നൂറടിച്ചു, ജയമടുത്തു
പെർത്ത്> വിക്കറ്റുകൾ കടപുഴകിയ പെർത്തിൽ റണ്ണിന്റെ പൂക്കാലമൊരുക്കി ഇന്ത്യൻ ബാറ്റർമാർ. ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോൾ ജസ്‌പ്രീത് ബുമ്രയും കൂട്ടരും ജയം മണത്തു. യശസ്വി ജയ്‌സ്വാളിന്റെയും (297 പന്തിൽ 161) വിരാട് കോഹ്‌ലിയുടെയും (143 പന്തിൽ 100) മിന്നുന്ന സെഞ്ചുറികളുടെ ബലത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ആറിന് 487 റണ്ണെടുത്ത് ഡിക്ലയർ ചെയ്‌തു. ഒന്നാം ഇന്നിങ്‌സിൽ 46 റണ്ണിന്റെ ലീഡും ചേർത്ത് ഓസീസിന് മുന്നിൽവച്ചത് 534 റണ്ണിന്റെ കൂറ്റൻ ലക്ഷ്യം. എന്നാൽ, മൂന്നാംദിനം 12 റണ്ണെടുക്കുന്നതിനിടെ ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ഏഴ് വിക്കറ്റ് ശേഷിക്കെ 522 റൺ ഇനിയും വേണം. രണ്ട് വിക്കറ്റുമായി ക്യാപ്‌റ്റൻ ബുമ്രയാണ് രണ്ടാം ഇന്നിങ്‌സിലും ഓസീസിനെ വിറപ്പിച്ചത്. സ്‌കോർ: ഇന്ത്യ 150, 487/6 ഡി.; ഓസ്‌ട്രേലിയ 104, 12/3. സച്ചിൻ ടെൻഡുൽക്കറും കോഹ്‌ലിയും സെഞ്ചുറികൾകൊണ്ട് ചരിത്രമെഴുതിയ പെർത്തിൽ ഭാവി സൂപ്പർ താരത്തിന്റെ മിന്നും പ്രകടനത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ഇരുപത്തിരണ്ടുകാരൻ ജയ്‌സ്വാൾ ഓസീസിന്റെ കിടയറ്റ ബൗളിങ് നിരയുടെ ആത്മവിശ്വാസത്തെ തച്ചുതകർക്കുകയായിരുന്നു. സ്‌കോർ 95 നിൽക്കെ ജോഷ് ഹാസെൽവുഡിന്റെ ബൗൺസർ അപ്പർ കട്ടിലൂടെ സിക്‌സർ പറത്തിയായിരുന്നു ഇടംകൈയന്റെ സെഞ്ചുറി ആഘോഷം. 15 ടെസ്‌റ്റിൽ നാലാംസെഞ്ചുറി. മൂന്ന് സിക്‌സറും 15 ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ആദ്യ വിക്കറ്റിൽ കെ എൽ രാഹുലുമായി (77) ചേർന്ന് 201 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് കോഹ്‌ലിയുടെ റണ്ണൊഴുക്കായിരുന്നു. നീണ്ട 16 ഇന്നിങ്‌സുകളുടെ ഇടവേളയ്‌ക്കുശേഷം ടെസ്‌റ്റിൽ സെഞ്ചുറി പൂർത്തിയാക്കിയ മുപ്പത്താറുകാരൻ രണ്ട് സിക്‌സറും എട്ട് ഫോറും പറത്തി. ടെസ്‌റ്റിൽ 30–-ാം സെഞ്ചുറി. ആകെ 81. സെഞ്ചുറി പൂർത്തിയാക്കിയ ഉടൻ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്‌തു. ദേവ്‌ദത്ത് പടിക്കൽ (25), ഋഷഭ് പന്ത് (1), ധ്രുവ് ജുറേൽ (1) എന്നിവർ തിളങ്ങിയില്ല. വാഷിങ്‌ടൺ സുന്ദറും (94 പന്തിൽ 29), നിതീഷ് റെഡ്ഡിയും (27 പന്തിൽ 38) കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി. മറുപടിക്കെത്തിയ ഓസീസിന് നതാൻ മക്‌സ്വീനി (0), ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് (2), മാർണസ് ലബുഷെയ്‌ൻ (3) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഒരു വിക്കറ്റ് മുഹമ്മദ് സിറാജിനാണ്. കോഹ്‌ലി 27 ഇന്നിങ്‌സ് 7 സെഞ്ചുറി; ടെസ്റ്റിൽ 30, ആകെ 81 ഓസ്‌ട്രേലിയൻ മണ്ണിൽ 27–-ാം ടെസ്‌റ്റ് കളിക്കുന്ന വിരാട് കോഹ്‌ലിയുടെ ഏഴാം സെഞ്ചുറിയാണിത്. ഓസീസിനെതിരെ ആകെ ഒമ്പത് സെഞ്ചുറിയായി. പെർത്തിൽ രണ്ടാമത്തേത്. ഈവർഷത്തെ ആദ്യ രാജ്യാന്തര സെഞ്ചുറി. ടെസ്‌റ്റിൽ അവസാനമായി മൂന്നക്കം കണ്ടത് കഴിഞ്ഞവർഷം ജൂലൈയിൽ. നാലുവർഷത്തിനിടെ രണ്ട് സെഞ്ചുറികൾമാത്രമായിരുന്നു. 119 ടെസ്‌റ്റ് കളിക്കുന്ന മുപ്പത്താറുകാരന്റെ 203–-ാമത്തെ ഇന്നിങ്‌സായിരുന്നു. ടെസ്‌റ്റിൽ 30ഉം ഏകദിനത്തിൽ 50ഉം ട്വന്റി20യിൽ ഒരു സെഞ്ചുറിയുമാണ്. സൂപ്പർ യശസ്വി: 15 ടെസ്റ്റിൽ നാലാം സെഞ്ചുറി ടെസ്‌റ്റ് ക്രിക്കറ്റിൽ 16 മാസത്തെ പരിചയമാണ് യശസ്വി ജയ്‌സ്വാളിന്. ഇതിനിടെ 15 ടെസ്‌റ്റിൽ നേടിയത് നാല് സെഞ്ചുറികളും എട്ട് അർധസെഞ്ചുറികളും. നാല് സെഞ്ചുറികളിൽ നാലും 150നുമുകളിൽ. രണ്ടെണ്ണം ഇരട്ടസെഞ്ചുറി. 22–-ാംവയസ്സിൽ 1568 റണ്ണുമായി. ഈ വർഷം 35 സിക്‌സറുകൾ പറത്തി റെക്കോഡുമിട്ടു. Read on deshabhimani.com