സുവർണകാലമേ വരിക
പാരിസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്കൊരു സുവർണകാലമുണ്ടായിരുന്നു. അക്കാലത്തേക്കുള്ള തിരിച്ചുപോക്കാണ് ആഗ്രഹിക്കുന്നത്. എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലമായിരുന്നു. 41 വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഹോക്കിയിലെ മെഡൽ. ഇക്കുറി ഹർമൻ പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ടീം സ്വർണം പ്രതീക്ഷിക്കുന്നു. ഹാർദിക് സിങ്ങാണ് വൈസ് ക്യാപ്‌റ്റൻ. ക്രെയ്‌ഗ് ഫുൾട്ടൻ പരിശീലിപ്പിക്കുന്ന ടീം ശക്തരുള്ള ഗ്രൂപ്പിലാണ്. 27ന് ന്യൂസിലൻഡുമായാണ് ആദ്യകളി. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിനും മൻപ്രീത് സിങ്ങിനും നാലാം ഒളിമ്പിക്‌സാണ്. ഇന്ത്യക്കുണ്ടായിരുന്ന ആധിപത്യം തുടരാൻ ഏതെങ്കിലും ടീമിന് കഴിയുമോയെന്ന് സംശയമാണ്. 1928ൽ അരങ്ങേറ്റംമുതൽ തുടർച്ചയായി ആറ് ഒളിമ്പിക്‌സിലും സ്വർണം നേടി. തുടർച്ചയായി 30 വിജയമാണ് സ്വന്തമാക്കിയത്. ഇതുവരെ 134 മത്സരങ്ങൾ കളിച്ചതിൽ 83 ജയം. 458 ഗോളുകൾ അടിച്ചു. 1928ലും 1956ലും ഒറ്റ ഗോളും വഴങ്ങാതെയാണ് നേട്ടം. അവസാന സ്വർണം 1980 മോസ്‌കോ ഒളിമ്പിക്‌സിലാണ്. അക്കുറി 43 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 1942ൽ അമേരിക്കയ്‌ക്കെതിരെ നേടിയ 24–-1 ജയം റെക്കോഡാണ്. അന്ന് രൂപ് സിങ് പത്തും ധ്യാൻചന്ദ് എട്ടും ഗോളടിച്ചു. 1936ലെ ഫൈനലിൽ ജർമനിയെ 8–-1ന് കീഴടക്കിയതും റെക്കോഡായി നിൽക്കുന്നു. കഴിഞ്ഞതവണ ടോക്യോയിൽ സെമിയിൽ ചാമ്പ്യൻമാരായ ബൽജിയത്തോട് തോൽക്കുകയായിരുന്നു. ലൂസേഴ്‌സ് ഫൈനലിൽ ജർമനിയെ തോൽപ്പിച്ച് വെങ്കലം സ്വന്തമാക്കി. ഗോളി ശ്രീജേഷിന്റെ മികച്ച പ്രകടനം നിർണായകമായി. ഇത്തവണ 12 ടീമുകൾ രണ്ടു ഗ്രൂപ്പിലാണ്. ഇന്ത്യയുടെ ഗ്രൂപ്പിൽ ബൽജിയം, ഓസ്‌ട്രേലിയ, അർജന്റീന, ന്യൂസിലൻഡ്, അയർലൻഡ് ടീമുകളാണ്. ഒരു ഗ്രൂപ്പിൽനിന്ന് നാലു ടീമുകൾ ക്വാർട്ടറിലെത്തും. ഇന്ത്യൻ വനിതാ ടീമിന് ഇത്തവണ യോഗ്യതയില്ല.ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ 1928 ആംസ്റ്റർഡാം സ്വർണം 1932 ലോസ് ഏഞ്ചൽസ് സ്വർണം 1936 ബെർലിൻ സ്വർണം 1948 ലണ്ടൻ സ്വർണം 1952 ഹെൽസിങ്കി സ്വർണം 1956 മെൽബൺ സ്വർണം 1960 റോം വെള്ളി 1964 ടോക്യോ സ്വർണം 1968 മെക്‌സിക്കോ വെങ്കലം 1972 മ്യൂണിക് വെങ്കലം 1980 മോസ്‌കോ സ്വർണം 2020 ടോക്യോ വെങ്കലം. Read on deshabhimani.com