സഞ്ജു തിലകം ; ഇന്ത്യക്ക് 135 റൺ ജയം, പരമ്പര
ജൊഹന്നസ്‌ബർഗ് തിലക് വർമയുടെയും സഞ്‌ജു സാംസന്റെയും സിക്‌സറുകളിൽ ദക്ഷിണാഫ്രിക്ക വിരണ്ടു. തലങ്ങും വിലങ്ങും സിക്‌സറും ഫോറും പായിച്ച ഇരുവരും ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംപരിശാക്കി. നാലാംമത്സരത്തിൽ 135 റണ്ണിന്റെ കൂറ്റൻ ജയത്തോടെ. ട്വന്റി20 ക്രിക്കറ്റ് പരമ്പര 3–-1ന് സൂര്യകുമാർ യാദവും കൂട്ടരും സ്വന്തമാക്കി. വാണ്ടറേഴ്‌സിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റണ്ണാണ് അടിച്ചുകൂട്ടിയത്. ട്വന്റി20യിൽ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്‌കോർ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏതൊരു ടീമിന്റെയും ഉയർന്ന സ്‌കോർ. ആകെ 23 സിക്‌സറുകൾ. മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ 148ന് പുറത്തായി. സഞ്‌ജു 56 പന്തിൽ 109 ററണ്ണാണ് നേടിയത്. ഒമ്പത് സിക്‌സർ, ആറ് ഫോർ. തിലക് വർമ 47 പന്തിൽ 120. പത്ത് സിക്‌സർ, ഒമ്പത് ഫോർ. അഞ്ച് ഇന്നിങ്‌സിനിടെ സഞ്‌ജുവിന്റെ മൂന്നാംസെഞ്ചുറി. തിലകിന്റെ തുടർച്ചയായ രണ്ടാംസെഞ്ചുറി. ഇരുവരുടെയും കൂട്ടുകെട്ട് 86 പന്തിൽ 210. ട്വന്റി20യിൽ ഇന്ത്യയുടെ ഏതൊരു വിക്കറ്റിലെയും ഏറ്റവും വലിയ കൂട്ടുകെട്ട്. അഭിഷേക് ശർമയുടെ (18 പന്തിൽ 36) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. സഞ്‌ജുവിൽനിന്നാണ് റൺപൂരത്തിന്റെ വെടിക്കെട്ട് ആരംഭിക്കുന്നത്. ആദ്യകളിയിലെ സെഞ്ചുറിക്കുശേഷം തുടർച്ചയായ രണ്ട് കളിയിൽ പൂജ്യം. അതിന്റെ സമ്മർദമുണ്ടായിരുന്നു മുപ്പതുകാരന്. ആ കെട്ട് പൊട്ടിച്ചതോടെ മലയാളി ബാറ്റർ മറ്റൊരു താളത്തിലായി. അഭിഷേകുമായി ചേർന്ന് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പറപ്പിച്ചു. 51 പന്തിലാണ് സെഞ്ചുറി. ഒരു വർഷം മൂന്ന് ട്വന്റി20 സെഞ്ചുറികൾ നേടുന്ന ആദ്യ താരമായി. തിലക്, ഡർബനിൽ അവസാനിപ്പിച്ചതിൽനിന്ന് തുടങ്ങി. സഞ്‌ജുവിനെ കാഴ്‌ചക്കാരനാക്കിയുള്ള കടന്നാക്രമണമായിരുന്നു. സഞ്‌ജുവിനുശേഷം ട്വന്റി20യിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം. 41 പന്തിൽ സെഞ്ചുറി. 19–-ാം ഇന്നിങ്‌സായിരുന്നു ഇരുപത്തിരണ്ടുകാരൻ കളിച്ചത്. ദക്ഷിണാഫ്രിക്കൻ നിരയിൽ 29 പന്തിൽ 43 റണ്ണെടുത്ത ട്രിസ്‌റ്റൻ സ്‌റ്റബ്‌സ് ആണ് ടോപ് സ്‌കോർ. ഇന്ത്യക്കായി അർഷ്‌ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു. വരുൺ ചക്രവർത്തിയും അക്സർ പട്ടേലും രണ്ടെണ്ണം നേടി. സ്കോർ: ഇന്ത്യ 283/1 ദ.ആഫ്രിക്ക 148 (18.2) Read on deshabhimani.com