തുടരുമോ റൺപൂരം ; ഇന്ത്യ x ദക്ഷിണാഫ്രിക്ക അവസാന ട്വന്റി20 ഇന്ന്

image credit bcci facebook


ജൊഹന്നസ്‌ബർഗ്‌ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര നേട്ടംകുറിക്കാൻ ഇന്ത്യ. ഇന്നാണ്‌ പരമ്പരയിലെ നാലാംമത്സരം. ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. നിലവിൽ 2–-1ന്‌ മുന്നിലാണ്‌ സൂര്യകുമാർ യാദവും സംഘവും. മൂന്നാംമത്സരത്തിൽ 11 റണ്ണിനായിരുന്നു ജയം. തിലക്‌ വർമയുടെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ്‌ ഡർബനിൽ ഇന്ത്യ ജയം പിടിച്ചത്‌. പരമ്പരയിൽ രണ്ടാംതവണയും 200നുമുകളിൽ സ്‌കോർ നേടാൻ ഇന്ത്യക്ക്‌ കഴിഞ്ഞു. മറുവശത്ത്‌ രണ്ടാം ട്വന്റി20യിൽ തിരിച്ചുവന്ന ദക്ഷിണാഫ്രിക്ക ഡർബനിൽ കടുത്ത പോരാട്ടമാണ്‌ പുറത്തെടുത്തത്‌. മുൻനിര തകർന്നെങ്കിലും വാലറ്റത്ത്‌ മാർകോ ജാൻസെന്റെ വെടിക്കെട്ട്‌ പ്രകടനം അവർക്ക്‌ പ്രതീക്ഷ നൽകി. 17 പന്തിൽ 54 റണ്ണടിച്ച ജാൻസന്റെ ഇന്നിങ്‌സിൽ അഞ്ച്‌ സിക്‌സറും നാല്‌ ഫോറും ഉൾപ്പെട്ടു. ഹെൻറിച്ച്‌ ക്ലാസെൻ (22 പന്തിൽ 41) മാത്രമാണ്‌ ബാറ്റർമാരിൽ പിടിച്ചുനിന്നത്‌. മൂന്ന്‌ വിക്കറ്റെടുത്ത പേസർ അർഷ്‌ദീപ്‌ സിങ്ങിന്റെ പ്രകടനം ഇന്ത്യൻ ജയത്തിൽ നിർണായകമായി. ട്വന്റി20യിൽ കൂടുതൽ വിക്കറ്റ്‌ നേടുന്ന ഇന്ത്യൻ താരങ്ങളിൽ രണ്ടാമനായി അർഷ്‌ദീപ്‌.  92 വിക്കറ്റുമായി ഭുവനേശ്വർ കുമാറിനെ മറികടന്നു. 96 വിക്കറ്റുള്ള യുശ്‌വേന്ദ്ര ചഹാലാണ്‌ ഒന്നാമത്‌.2007ലെ ട്വന്റി20 ലോകകപ്പ്‌ ഫൈനലിൽ പാകിസ്ഥാനെ കീഴക്കി ഇന്ത്യ ചാമ്പ്യൻമാരായ വേദിയാണ്‌ ജൊഹന്നസ്‌ബർഗിലെ വാണ്ടറേഴ്‌സ്‌ സ്‌റ്റേഡിയം. ക്യാപ്‌റ്റൻ സൂര്യകുമാറിന്റെ അവസാന സെഞ്ചുറിയും ഇവിടെ വച്ചായിരുന്നു. ബാറ്റർ റിങ്കു സിങ്ങിന്റെ മോശം പ്രകടനമാണ്‌ ഇന്ത്യൻ ടീമിന്റെ നിലവിലെ ആശങ്ക. കഴിഞ്ഞ മൂന്നു കളിയിൽ 28 റണ്ണാണ്‌ ഇടംകൈയന്‌ ആകെ നേടാനായത്‌. 11, 9, 8 എന്നിങ്ങനെയാണ്‌ സ്‌കോർ. ആകെ നേരിട്ടത്‌ 34 പന്തും. തുടർച്ചയായ രണ്ട്‌ സെഞ്ചുറികൾക്കുശേഷം രണ്ടുതവണ പൂജ്യത്തിന്‌ പുറത്തായ മലയാളിതാരം സഞ്‌ജു സാംസണും സമ്മർദത്തിലാണ്‌. തുടർച്ചയായ രണ്ടു കളിയിലും ജാൻസന്റെ പന്തിൽ ബൗൾഡായാണ്‌ മടങ്ങിയത്‌. പേസർമാർക്ക്‌ ഗുണം കിട്ടുന്ന വാണ്ടറേഴ്‌സിൽ ഒരിക്കൽക്കൂടി സഞ്‌ജുവിനെ ജാൻസെൺ പരീക്ഷിച്ചേക്കും. യാഷ്‌ ദയാൽ, വിജയ്‌കുമാർ വൈശാഖ്‌ എന്നീ പേസർമാർ അവസരം കാത്തുനിൽപ്പുണ്ട്‌. ടീമിൽ മാറ്റങ്ങളുണ്ടായേക്കും. Read on deshabhimani.com

Related News