന്ത്യൻ താരങ്ങളായ 
വിത്യ രാംരാജിന്റെയും ജ്യോതിക ശ്രീദന്ദിയുടെയും നിരാശ


പാരിസ്‌ ഒളിമ്പിക്‌സ്‌ ദീപം അണയുന്നതിന്‌ രണ്ടുദിവസംമുമ്പുതന്നെ ഇന്ത്യൻ അത്‌ലറ്റിക്‌സ്‌ സംഘത്തിന്റെ പോരാട്ടം അവസാനിച്ചു. പതിനാറ‍്  ഇനങ്ങളിൽ മത്സരിച്ച ഇന്ത്യക്ക്‌ കിട്ടിയത്‌ നീരജ്‌ ചോപ്രയുടെ വെള്ളിമെഡൽമാത്രം. 29 അംഗ ടീമിനെയാണ്‌ ഇന്ത്യ ട്രാക്കിലും ഫീൽഡിലും അവതരിപ്പിച്ചത്‌. അവിനാഷ്‌ സാബ്‌ലേ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഫൈനലിൽ എത്തിയതാണ്‌ എടുത്തുപറയാവുന്ന മറ്റൊരു കാര്യം. ബാക്കി എല്ലാ ഇനത്തിലും പ്രകടനം ലോകനിലവാരത്തിലും എത്രയോ താഴെയായിരുന്നു. സാബ്‌ലേ ഫൈനലിൽ 11–-ാംസ്ഥാനത്തായി. ജ്യോതി യാരാജി 100 മീറ്റർ ഹർഡിൽസിൽ ഹീറ്റ്‌സിൽ ഏഴാംസ്ഥാനത്താണ്‌. റെപ്പഷാഗെ റൗണ്ട്‌ ജയിച്ച്‌ സെമിയിലെത്താനും കഴിഞ്ഞില്ല. 400 മീറ്ററിൽ കിരൺ പാഹലിനും സമാനസ്ഥിതി. 5000 മീറ്ററിൽ പാരുൾ ചൗധരി 14–-ാമതാണ്‌. അങ്കിത ധ്യാനി 20–-ാംസ്ഥാനത്തായി. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പാരുൾ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും എട്ടാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. പുരുഷ റിലേ ടീം ഹീറ്റ്‌സിൽ നാലാമതായപ്പോൾ വനിതകൾ അവസാനസ്ഥാനത്ത്‌. നടത്തക്കാർക്ക്‌ എവിടെയുമെത്താനായില്ല. വികാഷ്‌ സിങ് (30–-ാംസ്ഥാനം), പരംജീത്‌ സിങ്‌ ബിഷ്‌ത്‌ (37), പ്രിയങ്ക ഗോസ്വാമി (41) എന്നിവർ മങ്ങിപ്പോയി. നടത്തത്തിൽ അക്ഷദീപ്‌ സിങ്ങിനും മാരത്തൺ മിക്‌സഡ്‌ റിലേയിൽ പ്രിയങ്ക–-സുരാജ്‌ പൻവർ ടീമിനും ഫിനിഷ്‌ ചെയ്യാനായില്ല. ഹൈജമ്പിൽ സർവേഷ്‌ കുശാരെ 25–-ാംസ്ഥാനത്ത്‌ (2.15 മീറ്റർ). ലോങ്ജമ്പിൽ ജെസ്വിൻ ആൽഡ്രിൻ (7.61 മീറ്റർ) 26–-ാമതാണ്‌. ട്രിപ്പിൾജമ്പിൽ അബ്‌ദുള്ള അബൂബക്കറിനും (16.49 മീറ്റർ) പ്രവീൺ ചിത്രവേലിനും (16.25 മീറ്റർ) ഫൈനൽ ടിക്കറ്റ്‌ കിട്ടിയില്ല. അബ്‌ദുള്ള 21, പ്രവീൺ 26 സ്ഥാനങ്ങളിലേക്ക്‌ വീണു. ഷോട്ട്‌പുട്ടിൽ ദേശീയ ചാമ്പ്യനായ തജീന്ദർപാൽ സിങ്‌ ടൂറിന്റെ പ്രകടനം ദയനീയമായിരുന്നു. ഒറ്റ ത്രോ ഒഴികെ എല്ലാം ഫൗളായപ്പോൾ അവസാനസ്ഥാനം. എല്ലാവരും 19 മീറ്റർ മറികടന്നപ്പോൾ തജീന്ദർ 18.05 മീറ്ററോടെ 29–-ാം സ്ഥാനത്ത്‌. ദേശീയ റെക്കോഡ്‌ 21.77 മീറ്റർ. ജാവലിൻത്രോയിൽ നീരജ്‌ മുന്നേറിയപ്പോൾ കിഷോർകുമാർ ജെന 18–-ാമതായി. അന്നു റാണി ജാവലിൻത്രോയിൽ അവിശ്വസനീയമായി പിറകിലായി. 55.81 മീറ്ററോടെ 29–-ാംസ്ഥാനം. അന്നുവിന്റെ പേരിലുള്ള ദേശീയ റെക്കോഡ്‌ 63.24 മീറ്ററാണ്‌.   Read on deshabhimani.com

Related News