ഇന്ത്യൻ റിലേ ടീം പോളണ്ടിൽ
പാരിസ് ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീം പോളണ്ടിൽ അവസാനവട്ട ഒരുക്കത്തിൽ. സ്‌പാലയിലെ സ്‌പോർട്‌സ് സെന്ററിലാണ് തയ്യാറെടുപ്പ്. അത്‌ലറ്റിക്‌സ് മത്സരങ്ങൾ ആഗസ്‌ത് ഒന്നുമുതലാണ്. ഒളിമ്പിക്‌സ് ചാമ്പ്യൻ നീരജ് ചോപ്ര തുർക്കിയിലെ അന്റാലിയയിലാണ്. സ്റ്റീപ്പിൾചേസ് താരങ്ങളായ അവിനാഷ് സാബ്‌ലേയും പാരുൾ ചൗധരിയും സ്വിറ്റ്‌സർലൻഡിലെ സെന്റ് മോറിറ്റ്‌സിലും. എല്ലാവരും ഞായറാഴ്‌ച പാരിസിൽ എത്താനാണ് തീരുമാനം. റിലേ ടീം അംഗങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, സന്തോഷ് തമിഴരശൻ, രാജേഷ് രമേഷ് എന്നിവർ കഠിന പരിശീലനത്തിലാണ്. കിഷോർ കുമാർ ജെന (ജാവലിൻത്രോ), ജ്യോതി യാരാജി (100 മീറ്റർ ഹർഡിൽസ്), പ്രവീൺ ചിത്രവേൽ (ട്രിപ്പിൾജമ്പ്), ജെസ്വിൻ ആൽഡ്രിൻ (ലോങ്ജമ്പ്) എന്നിവരും പോളണ്ടിലുണ്ട്. മലയാളി ട്രിപ്പിൾജമ്പ് താരം അബ്‌ദുള്ള അബൂബക്കറും നടത്തക്കാരും ബംഗളൂരുവിലെ സായി സെന്ററിലാണ്. അബ്‌ദുള്ളയുടെ റഷ്യൻ കോച്ചിന് പോളണ്ടിലേക്ക് വിസ കിട്ടിയില്ല. പോളണ്ടിലെ പരിശീലനം ടീമിന് ഗുണം ചെയ്യുമെന്ന് മുഖ്യകോച്ച് പി രാധാകൃഷ്‌ണൻനായർ പറഞ്ഞു. പാരിസിലെ അതേ കാലാവസ്ഥയും സമയക്രമവുമാണ്. ഈ സാഹചര്യം അത്‌ലീറ്റുകൾക്ക് പാരിസിലെത്തിയാൽ കാര്യങ്ങൾ എളുപ്പമാക്കും. Read on deshabhimani.com